വായനയുടേയും അറിവിന്റെയും വസന്തകാലത്തിലേക്ക് വിദ്യാര്‍ഥികളെ കൈപിടിച്ചു നടത്താന്‍ ഇതാ പുതിയ വഴികളുമായി അധ്യാപകര്‍. യൂണിവേഴ്സിറ്റി കോളേജിന്റെ 150-ആം വാര്‍ഷികത്തിന്റെ വേളയില്‍ വിദ്യാര്‍ഥികള്‍ക്ക് 150 പുസ്തകങ്ങള്‍ സമ്മാനിക്കുന്നു. കോളേജിലെ ഇംഗ്ലീഷ് വകുപ്പാണ് ഈ വ്യത്യസ്ത ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഇ- വായനയുടെ ഇന്നത്തെ കാലത്ത് പുതിയ തലമുറയെ പുസ്തകവായനയുടെ ലോകത്തെത്തിക്കാനുള്ള പരിശ്രമം കൂടിയാണ് ഇത്. പുസ്തകവായന ഒരു സംസ്കാരമാക്കി മാറ്റാനുള്ള നീക്കമാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിലെന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവി ക്രിബുനാ വിശ്വാസ് പറയുന്നു.
കേരളത്തിലെ പ്രമുഖരുടെ കൈയില്‍നിന്ന് നേരിട്ട് പുസ്തകങ്ങള്‍ ശേഖരിച്ച് കുട്ടികള്‍ക്ക് നല്‍കുകയാണ്. എഴുത്തുകാര്‍, സിനിമ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ഭരണകര്‍ത്താക്കള്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവരുടെ പുസ്തകങ്ങളാണ് നല്‍കുന്നത്.
വെറുതെ 150 പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വായിക്കാന്‍ നല്കുകയല്ല ചെയ്യുന്നത്. എഴുത്തുകാര്‍ അവരുടെ കൈപ്പടയില്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സന്ദേശവും പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരെഴുത്തുകാരന് തന്റെ ഒരെഴുത്തുകാരന് തന്റെ കൈയൊപ്പോടു കൂടി നല്കുന്ന പുസ്തകം എല്ലാ വിദ്യാര്‍ഥികളിലും എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത.
16ന് ഉച്ചയ്ക്ക് 2 ന് കോളേജ് സെന്റിനറി ഹാളില്‍ ഒന്നാം വര്‍ഷ ബി.എ, എം.എ. വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്കി മന്ത്രി സി. രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇംഗ്ളീഷ് വകുപ്പ് സംഘടിപ്പിക്കുന്ന ‘യുണീക് എഡ്’ പ്രഭാഷണ പരമ്പരയില്‍ പുസ്തകവായന vs ഡിജിറ്റല്‍ വായന എന്ന വിഷയത്തില്‍ മന്ത്രി സംസാരിക്കും.
ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, വി.എസ്.അച്യുതാനന്ദന്, എം.ടി. വാസുദേവന്‍ നായര്‍, ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി മുസേവനി, മോഹന്‍ലാല്‍, മമ്മൂട്ടി, എം.പി.വീരേന്ദ്രകുമാര്‍ എം.പി., അടൂര്‍ ഗോപാലകൃഷ്ണന്, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായി തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ കൈയൊപ്പോടുകൂടി പുസ്തകങ്ങള്‍ നല്കി പരിപാടിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
എഴുത്തുകാരായ ജോര്‍ജ് ഓണക്കൂര്‍, ആനന്ദ്, സി.രാധാകൃഷ്ണന്, കെ.ആര്.മീര. സി.വി.ബാലകൃഷ്ണന്, സേതു, പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി, സച്ചിദാനന്ദന്, കുരീപ്പുഴ ശ്രീകുമാര്‍, വി.രാജാകൃഷ്ണന്, സി.ആര്.ഓമനക്കുട്ടന്, വൈശാഖന്, വി.ജെ.ജയിംസ്, ടി.എം.എബ്രഹാം, കെ.എല്‍.മോഹനവര്‍മ, എം.കെ.സാനു, ബി.മുരളി. ഡോ. പി.കെ. രാജശേഖരന്, കെ.പി.രാമനുണ്ണി, കെ.ഇ.എന്‍., എസ്.ജോസഫ്, പി.വി.ഷാജികുമാര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, വിജയലക്ഷ്മി, വൈക്കം മുരളി, സാറാ ജോസഫ്, സക്കറിയ, റോസ് മേരി, പെരുമ്പടവം ശ്രീധരന്, വി.കെ. കുമാരന്, ചന്ദ്രമതി തുടങ്ങിയവരും സാസ്കാരിക പ്രവര്‍ത്തകരും സിവില്‍ സര്‍വ്വീസ് ഉദ്ദ്യോഗസ്ഥരും പുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ട്.
Post Your Comments