![](https://www.eastcoastdaily.com/literature/wp-content/uploads/2016/11/article_img362.jpg)
ആര്‍. ശങ്കര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ പ്രഥമ പുരസ്‌കാരം ഡോ.വി.പി ഗംഗാധരന്. 50,001 രൂപയും കീര്‍ത്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.
അന്താരാഷ്ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകനായ ഡോ.വി.പി ഗംഗാധരന്‍ ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂള്‍, ക്രൈസ്റ്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. റേഡിയേഷന്‍ തൊറാപ്പിയിലും ജനറല്‍ മെഡിസിനിലും എം ഡി വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫെല്ലോഷിപ്പ്, ലണ്ടനിലെ റോയല്‍ മാഴ്‌സ്ഡണ്‍ ഹോസ്പിറ്റലില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പ് എന്നിവ നേടി. കാന്‍സര്‍ ചികിത്സാരംഗത്ത് സമാനതകളില്ലാത്ത നേട്ടമാണ് അദ്ദേഹം കൈവരിച്ചത്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ‘ജീവിതമെന്ന അത്ഭുതം’ 2004ല്‍ ഡി.സി ബുക്‌സ് പുറത്തിറക്കി.
ഡോ.ഡി. ബാബുപോള്‍, ഡോ.എം.ആര്‍. തമ്പാന്‍, കാട്ടൂര്‍ നാരായണപിള്ള എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. നവംബര്‍ 11ന് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരം സമ്മാനിക്കും.
ലീഡര്‍ കെ. കരുണാകരനു നല്‍കാന്‍ തീരുമാനിച്ചിരുന്ന ആര്‍. ശങ്കര്‍ അവാര്‍ഡ് മരണാനന്തര ബഹുമതിയായി ചടങ്ങില്‍ നല്‍കും. കെ.മുരളീധരന്‍ എംഎല്‍എ പുരസ്‌കാരം ഏറ്റുവാങ്ങും. കൂടാതെ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ്, കവയത്രി സുഗതകുമാരി, മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, റവ.ഡോ.ഫെര്‍ഡിനാന്റ് കയാവില്‍ എന്നിവരെയും ആദരിക്കും. ആര്‍. ശങ്കര്‍ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിക്കും.
Post Your Comments