interviewliteratureworld

പ്രസാധന രംഗത്തെ കുത്തക മുതലാളിമാര്‍ ഫാസിസ്റ്റ് സ്വഭാവം പുലര്‍ത്തുന്നു.

കെ ആര്‍ മല്ലിക/അനില്‍കുമാര്‍

 

മലയാള കഥാ ലോകത്ത് തന്റേതായ സ്ഥാനം നേടിയ എഴുത്തുകാരി കെ ആര്‍ മല്ലിക എഴുത്തും പ്രസാധനവും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയുന്നു.

എഴുത്തിനു വേണ്ടി വലിയൊരു അദ്ധ്വാനംവേണ്ടി വരുന്നുണ്ട്. എന്നാല്‍ പലപ്പോഴും പല വ്യക്തികളും വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കാതെ പോകുന്നു. ഇത്തരമൊരു അവസ്തയെപ്പറ്റിയുള്ള പ്രതികരണം എന്താണ്?

നമ്മുടെ മാധ്യമങ്ങള്‍ ചില എഴുത്തുകാരെ മാത്രം കൊണ്ടാടുവാനാണ്. ഉത്സാഹിക്കുന്നത്. അതിന് പിന്നില്‍ അവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടാകും. ഇത്തരം ബഹളങ്ങള്‍ക്കിടയില്‍ പല നല്ല പുസ്തകങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മാധ്യമങ്ങളും പബ്ലിഷേഴ്സും പുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അവിടെ ഇന്‍റലക്ച്വലായ കൊടുക്കല്‍ വാങ്ങല്‍ ഒന്നും തന്നെ നടക്കുന്നില്ല.

ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്, വിവാദമായാലെ ഒരു കൃതി പൊതു സമൂഹം ശ്രദ്ധിക്കുകയുള്ളൂ എന്നതാണ്. അതുകൊണ്ട് തന്നെ ബോധപൂര്‍വ്വമായ വിവാദ നിര്‍മ്മിതികളും ഉണ്ടാകുന്നു. ബിരിയാണി ആ വഴിയിലൊരു തുടര്‍ച്ച മാത്രമാണ്?

വായനക്കാരനെ വഴി തെറ്റിക്കുവനാണ് അതിലൂടെ പലരും ശ്രമിക്കുന്നത്. പല വിവാദങ്ങള്‍ക്കും യാതൊരു അടിസ്ഥാനവും ഇല്ലെന്നുള്ളതാണ് വാസ്തവം.  ബിരിയാണിക്ക് ശേഷം ഇന്ദുമേനോന്റെ പുലയടി എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രാചീനമായൊരു സംസ്കാരത്തെ അടയാളപ്പെടുത്തുന്ന ഒരു മികച്ച കഥയായിരുന്നു അത്. പക്ഷെ അതിനെക്കുറിച്ച്  ഒരാളും ഒരു അക്ഷരം പോലും മിണ്ടുകയുണ്ടായില്ല. യാഥാര്‍ത്യത്തില്‍ മാധ്യമ അജണ്ടകളാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്.

അസഹിഷ്ണുതയുടെ വര്‍ത്തമാനകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അത്തരമൊരു സാഹചര്യത്തോട് പ്രതികരിക്കാന്‍ എഴുത്തുകാര്‍ തയ്യാറാകുന്നില്ല. ഒരു എഴുത്തുകാരി എന്ന നിലയില്‍ സാഹിത്യ രചയിതാക്കളുടെ ഈ നിലപാടിനോട് എങ്ങനെ പ്രതികരിക്കുന്നു?

സാമൂഹ്യ പ്രശ്നങ്ങളില്‍ എഴുത്തുകാര്‍ പുലര്‍ത്തുന്ന നിസ്സംഗത അംഗീകരിക്കുവാന്‍ കഴിയില്ല. ചിലര്‍ നിസ്സംഗത പുലര്‍ത്തുമ്പോള്‍ മറ്റു ചിലര്‍ ഗൂഡലക്ഷ്യത്തോടെ പ്രതികരിക്കുന്നു. മാധ്യമ ശ്രദ്ധയും പൊതു സ്വീകാര്യതയും ഇത്തരക്കാരുടെ ലക്ഷ്യങ്ങളാണ്. അവാര്‍ഡുകളും പുരസ്കാരങ്ങളും ലക്ഷ്യമിടുന്നവരുമുണ്ട്. തനിക്ക് അനുകൂലമായ , തനിക്കു ലാഭം കിട്ടുന്ന സംഭവങ്ങളിലും വിഷയങ്ങളിലും ബോധപൂര്‍വ്വം പ്രതികരിക്കുകയും അല്ലാത്തപ്പോള്‍ നിശബ്ദരായി ഇരിക്കുകയും ചെയ്യുന്ന എഴുത്തുകാരുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടെണ്ടാതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നമ്മുടെ സാഹിത്യമണ്ഡലത്തെ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു കാര്യം ഇടതു വിരുദ്ധമായ എഴുത്തുകള്‍ ധാരാളമായി ഉണ്ടാകുന്നുവെന്ന് തിരിച്ചറിയുവാന്‍ കഴിയും. ഇതിനോടുള്ള പ്രതികരണം എന്താണ്?

ഇടതു വിരുദ്ധതയ്ക്ക് പൊതു സ്വീകാര്യത ലഭിക്കുന്ന ഒരു പ്രവണതയാണ് പൊതുവേയുള്ളത്. അതുകൊണ്ട് അതിനെ പിന്തുടരുവാന്‍ നമ്മുടെ പല എഴുത്തുകാരും തയ്യാറാകുന്നു എന്നത് ഖേദകരമാണ്. സമൂഹത്തിലും സാഹിത്യത്തിലും സംസ്കാരത്തിലും ഇടതു പക്ഷം കൊണ്ടുവന്ന മാറ്റങ്ങളെ , ചരിത്ര വസ്തുതകളെ തമസ്കരിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ എഴുതി നിറയ്ക്കുന്നത്. ഇടതു പക്ഷം വിമര്‍ശനത്തിനതീതമാണ് എന്നു ഞാന്‍വിശ്വസിക്കുന്നില്ല. പക്ഷെ ,ഇടതു പക്ഷത്തിനെ മാത്രമേ വിമര്‍ശിക്കൂയെന്ന നിലപാടു സ്വീകരിക്കുന്ന എഴുത്തുകാര്‍ പ്രതികരണം അര്‍ഹിക്കുന്ന ഒട്ടനവധി വിഷയങ്ങളില്‍ പുലര്‍ത്തുന്ന നിശബ്ദത എതിര്‍ക്കപ്പെടെണ്ടതും ചോദ്യം ചെയ്യപ്പെടെണ്ടതുമാണ്.

സമകാലിക വിഷയങ്ങളില്‍ നിന്നും ബോധപൂര്‍വ്വം നിശബ്ദത പുലര്‍ത്തുന്ന എഴുത്തുകാര്‍ പക്ഷെ , വന്‍കിട പ്രസാധകരുടെ പ്രചാരകര്‍ ആയിമാറുവാന്‍ ഉത്സാഹിക്കുന്നുണ്ട്?

ശരിയായ നിരീക്ഷണമാണത്. നമ്മുടെ മുഖ്യധാരാ എഴുത്തുകാര്‍ വന്‍കിട പ്രസാധകര്‍ക്ക് കീഴടങ്ങി നില്‍ക്കുന്നു. ഏതൊരു എഴുത്തുകാരന്റെയും ലക്‌ഷ്യം പുസ്തകം പരമാവധി വിലയ്ക്ക് വില്‍ക്കുക , പരമാവധി ആളുകള്‍ വായിക്കുക എന്നുള്ളതാണ്, അതിനായി അവര്‍ കുത്തക പ്രസാധകര്‍ പറയുന്ന നിബന്ധനകള്‍ എല്ലാം അംഗീകരിച്ചു കൊടുക്കുന്നു. പക്ഷെ , എഴുത്തുകാരന്‍ തന്‍റെ യുക്തികള്‍ പൂര്‍ണ്ണമായും അവര്‍ക്ക്കൊടുക്കുന്നതില്‍ എനിക്ക് എതിര്‍പ്പുണ്ട്. കുത്തക സ്വഭാവമില്ലാത്ത രണ്ടാം നിരക്കാരായ പ്രസാധകരിലൂടെയാണ് ഇവരില്‍ പലരും പോപുലര്‍ എഴുത്തുകാരായി മാറിയത്. കടന്നു വന്ന വഴികള്‍ പലരും മറക്കുന്നു. ഇവിടെ എഴുത്തുകാരന്‍ കുറേക്കൂടി ആര്‍ജ്ജവമുള്ളതും സ്വതന്ത്രവുമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ തയ്യാറാകണം.

കുത്തക പ്രസാധകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ എഴുത്തുകാര്‍ അവരുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കനുസൃതമായി എഴുതേണ്ടി വരുന്നു. ഇത് രചനകളെ ദുര്‍ബലമാക്കുകയല്ലേ ചെയ്യുന്നത്?

സാമൂഹ്യ പ്രതിബദ്ധതയുള്ള , സാമൂഹ്യ നവീകരണം ലക്ഷ്യമിടുന്ന കൃതികള്‍ ഇന്നു പൊതുവേ കുറവാണ്. പല എഴുത്തുകാരും പ്രസാധകരുടെ കമ്പോള താത്പര്യങ്ങളെ തന്നെ ഉന്നം വെയ്ക്കുന്നു. അതിനെ സന്ദര്‍ഭാനുസരണം മുതലാക്കുകയും ചെയ്യുന്നു. സാഹിത്യരചനയുടെ സംതൃപ്തിക്കപ്പുറത്ത് സാമ്പത്തികലാഭവും മാധ്യമ പ്രസക്തിയും ലക്ഷ്യമിട്ട് എഴുതപ്പെടുന്ന കൃതികള്‍ പൊതുവേ ദുര്‍ബ്ബലമാണ്‌. പക്ഷെ, എഴുത്തുകാര്‍ അതിനെക്കുറിച്ച് ആലോചിക്കുന്നില്ല. കാമ്പുള്ള കൃതികളേ കാലത്തെ അതിജീവിച്ച് നില്‍ക്കുകയുള്ളൂ. അല്ലാതുള്ളവ വിസ്മരിക്കപ്പെടുക തന്നെ ചെയ്യും.

പ്രസാധകരുടെ കുത്തക വല്‍ക്കരണം സാഹിത്യത്തിനും അനുവാചകനും എത്രത്തോളം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്?

വായനക്കാരന്റെ തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യവും പ്രസാധകരുടെ നിലനില്‍പ്പും നിഷേധിക്കുന്ന നിലപാടാണ് കുത്തക പ്രസാധകര്‍ പുലര്‍ത്തുന്നത്. എഴുത്തിന്റെ ലോകം വാതിലുകളും ജനലുകളുമൊന്നുമില്ലാത്ത സ്വതന്ത്രമായൊരു ലോകമാണ്. അവിടെ കുത്തക പ്രസാധകര്‍ കടന്നുകയറിഎഴുത്തുകാരെ നിശബ്ദരാക്കുന്നത് ഫാസിസത്തിന്റെ പുതിയ രൂപങ്ങളിലൊന്നാണ്. എതിര്‍പ്പിന്റെ സ്വാതന്ത്ര്യം അറിയാത്ത എഴുത്തുകാര്‍ എങ്ങനെയാണ് കേശവദേവിന്റെയും മാധവിക്കുട്ടിയുടെയും ബഷീറിന്റെയും പിന്മുറക്കരായി മാറുന്നത്?

സാഹിത്യകൃതികള്‍ പൊതുവേ സമൂഹത്തെയും സംസ്കാരത്തെയും സ്വാധീനിക്കുന്നുവെന്നാണ് ഒരു പൊതു വിശ്വാസം . വര്‍ത്തമാന കാലത്തെ എഴുത്തിന്റെ ലോകത്തെ എങ്ങനെ വിലയിരുത്തുന്നു?

ഓരോ കാലഘട്ടത്തിലും സാഹിത്യകൃതികള്‍ സമൂഹത്തെ സ്വാധീനിച്ചിരുന്നു.അക്കാര്യത്തില്‍ സംശയമില്ല. വര്‍ത്തമാനകാലത്ത് സാഹിത്യകൃതികള്‍ അത്രകണ്ട് സമൂഹത്തെ സ്വാധീനിക്കുന്നുവെന്നു വിശ്വസിക്കാന്‍ കഴിയില്ല. അക്ഷരം എഴുതുവാന്‍ കഴിയുന്നവരെല്ലാം എഴുത്തുകാരായി. എഴുത്തിന്റെ മണ്ഡലത്തില്‍ ജനാധിപത്യ വല്‍ക്കരണം നടക്കുന്നു എന്ന് പൊതുവേ പറയുന്നു.എല്ലാവരും എഴുത്തുകാരായിരിക്കുംപോള്‍ തന്നെ അവയില്‍ ബഹു ഭൂരിപക്ഷവും അതീവ ദുര്ബ്ബലങ്ങളായ, ആര്‍ക്കും വേണ്ടാത്ത പുസ്തകങ്ങളായി മാറുന്നു. അത് ഒരു വലിയ പ്രശ്നമാണ്. എഴുത്തുകാരന്റെ അറിവും അനുഭവങ്ങളുമാണ് ഒരു കൃതിയെ മികച്ചതാക്കിത്തീര്‍ക്കുന്നത്. ഒരു മികച്ച കൃതി ഉണ്ടായി വരാന്‍  ഒരുപാടു അദ്ധ്വാനവും ആത്മ സമര്‍പ്പണവും അനിവാര്യമാണ് .

shortlink

Post Your Comments

Related Articles


Back to top button