ഇന്ന് കാഴ്ചകളാണ് മനുഷ്യരെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ കാഴ്ചകളുടെ മഹാ പ്രളയ കാലത്തു പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്നതും, ഇന്റര്‍നെറ്റ് യുഗത്തില്‍ പുതിയ അറിവുകള്‍ നല്‍കുന്നതുമാണ് ഒരെഴുത്തുകാരന്‍ നേരിടുന്ന വെല്ലുവിളികളെന്നും, അത് കൊണ്ട് പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യതയാണെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. 35-ആമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഇന്ത്യന്‍ പവലിയനില്‍ മുസഫര്‍ അഹമ്മദുമായി നടന്ന ചര്‍ച്ചയില്‍ പെങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറിയവരുടെയും കുടിയിരുത്തപ്പെട്ടവരുടെയും സൃഷ്ടിയാണ് കേരളം. പ്രവാസ സാഹിത്യത്തിന്റെ വികാസത്തിന് മുന്‍ കാലങ്ങളില്‍ പ്രമുഖ സാഹിത്യകാരന്മാര്‍ തടസ്സമായിരുന്നു. എന്നാല്‍, നവമാധ്യമങ്ങളുടെ വരവോടെ സാഹിത്യലോകത്ത് എല്ലാവര്‍ക്കും അവസരങ്ങള്‍ തുറന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ മലയാള ഭാഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയതായും മക്കളെ മലയാളം പഠിപ്പിക്കാനും മലയാള ക്ലബുകള്‍ രൂപവത്കരിക്കാനും അവര്‍ താല്‍പര്യം കാണിക്കുന്നതായും ബെന്യാമിന്‍ പറഞ്ഞു.
എ കെ അബ്ദുല്‍ ഹക്കീം മോഡറേറ്റര്‍ ആയിരുന്ന ചര്‍ച്ചയില്‍ മാറുന്ന പ്രവാസ സാഹിത്യം, പ്രവാസിയുടെ ആസ്വാദന ശീലം, സോഷ്യല്‍ മീഡിയ അടക്കമുള്ള നവ മാധ്യമങ്ങള്‍ പ്രവാസിക്ക് നല്‍കുന്ന സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളേക്കുറിച്ച് ബെന്യാമിനും മുസഫര്‍ അഹമ്മദും പരാമര്‍ശിച്ചു. പ്രവാസത്തിന്റെയും, പ്രവാസിയുടെയും അര്‍ത്ഥവും തലങ്ങളും മാറുകയാണ്. അത് കൊണ്ടാണ് ഇന്ന്, വിട്ടു പോന്ന ദേശത്തേക്കാള്‍ വന്നു ചേര്‍ന്ന ദേശത്തിന്റെ കഥകള്‍ കൂടുതലായി ഉണ്ടാകുന്നതെന്ന് മുസഫര്‍ അഹമ്മദ് മറുപടി പറഞ്ഞു
Post Your Comments