literatureworldnewstopstories

അക്രമം രാഷ്ട്രീയമല്ല. അതിനെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കള്‍ രാഷ്ട്രീയക്കാരുമല്ല- പി സുരേന്ദ്രന്‍

 

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് രാഷ്ട്രീയവും ആദര്‍ശവുമായി ഒരു ബന്ധവുമില്ലെന്നും പൂര്‍ണമായും ക്രിമിനലിസം മാത്രമാണിതെന്നും എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍. കണ്ണൂരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റവാളികളെ പിന്തുണക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ കയറാന്‍ ക്രിമിനലുകളെ കൂടെ കൂട്ടാതെ പറ്റില്ല. അതിനാല്‍ ഇവരെ പിന്തുണക്കേണ്ടി വരുന്നു. തുടക്കത്തില്‍ മാത്രമാണ് ഇത്തരം അക്രമങ്ങള്‍ക്ക് രാഷ്ട്രീയ മുഖം ഉണ്ടാവുക. അഫ്ഗാനിസ്താനില്‍ താലിബാന്‍െറ അവസ്ഥ ഇപ്പോഴെന്താണ്?. അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പെന്ന നിലയിലാണ് താലിബാന്‍ രൂപം കൊള്ളുന്നത്. പിന്നീട് ആയുധക്കടത്തിന്‍െറയും മയക്കുമരുന്ന് കടത്തിന്‍െറയും അക്രമത്തിന്‍െറയും സംഘമായി മാറി. ഇത്തരം അക്രമങ്ങള്‍ പതുക്കെപ്പതുക്കെ വലിയ തോതിലുള്ള അധോലോകമായി മാറും.

ജനാധിപത്യത്തിനൊപ്പമാണെന്ന് പറയുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നരീതിയാണ് ഇവിടെ കാണുന്നത്. അത്   ശരിയല്ല. ഇത്തരക്കാര്‍  ജനാധിപത്യത്തിനൊപ്പമല്ല. 99 ശതമാനം സത്യമെന്ന് ഒരു സത്യമില്ല, ശരിയോ നുണയോ മാത്രമേയുള്ളു. അപ്പോള്‍  നുണ പറയുന്ന ഇക്കൂട്ടരെ നമ്മള്‍ തിരിച്ചറിയണം. ക്രിമിനലുകള്‍ രാഷ്ട്രീയക്കാരല്ല. കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന വലിയ നേതാവുണ്ടെങ്കില്‍ അയാള്‍ നേതാവല്ല, ക്രിമിനലാണ്. ഇത്തരക്കാരെ ജയിലിലടക്കുകയാണ് വേണ്ടത്. കേരളം രൂപവത്കരിച്ചിട്ട് 60 വര്‍ഷമായെങ്കിലും ഇപ്പോഴും തീരാത്ത മുറിവാണ് കണ്ണൂരിലേത്. ഇവിടെ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കും രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നിരുപാധിക പിന്തുണയുണ്ട്. കേരളം ഒരു ഗ്യാങ്വാറിലേക്ക് പോകുമ്പോഴുണ്ടാകുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്.

ജനാധിപത്യത്തിലൂടെയാണ് ഫൈറ്റ്  ചെയ്തു രാഷ്ട്രീയം  വളര്‍ത്തേണ്ടുന്നതിനു പകരം കത്തി ഉപയോഗിക്കുകയാണ് ഇവിടെ.   കത്തി ഉപയോഗിച്ചല്ല രാഷ്ട്രീയം വളര്‍ത്തേണ്ടത്. അക്രമങ്ങളെയും രക്തസാക്ഷികളെയും ആദര്‍ശവത്കരിക്കുന്നതിന് താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. രാജന്‍ കോരമ്പത്തേ്, സി. ശശി, എടക്കാട് പ്രേമരാജന്‍, സുനില്‍കുമാര്‍ തളിപ്പറമ്പ്, മേരി എബ്രഹാം, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സണ്ണി അമ്പാട്ട് സ്വാഗതം പറഞ്ഞു.

shortlink

Post Your Comments

Related Articles


Back to top button