ഒരുനേരത്തെ ആഹാരം കിട്ടാതെ കുട്ടികള്‍ മരിക്കുന്ന ആദിവാസിഗ്രാമങ്ങളുടെ അരികില്‍ തന്നെ വമ്പന്‍ ഷോപ്പിംഗ് മാളുകളും തിളങ്ങുന്ന കാര്‍ ഷോറൂമുകളും ഉണ്ടാകുന്നത് എങ്ങനെ എന്ന അമ്പരപ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു മറുപടി പറയുന്ന (ചിന്തിപ്പിക്കുന്ന) ഒരു പുസ്തം. അതാണ് ഇക്കണോമിസ്റ്റ് മാസിക ആധുനികകാല (കാള്‍) മാര്‍ക്സ് എന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ “ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി”. ലോകം മുഴവന്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഈ പുസ്തകം.
വ്യവസായവിപ്ലവം മുതലുള്ള അസമത്വത്തിന്റെ ചരിത്രം വരച്ചുകാട്ടുന്ന ഈ പുസ്തകം പിക്കറ്റിയുടെയും മറ്റുചില സാമ്പത്തികശാസ്ത്രജ്ഞരുടേയും ഒരു ദശാബ്ദക്കാലത്തെ ഗവേഷണത്തിന്റെ ഫലമാണ്. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ സമൂഹം ഉച്ചനീചത്വങ്ങളുടേതായിരുന്നു. ദേശീയ ആദായത്തെ ചെറുതാക്കുന്ന സ്വകാര്യമൂലധനം വളരെ കുറച്ചു ധനികകുടുംബങ്ങളുടെ കൈവശമായിരുന്നു. അവരാണ് കെട്ടുറപ്പുള്ള ഒരു വര്‍ഗഘടനയുടെ ഏറ്റവും മേലേത്തട്ടില്‍. വ്യവസായവല്കരണത്തിലൂടെ തൊഴിലാളികളുടെ വേതനം ഉയര്‍ന്നുവന്നെങ്കിലും ഈ ഘടനയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല.
ഈ രീതിക്ക് മാറ്റമുണ്ടായത് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ കൊണ്ടുവന്ന പ്രശ്നങ്ങളോടെയാണ്. നികുതിവര്‍ദ്ധനയും വിലക്കയറ്റവും പാപ്പരത്തവും വെല്‍ഫെയര്‍ സ്റ്റേറ്റുകളുടെ വരവും ഒക്കെ നിമിത്തം മൂലധനം നാടകീയമായി ചുരുങ്ങി. വരുമാനവും ധനവും ഏറെക്കുറെ തുല്യമായി വീതിക്കപ്പെടുന്ന അവസ്ഥയുണ്ടായി. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഈ ഞെട്ടലുകള്‍ മാറി വീണ്ടും മൂലധനത്തിന്റെ തള്ളിക്കയറ്റം ഉണ്ടാവുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിനു മുന്പ് ഉണ്ടായിരുന്ന അതേ രീതിയിലാണ് ഇന്ന് ആധുനികസമ്പദ് വ്യവസ്ഥകളില്‍ മൂലധനത്തിന്റെ പ്രാധാന്യം എന്നാണ് പിക്കറ്റിയുടെ വാദം.
ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച ഒരു സമൂഹത്തിന്റെ ധനത്തിന്റെ പ്രാധാന്യം കുറയ്ക്കുമ്പോള്‍ പതിയെയുള്ള വളര്‍ച്ച ധനത്തിന്റെ പ്രാധാന്യം കൂട്ടുകയാണ് ചെയ്യുന്നത്. ടെക്നോളജിയിലൂടെയൊ ജനസംഖ്യ വര്‍ദ്ധനയിലൂടെയോ ഗവണ്‍മെന്‍റ് ഇടപെടലിലൂടെയോ ഒക്കെയാണ് മാര്‍ക്സിനെ പേടിപ്പിച്ച പാട്രിമോണിയല്‍ ക്യാപ്പിറ്റലിസം തടയാന്‍ സമ്പദ് വ്യവസ്ഥകള്‍ക്ക് സാധിക്കുന്നത്. ധനത്തിനുമേല്‍ ഗവണ്‍മെന്‍റുകള്‍ ഒരു ആഗോളനികുതി ഏര്‍പ്പെടുത്തണമെന്നും സാമ്പത്തികമോ രാഷ്ട്രീയമോ ആയ അസമത്വങ്ങള്‍ തടയാന്‍ ഇത് ഉപയോഗിക്കപ്പെടുത്തണമെന്നും പിക്കറ്റി പുസ്തകത്തില്‍ പറയുന്നു.
പുസ്തകത്തിന് ധാരാളം വിമര്‍ശങ്ങളുമുണ്ട്.പാരമ്പര്യ സ്വത്തില്ലാത്ത അതി സമ്പന്നര്‍ ഇന്നുണ്ട്. അവര്‍ക്ക് അവരുടെ ജോലിയിലൂടെയാണ് ധനം ലഭിക്കുന്നത്. പിക്കറ്റിയുടെ നയ ശുപാര്‍ശകള്‍ സാമ്പത്തികശാസ്ത്രപരമായല്ല തത്വശാസ്ത്രപരമായി ഉണ്ടായവയാണെന്നും അത് ഗുണത്തെക്കാള്‍ ദോഷമാകും ചെയ്യുക എന്നും പറയുന്നവരുണ്ട്. വിമര്‍ശനങ്ങള്‍ എന്തും ആകട്ടെ. മനുഷ്യനെ അവന്റെ സമ്പത്ത് വ്യവസ്ഥിതിയും ലോകത്തെയും അളക്കാന്‍ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
Post Your Comments