indepthliteratureworldnewstopstories

പ്രൊഫ. ജോസഫ്‌ മുണ്ടശേരി ഓർമയായിട്ട് 39 വർഷം

 
പ്രഭാഷകൻ, നിരൂപകൻ, നോവലിസ്റ്റ്‌, വിദ്യാഭ്യാസ ചിന്തകൻ എന്നിങ്ങനെ വിവിധ മുഖങ്ങള്‍ അണിഞ്ഞ പണ്ഡിതനാണ് പ്രൊഫ. മുണ്ടശേരി. കേരളത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ ചരിത്രത്തിൽ ആഴത്തിൽ രേഖപ്പെടുത്തിയ പേരാണ്‌ പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരിയുടേത്‌. 1957ലെ ആദ്യകമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു പ്രൊഫ. മുണ്ടശേരി. വിദ്യാഭ്യാസത്തെ മാനേജ്മെന്റുകളുടെ സ്വേച്ഛാധിപത്യത്തിൽ നിന്ന്‌ മോചിപ്പിക്കാനും സ്വകാര്യസ്കൂൾ അധ്യാപകരെ അടിമത്തത്തിൽ നിന്ന്‌ മോചിപ്പിക്കാനും വേണ്ടി അവതരിപ്പിച്ച ആ ബില്ലാണ്‌ 57ലെ മന്ത്രിസഭയെ പിരിച്ചു വിടാൻ കാരണമായത്‌. ഇതോടെ ജാതി-മത ശക്തികൾ സംഘടിക്കുകയും, ബാലറ്റുപേപ്പറിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യകമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അട്ടിമറിക്കുകയും ചെയ്തു.
തീർത്തും ദരിദ്രമായ സാഹചര്യങ്ങളിൽ നിന്നും വളര്‍ന്നു വന്ന മുണ്ടശേരി  1926ൽ ബിരുദം നേടിയ ശേഷം തൃശൂർ സെന്റ്‌ തോമസ്‌ കോളജിൽ ഭൗതികശാസ്ത്രത്തിൽ ഡെമോൺസ്ട്രേറ്ററായി. 1928ൽ മലയാളം എംഎ കരസ്ഥമാക്കിയ മുണ്ടശേരി സെന്റ്‌ തോമസിൽ പ്രഫസറായി. എംപി പോളിനോടൊപ്പം കോളജിൽ അധ്യാപകനായി പ്രവർത്തിച്ചത്‌ മുണ്ടശേരിയുടെ സൗന്ദര്യബോധത്തേയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ചു. അതിനു തെളിവാണ് അദ്ദേഹത്തിന്‍റെ നിരൂപണങ്ങള്‍. 1952ൽ മുണ്ടശേരിയെ മാനേജ്മെന്റ്‌ കോളജിൽ നിന്ന്‌ പുറത്താക്കി. അതിനോട്ടുള്ള മധുര പ്രതികാരമായിരുന്നു ഇഎംഎസിന്റെ ആദ്യമന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിസ്ഥാനം.

മലയാള സാഹിത്യവിമർശനത്തിലെ വേറിട്ട ശബ്ദമായിരുന്നു പ്രൊഫ. മുണ്ടശേരിയുടേത്‌. ‘മാറ്റൊലി’ എന്ന പുസ്തകത്തിൽ ആശാനെ കവികളുടെ കവി എന്ന്‌ പ്രൊഫ. മുണ്ടശേരി സംബോധന ചെയ്തു. വള്ളത്തോളിനെതിരെ ഗുണദോഷ സമ്മിശ്രമായ നിരൂപണം നടത്തിയ മുണ്ടശേരി ഉള്ളൂരിനെ അതിരൂക്ഷമായി ആക്രമിച്ചു. നാടകീയതയാണ്‌ കവിതയുടെ ആത്മാവ്‌ എന്ന്‌ നിരീക്ഷിച്ചുകൊണ്ട്‌ ഉള്ളൂരിനെ കടന്നാക്രമിച്ചു. മലയാള കവിതയിലെ പ്രതാപശാലിയായ ഉള്ളൂരിന്റെ വിഗ്രഹത്തെ ഉടച്ചുകൊണ്ട്‌ വലിയ കലാപങ്ങൾക്കാണ്‌ മുണ്ടശേരി തുടക്കമിട്ടത്‌. മാർക്ക്സിയൻ ദർശനവും ടെയിന്റെ സമൂഹ്യശാസ്ത്ര വിമർശന കാഴ്ചപ്പാടുമായിരുന്നു മുണ്ടശേരിയുടെ സൗന്ദര്യബോധത്തെ നിർണയിച്ചത്‌. പുരാണകഥയിൽ ശാപകഥകൂടി ചേർത്തുകൊണ്ട്‌ ശകുന്തളയെ മറന്നുപോയതിന്‌ ദുഷ്യന്തനെ ന്യായീകരിക്കുന്ന കാളിദാസനെ കണക്കറ്റ്‌ വിമർശിച്ചുകൊണ്ടാണ്‌ സാമൂഹ്യശാസ്ത്ര വിമർശനത്തിന്‌ എല്ലുറപ്പുള്ള പശ്ചാത്തലം അദ്ദേഹം ഒരുക്കിയത്‌. അതുകൊണ്ട് തന്നെ സാമൂഹ്യശാസ്ത്രവിമര്‍ശനത്തിന് അടിത്തറ ഇട്ടത് മുണ്ടശേരിയാണെന്ന് പറയാം. കാളിദാസൻ കാലത്തിന്റെ ദാസനായിരുന്നുവെന്ന്‌ ‘കാലത്തിന്റെ കണ്ണാടി’ എന്നലേഖനത്തില്‍ അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു.

മയൂരസന്ദേശത്തെ കടന്നാക്രമിച്ചുകൊണ്ട്‌ സന്ദേശം അതൊന്നേയുള്ളു എന്നും അത്‌ മേഘസന്ദേശമാണെന്നും പറഞ്ഞ്‌ കേരളവർമ്മ വലിയകോയിതമ്പുരാനെയും ശബ്ദാഢംബരത്തിൽ ശ്രദ്ധ കാണിച്ച ജി ശങ്കരക്കുറുപ്പിനെയും മുണ്ടശ്ശേരി വിമര്‍ശിക്കുന്നു. ‘കാവ്യപീഠിക’ എന്ന പുസ്തകത്തിൽ അരിസ്റ്റോട്ടിൽ മുതൽ റിച്ചാർഡ്സ്‌ വരെയുള്ളവരുടെയും ഭരതമുനി മുതൽ കുന്തകൻ വരെയുള്ളവരുടെയും സാഹിത്യ സിദ്ധാന്തങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ കലയുടെ ആസ്വാദനത്തിൽ കിഴക്കും പടിഞ്ഞാറും ഒന്നാകാനേ തരമുള്ളുവെന്ന്‌ പറഞ്ഞുവയ്ക്കുകയാണ്‌ പ്രൊഫ. മുണ്ടശേരി. കാലഘട്ടത്തിന്റെ അഭിരുചി മനസ്സിലാക്കി അതിനനുകൂലമായ, സൗന്ദര്യപരമായ പശ്ചാത്തലമൊരുക്കിയ വിമർശകനായ മുണ്ടശേരി 1977 ഒക്ടോബർ 25ന്‌ തന്‍റെ യാത്രകള്‍ അവസാനിപ്പിച്ചു.

 

shortlink

Post Your Comments

Related Articles


Back to top button