by/ ശശികല മേനോന്‍
സാക്ഷാല്‍ ശ്രീ മഹാദേവനു പോലും പൂര്‍ണ്ണത കൈവരിക്കണമെങ്കില്‍ ശക്തി അഥവാ സ്ത്രീ കൂടിയേ തീരു… അര്‍ദ്ധനാരീശ്വരനെന്ന സങ്കല്പം വെറും ബാഹ്യമായ ഒന്നല്ലല്ലോ! പുരുഷനും പ്രകൃതിയും എന്ന പ്രപഞ്ചസാരം തന്നെ എല്ലാ അര്‍ത്ഥത്തിലും സ്ത്രീ ശക്തിയെ പ്രകീര്‍ത്തിക്കുന്ന, പ്രകടമായി പ്രോജ്ജ്വലിപ്പിക്കുന്ന ഒന്നാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രധാന വ്യത്യാസം സ്ത്രീക്ക് അമ്മയാവാനുള്ള കഴിവ് തന്നെയാണ്. പ്രപഞ്ച നിലനില്‍പ്പിനുള്ള സൃഷ്ടി കര്‍മ്മം അതിന്‍റെ എല്ലവേദനയോടും നിര്‍വൃതിയോടും നിര്‍വഹിക്കുന്ന ഒരു സ്ത്രീ ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഒരു പിടി മുന്നിലാണെന്ന് നിസ്സംശയം പറയാം. ചിത്രകാരന്‍ ചായം നല്‍കുന്നതുപോലെ കവി കവിതഎഴുതുന്നത് പോലെ സൂക്ഷ്മമായി ഹൃദ്യമായി ഊഷ്മളമായി സ്നേഹിക്കപ്പെടെണ്ട ഒരു അപൂര്‍വ്വ പ്രതിഭാസമാണ് സ്ത്രീ.
നമ്മുടെ പുരാണേതിഹാസങ്ങളില്‍ സ്ത്രീ കഥാപത്രങ്ങള്‍ക്കുള്ള പ്രാധാന്യം നമുക്കറിയാം. കഥാ തന്തു തന്നെ മാറ്റി മറിക്കപ്പെട്ട എത്രയോ ശക്തമായ സ്ത്രീ സാന്നിദ്ധ്യം നാം വായിച്ചറിഞ്ഞിട്ടുണ്ട്. ജന്മം കൊടുക്കുവാന്‍ പ്രകൃതി തിരഞ്ഞെടുത്തത് തീര്‍ച്ചയായും സ്ത്രീയെയാണ്. പെണ്ണു ഏതു വിധത്തിലായാലും പുരുഷന്‍റെ അടിമയാണ് എന്ന ധാരണയില്‍ എന്ത് അതിക്രമവും കാട്ടുന്ന ഒരു കാലഘട്ടമാണ് ഇത്. ഇപ്പോള്‍ വളരെ മാറ്റം വന്നിട്ടുണ്ടെങ്കില്‍ പോലും, സന്ധ്യക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുവാന്‍ എത്ര പേര്‍ക്ക് ഇന്ന് ധൈര്യമുണ്ട്. പെണ്‍കുട്ടികള്‍ പുറത്തു പോയാല്‍ തിരിച്ചു വരുന്നത് വരെ നെഞ്ചിടിപ്പില്ലാതെ ഏത്അമ്മയ്ക്ക് ഇന്ന് ഇരിക്കാന്‍ കഴിയും? ജിഷമാരും സൌമ്യമാരും അമ്മമാരുടെ ഹൃദയം നീട്ടുന്നാ ഈ കാലഘട്ടത്തില്‍ ഇരുപതു കൈകളാലും പത്തു കാലുകളാലും മക്കളെ മാരോട് ചേര്‍ക്കുകയേ നിവര്‍ത്തിയുള്ളൂ. ഇതിനു അപവാദമില്ലെന്നല്ലാ – മക്കളെ കൊല്ലുന്ന, വിലപേശി വില്‍ക്കുന്ന, കാമുകന് കാഴ്ച വയ്ക്കുന്ന അമ്മമാരും ഇന്നുണ്ട്. വാസ്തവത്തില്‍ കലികാലം എന്ന് പറഞ്ഞു ഒഴിയാമെങ്കിലും ഈ വൈകൃതത്തിന്റെ, മാനസികമായ വൈകൃതത്തിന്റെ ഭീകരത ഭയാനകമാണ്. എവിടെയും നന്മക്ക് വിപരീതമായി ഒരു തിന്മയുടെ നേര്‍കാഴ്ച ഉണ്ടെന്നു സമാധാനിക്കുകയേ വഴിയുള്ളൂ.
ഒരു കുഞ്ഞിന്‍റെ ആദ്യ ബന്ധു അമ്മയാണ്. ആ ബന്ധം ശിഥിലമായാല്‍ ജീവിതം ഒട്ടുമുക്കാലും ശിഥിലമാവുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ അമ്മയുടെ ഉത്തരവാദിത്തം ഏറെയാണ്. എന്തെല്ലാം ഭാവങ്ങളിലൂടെയാണ്, അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ ജീവിതം കടന്നു പോകുന്നത്. ഉയര്‍ന്ന ഭരണം മുതല്‍ ശാസ്ത്രലോകം മുതല്‍- എന്തിനും ഏതിനും പുരുഷന് സമം നില്‍ക്കത്ത രീതിയില്‍ കഴിവുകള്‍ സ്ത്രീക്കുമുണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍പോലും അര്‍ഹിക്കുന്ന ആദരവ് അവള്‍ക്ക്ക് ലഭിക്കുന്നുണ്ടോ?
ഒരോ മാനവികതയുടെ ഭാഗങ്ങള്‍ തന്നെയാണ് സ്ത്രീയും പുരുഷനും. ജ്ഞാനമാര്‍ജ്ജിക്കാന്‍ അശക്തയാണ് സ്ത്രീ എന്നൊരു അവബോധം പണ്ട് മുതലേ ഉള്ളതാണല്ലോ? ഇന്ന് മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. കടംകൊണ്ട അറിവ് കൊണ്ട് ഉയരങ്ങളിലേക്ക് കുതിക്കുന്ന ലോകത്തില്‍ അനുഭവജ്ഞാനമെന്ന അറിവ് കൊണ്ട് സൂര്യ ശോഭ പ്രസരിക്കുന്ന ഒന്നുമാത്രമാണ് സ്ത്രീ.
അടിച്ചേല്‍പ്പിക്കുന്ന വ്യഥകളോടും അടിമത്തത്തോടും നമുക്ക് പ്രതികരിക്കേണ്ടതുണ്ട്. അതിന്റെ അര്‍ഥം ഭര്‍ത്താവിനയോ മകനെയോ തള്ളിപ്പറയുകയല്ല . കുന്നിക്കുരുവോളം സ്നേഹം തന്നാല്‍ കുന്നിനോളം തിരിച്ചു കൊടുക്കാന്‍ സ്ത്രീക്ക് ഒരു മടിയുമില്ല. യഥാര്‍ത്ഥ വിമോചനമെന്നാല്‍ അനുകരണമല്ല. തീര്‍ച്ച! പുരുഷന്മാര്‍ സിഗരറ്റ് വലിച്ചാല്‍ സ്ത്രീയും വലിക്കുന്നു, അവന്‍ മദ്യപിച്ചാല്‍ അവളും അനുകരിക്കുന്നു. അങ്ങനെ പുരുഷനാവാന്‍ ശ്രമിക്കലല്ലല്ലോ വിമോചനം. ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ആര്‍ഹിക്കുന്ന അംഗീകാരം മാത്രം മതി. പ്രതിഫലം ഒന്നും വേണ്ട.
കുഞ്ഞു ജനിക്കുമ്പോളാണ് അമ്മയും ജനിക്കുക. അതൊരു പുനര്‍ജന്മം തന്നെയാണ്. സ്വന്തം സ്വത്വം ജീവനൊന്നു മുന്നില്‍ വളരുന്ന, വളര്‍ത്തുന്ന മനോഹരമായ ഒരു പ്രക്രിയ! ശാരീരികമായി വേര്‍പെട്ടാലും കാലമെത്ര കഴിഞ്ഞാലും ആത്മീയമായ ഒരു ബന്ധം അമ്മയും കുഞ്ഞും തമ്മിലുണ്ട്. ഒരു നല്ല കുടുംബത്തിന് പകരം വയ്ക്കവുന്നതായി ഒന്നുമില്ല. അത് ശക്തമായി മുന്നോട്ടു കൊണ്ട് പോകാന്‍ ഒരു സ്ത്രീക്കേ കഴിയൂ. അതിന്‍റെ അര്‍ഥം അടുക്കളയില്‍ ഒതുങ്ങണം എന്നല്ല. ഒരുപാട് ഉയരങ്ങളിലേക്ക് പോകാം. ആകാശത്തോളം വളരാം. പക്ഷേ വേരുകള്‍ മണ്ണില്‍ ആഴത്തില്‍ ഉറയ്ക്കണം. സ്നേഹമെന്ന പച്ചില ചാര്‍ത്തിന്റെ തണലില്‍ കുടുംബത്തിനും ചുറ്റുമുള്ളവര്‍ക്കും സാന്ത്വനവും അഭയവുമേകണം. പരസ്പരം മനസിലാക്കിയാല്‍ നമുക്കൊരുത്തര്‍ക്കും മനോഹരമായ ജീവിതം, കുടുംബം, സൌഹൃദങ്ങള്‍ എല്ലാം കെട്ടിപ്പടുക്കാം. നിബന്ധനകളില്ലാത്ത സ്നേഹം അതിമധുരമാണ്. ഒരു സ്ത്രീയാണെന്നതില്‍ നമുക്ക് അഭിമാനിക്കാം.
Post Your Comments