bookreviewliteratureworld

മനം കുളിര്‍പ്പിച്ചൊരു വനയാത്ര

 

യാത്രകള്‍ എന്നും മനുഷ്യര്‍ക്ക് ഇഷ്ടമാണ്. പ്രത്യേകിച്ചും മനസ് കുളിര്‍ക്കുന്ന കാനന ഭംഗി ആരെയും ആകര്‍ഷിക്കും.  പച്ചപ്പും നദികളും ജീവജാലങ്ങളും കാടിന്‍റെ വന്യതയേ  സൌന്ദര്യ ദേവതയാക്കുന്നു.  കുളിരേകുന്ന തണുത്ത കാറ്റും പതഞ്ഞൊഴുകുന്ന നദികളും ശബ്ദങ്ങളും നമ്മെ കൂട്ടികൊണ്ട് പോകുന്നു. കാടറിഞ്ഞ, അതിന്‍റെ വന്യത ആസ്വദിച്ച ആര്‍ വിനോദ് കുമാര്‍ തന്‍റെ കാടനുഭവം എന്ന കൃതിയിലൂടെ വായനക്കാരനെയും കാട് അനുഭൂതിയാക്കി അതില്‍ അലിയിക്കുന്നു. ഒരു യാത്ര  തരുന്ന അനുഭൂതി പകര്‍ന്നു തരാന്‍ ഈ പുസ്തകത്തിനു കഴിയുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വനയാത്ര എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇവിടെ വായിക്കാം ………………..   

ഇത്തവണ കുടുംബമായിട്ടാണ് വനത്തിലെത്തിയത്. മകള്‍ക്കു കാട് കാണണമെന്ന് അതിയായ ആഗ്രഹം. അവള്‍ക്ക് പത്തു വയസ്സ്. ഇക്കാലമിത്രയും അവള്‍ കാട് കണ്ടിട്ടില്ല. ഞാനിടയ്ക്കിടയ്ക്ക് കാട്ടിലേയ്ക്കു പോകുമ്പോഴെല്ലാം അവള്‍ സ്വന്തം ആഗ്രഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു. അതിനാലാണ് ഇത്തവണ കുടുംബത്തോടൊപ്പം വയനാട്ടിലേയ്ക്കു തിരിച്ചത്. കാടിനെക്കുറിച്ചൊരു ധാരണ എന്റെ മോള്‍ക്ക് ഞാന്‍ പറഞ്ഞു കൊടുത്തിരുന്നു. അതിനു ശേഷമായിരുന്നു യാത്ര. ഞങ്ങളുടെ കൂടെ സുഹൃത്തായ ബിജുലാലും കുടംബവുമുണ്ടായിരുന്നു. ബിജുവിന് രണ്ട് പെണ്‍കുട്ടികള്‍. യാത്ര കാറില്‍.

കുട്ടികള്‍ക്ക് കാട് എന്ന് പറഞ്ഞാല്‍ വലിയ സസ്തനികളാണ്. ആനയും പോത്തും മാനുമെല്ലാം കണ്ടാല്‍ അവരുടെ മനസ്സ് നിറയും. പക്ഷെ അവയെ കാണാന്‍ വേണ്ടി കാട്ടില്‍ കയറരുത്. കാട്ടില്‍ സസ്തനികള്‍ അല്ലാതെ മറ്റെന്തെല്ലാമുണ്ട്? എത്രതരം സസ്യങ്ങള്‍, കൂണുകള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍, സൂക്ഷ്മജീവികള്‍.

ഉച്ചകഴിഞ്ഞ നേരത്തായിരുന്നു മുത്തങ്ങയിലെത്തിയത്. പക്ഷെ അവിടെ എത്തിയപ്പോള്‍ മഴയുടെ വരവറിയിച്ച് കാട് ആഹ്ലാദവതിയായിരിക്കുന്നു. നേര്‍ത്ത മഴ ഞങ്ങളുടെ വരവിനെ സ്വാഗതം ചെയ്തു കൊണ്ടെത്തി. മുത്തങ്ങയില്‍ നിന്നും ജീപ്പിലാണ് വനത്തില്‍ പ്രവേശിച്ചത്. വരവ് മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ജീപ്പ് കാട്ടിനുള്ളിലേയ്ക്ക് കടന്നു. ജീപ്പിന്റെ പിന്നില്‍ ഞാന്‍ എഴുന്നേറ്റു നിന്നു. പിന്നില്‍ എഴുന്നേറ്റു നില്ക്കുന്നത് സാഹസികമാണ്. എന്നാല്‍, ദൂരെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകവുമാണ്. വന്യജീവികളുടെ സാന്നിധ്യം കണ്ടാല്‍ ഞാനതറിയിക്കും. ഉടനെ ആ കാഴ്ചയ്ക്കു വേണ്ടി ജീപ്പിനുള്ളിലുള്ളവര്‍ തയ്യാറാകും.

മഴ നനഞ്ഞ് ജീപ്പ് കാനനവഴിയിലുടെ തുള്ളിക്കളിച്ചും ആടിയുലഞ്ഞും മുന്നോട്ട് നീങ്ങി. ചെളിയും വെള്ളവും നിറഞ്ഞ ഈ വഴിയിലൂടെ എത്ര തവണ ഞാന്‍ പോയിരിക്കുന്നു. വഴിയില്‍ പുള്ളിമാനുകളും മലമാനുകളും മയിലുകളും, കാട്ടുപോത്തുകളും അഴകുള്ള ദര്‍ശനങ്ങള്‍ നല്‍കി. കുട്ടികള്‍ക്ക് സന്തോഷം. അവര്‍ ഓരോ വന്യജീവിയേയും ആഹ്ലാദത്തോടെ വരവേറ്റു.

വഴിയിലൊരിടത്ത് ജീപ്പ് നിര്‍ത്തി. മഴയുണ്ട്. എങ്കിലും എല്ലാവരും പുറത്തിറങ്ങി. കുട്ടികള്‍ കാടിനെ ആദ്യമായി സ്പര്‍ശിക്കുകയാണ്. അവര്‍ കാടിന്റെ ലാവണ്യം നുകര്‍ന്നു. കുട്ടികളെ കണ്ടാവണം മഴ പെട്ടെന്ന് മാറി. മഴ നനഞ്ഞ് മരങ്ങളും വള്ളികളും ഏതോ മാസ്മരിക ലഹരിയിലേക്കു വഴുതുന്നു. ഇലത്തലപ്പുകളിലാകെ ജലകണികകള്‍. ചുറ്റും ഹരിതവര്‍ണ്ണം മാത്രം. പറവകളുടെ മനോഹരമായ ശബ്ദങ്ങള്‍ കര്‍ണ്ണദ്വയങ്ങള്‍ക്ക് ഇമ്പം പകര്‍ന്നു. വീണ്‍ണ്ടും യാത്ര തുടര്‍ന്നു.

വഴിയില്‍ പിന്നെയും മയിലുകള്‍. പീലിയുള്ളവയും ഇല്ലാത്തവയും. അവയും മഴ ആസ്വദിക്കുകയാണ്. ഒപ്പം ഹനുമാന്‍ കുരങ്ങുകളും. ജീപ്പിലാകെ ആരവങ്ങള്‍. ആ സന്തോഷം ജീപ്പും സ്വായത്തമാക്കി. ജീപ്പ് സന്തോഷത്തോടെ പലവട്ടം മഴ വെള്ളം കെട്ടിനില്ക്കുന്ന വഴിയിലെ കുഴികളില്‍ ചാടിത്തിമിര്‍ത്തു.

സാവധാനം കുട്ടികളില്‍ ഒരു നിരാശ പടര്‍ന്നു. എന്തോ ഒന്നിനെ അവര്‍ പ്രതീക്ഷിച്ചിരിക്കുന്നു. എന്താണത്?
images-1മറ്റൊന്നുമല്ല. കരയിലെ ഏറ്റവും വലിയ ജീവിയെത്തന്നെ.
ആനയുടെ നേര്‍ക്കാഴ്ച!
എന്നാല്‍ ആനയെ കണ്ടില്ല.
ആനയെ കാണിച്ചുതരാമെന്ന് ജീപ്പ് ഡ്രൈവര്‍.
മഴ തിമിര്‍ക്കാന്‍ തുടങ്ങി.
അന്തരീക്ഷം തണുത്തുറഞ്ഞു. തണുപ്പ് ശരീരത്തിലേയ്ക്കു തുളച്ചുകയറുന്നു. കരിവീരനെ തേടി കാട്ടിലൂടെ
ജീപ്പ് മുന്നോട്ട്.

മുത്തങ്ങയില്‍ ഞാന്‍ വന്നപ്പോഴെല്ലാം ധാരാളം ആനകളെ കണ്ടിട്ടുണ്ട്. ഒരിക്കലും ആനകളെ കാണാതെ മടങ്ങിയിട്ടില്ല. പക്ഷെ ഇപ്പോള്‍ ആനയെ കാണുന്നില്ല.
ഈശ്വരാ എന്റെ കുട്ടികള്‍ക്കു ആനയെ കാണാതെ മടങ്ങേണ്ടി വരുമോ? ഇല്ലെന്ന് മനസ്സില്‍ തോന്നി. ഈ വനദേവത ഒരിക്കലും എന്നെ നിരാശപ്പെടുത്തില്ലെന്ന് ഉള്ളം പറഞ്ഞു.
മഴക്കാറുള്ളതിനാല്‍ കാട് പെട്ടെന്ന് മൂടിക്കെട്ടി. വെളിച്ചക്കുറവ് അനുഭവപ്പെട്ടു. ഇനി ഫലമില്ല. ഇത്രയും യാത്ര ചെയ്തിട്ടും ആനയെ കണ്ടില്ലല്ലോ. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകളുളള വന്യജീവി സങ്കേതമാണ് വയനാട്. ഇന്നിതാ, ഒരാന പോലുമില്ല. ഒടുവില്‍ മടങ്ങാന്‍ തീരുമാനിച്ചു.

കാട്ടില്‍ വന്ന് വന്യജീവികളെ കാണുക എന്നത് ഒരു മഹാഭാഗ്യമാണ്. നമ്മുടെ കൂട്ടത്തില്‍ ആ ഭാഗ്യമില്ലാത്ത ആരോ ഉണ്ടാവും.
മടക്കയാത്ര മറ്റൊരു വഴിയിലൂടെയായിരുന്നു.
കാടിന് നടുവിലൂടെ ജീപ്പ് മടങ്ങാന്‍ തുടങ്ങി. കാട്ടുറോഡിന്റെ ഇരുവശത്തും നിന്ന് കാട് അകലേയ്ക്കു വ്യാപിച്ചു കിടക്കുന്നു. മഴ പനിനീര്‍ പൊഴിച്ച് മുത്തങ്ങയെ മസൃണമാക്കുകയാണ്. മഴയില്‍ കുതിര്‍ന്ന് നിരാശനായ ജീപ്പ് സാവധാനം മുന്നോട്ട്. പെട്ടെന്നാണ് ഞാനാ കാഴ്ച കണ്‍ത്.
ജീപ്പ് പോകുന്ന പാതയ്ക്ക് അല്പം മാറി ഒരാനക്കൂട്ടം.
എന്റെ ഉള്ളമാകെ ആഹ്ലാദം കൊണ്ട് വിങ്ങി.
ആ കാഴ്ച ജീപ്പിലുളളവര്‍ കണ്ടല്ല. ഞാന്‍ ആ വിവരം അവരെ അറിയിച്ചു. പൊടുന്നനെ ജീപ്പിനുള്ളില്‍ ഒരാരവം! ശേഷം ആകാംക്ഷയോടെയുളള നിശ്ശബ്ദത. എല്ലാവരും ശ്വാസമടക്കി കരിവീരരെ കാണാന്‍ തയ്യാറായി.
ജീപ്പിന്റെ ഇരമ്പല്‍ കേട്ട് ആനക്കൂട്ടം ഒന്നിളകി. ഇപ്പോള്‍ ജീപ്പ് ആനയുടെ അടുത്തെത്തി. ജീപ്പിന്റെ വശത്തായിട്ടാണ് ആനക്കൂട്ടം. അല്പം muthaga-wildlife-sanctuary-300x105അടുത്തു തന്നെ. ആകാംക്ഷ കലര്‍ന്ന സന്തോഷത്തോടെ ആനക്കൂട്ടത്തെ നോക്കി. അവയില്‍ കുട്ടി ഉള്‍പ്പെടെ പത്തോളം എണ്ണമുണ്ടു. കുട്ടി കുസ്യതി കാട്ടി നില്ക്കുകയാണ്. കുട്ടിയുള്ളതിനാലാവും മറ്റാനകള്‍ ജാഗരൂകരായി. അതില്‍ ഒരണ്ണം പൊടുന്നനെ ജീപ്പിനു നേരെ തിരിഞ്ഞു. ഒറ്റകുതിപ്പ്. ജീപ്പിനുള്ളില്‍ നിലവിളി !
ജീപ്പ് മുന്നോട്ട് കുതിച്ചു. ഇപ്പോള്‍ ആന ജീപ്പ് പോകുന്ന വഴിത്താരയില്‍, ജീപ്പിനെ നോക്കി നടക്കുകയാണ്.
ജീപ്പിന് പിന്നില്‍ ഞാന്‍ നില്ക്കുകയാണ്. ഞാനും ആനയും മുഖാമുഖം.
അവിശ്വസനീയമായൊരു കാഴ്ചയാണ് പിന്നീടുണ്ടായത്. കുതിച്ചു വന്ന കരിവീരന്‍ സഡന്‍ ബ്രേക്ക് ഇട്ടതുപോലെ നിന്നു. ഒപ്പം ജീപ്പും.
എനിക്കു പിന്നിലായി എന്നെയും നോക്കി ഏതാണ്ട് പതിനഞ്ചു മീറ്റര്‍ അകലെയായി നില്ക്കുകയാണ് സഹ്യന്റെ പുത്രന്‍. ജീപ്പിനു പിന്നില്‍ നില്ക്കുന്നതിനാല്‍ ജീപ്പിനകത്തിരിക്കുന്നവരെക്കാള്‍ നന്നായി ആന കാണുന്നത് എന്നെയായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
എന്റെ ജീവിതത്തില്‍ ആനയെ വളരെയടുത്തു കണ്ട അവസരങ്ങളില്‍ ഒന്നാണിത്. ജീപ്പ് എന്തിനും തയ്യാറായി കിതച്ചു കൊണ്ട് നില്ക്കുകയാണ്.
ജീപ്പിനുള്ളിലിരിക്കുന്നവര്‍ എന്നോട് അകത്ത് കയറി ഇരിക്കാന്‍ പറയുന്നുണ്ട്. പക്ഷെ അതിമനോഹരമായ കാഴ്ചയാണ് എനിക്കു മുന്നിലുള്ളത്. ഒരു ഭയവുമില്ലാതെ ഞാന്‍ കരിവീരനെ നോക്കി നിന്നു. അത് എന്നെയും നോക്കിനിന്നു. എന്തു സംഭവിക്കാം.
‘ആന ഓടി വരും, ജീപ്പിനകത്തു കയറൂ’ എimages-1ന്ന് സഹധര്‍മ്മിണി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നുണ്ട്. പക്ഷെ എന്റെ മനസ്സും ശരീരവും മുന്നിലെ ആനയില്‍ മാത്രമായിരുന്നു. ആന തുമ്പി ഉയര്‍ത്തി. വീണ്ടും ജീപ്പില്‍ ആകാംക്ഷയുടെ പിറുപിറുക്കല്‍. ആ തുമ്പി എനിക്കു നേരെയാണ്…….. എന്തോ സന്ദേശമായിരിക്കാമത്. മനസ്സ് അങ്ങനെയാണ് പറഞ്ഞത്.
തുമ്പി ഉയര്‍ത്തിയും കാത് വീശിയും കാലുകള്‍ ചലിപ്പിക്കാതെ അത് എന്നോട് എന്തോ ഉരിയാടിയിരിക്കാം. നിമിഷങ്ങള്‍ നീണ്ടു. ആന മാറിയില്ല. ജീപ്പും. ആസ്വാദനത്തിനപ്പുറം, ഭയത്തിനപ്പുറം പ്രകൃതിലേയ്ക്കുള്ള നേര്‍ക്കാഴ്ച.
അപ്പോഴും അല്പം മാറി മറ്റാനകള്‍ തീറ്റ തേടുന്നുണ്ടായിരുന്നു. അക്കാഴ്ചയും ജീപ്പിലിരുന്ന് കാണാമായിരുന്നു. ഏറെ നേരം അങ്ങനെ കഴിഞ്ഞു. ഒടുവില്‍ ഞാന്‍ ജീപ്പിനുള്ളിലേയ്ക്ക് കയറാതെ നില്ക്കുന്നത് കണ്ടാവും മടങ്ങിപ്പോകാമെന്ന് സ്ത്രീ സ്വരങ്ങള്‍ ഉയര്‍ന്നു.
അങ്ങനെ ജീപ്പ് സാവധാനം നീങ്ങി. ഞാനപ്പോള്‍ കൈയ്യുയര്‍ത്തി കരിവീരനോട് വിടവാങ്ങല്‍ അറിയിച്ചു. അപ്പോഴും ആ ഹ്‌സ്തി അങ്ങനെത്തനെ നോക്കി നില്ക്കുകയാണ്. പൊരുളറിയാതെ ജീപ്പകന്നു. 
അപ്പോള്‍ ജീപ്പിനുള്ളില്‍ നിന്നും ആരോ ചോദിച്ചു: ‘വിനോദിനെ കണ്ടപ്പോള്‍ ആന പെട്ടെന്നെന്താ നിന്നത്?
മറുപടിയും ജീപ്പിനുള്ളില്‍ നിന്നും ഉണ്ടായി ‘വിനോദിനെ കണ്ട് ആന ഭയന്നിരിക്കും.’
ജീപ്പാകെ ഒരു പൊട്ടിച്ചിരിയിലാഴ്ന്നു.
എന്നാല്‍ എന്റെ മനസ്സ് പറഞ്ഞു അത് കാടിന്റെ കാരുണ്യമാണെന്ന്.
ഉവ്വ്, ആ കാരുണ്യത്തിലാണ് മനുഷ്യനെന്ന ഇരുകാലി മൃഗങ്ങള്‍ ജീവിക്കുന്നത്.
അപ്പോഴും മഴ അമൃത ധാരയായി കാടിനെ അനുഗ്രഹിക്കുന്നുണ്ടായിരുന്നു.

 വനയാത്ര

ആര്‍ വിനോദ്കുമാര്‍

ഡി സി ബുക്സ്, കോട്ടയം

വില :110   

 

shortlink

Post Your Comments

Related Articles


Back to top button