literatureworldshort story

ലവ് ഡ്രോപ്സ് ഒഴുകുന്ന രാവുകൾ

സാറ സുൽകുന്ദെ

“ഒരിക്കലും പൂക്കൾ വിരിഞ്ഞിട്ടില്ലാത്ത ഗുൽമോഹർ മരങ്ങളുടെ തണലിൽ നീയെന്നെ കൂട്ടിക്കൊണ്ടു പോയ സായന്തനങ്ങൾ ഓർക്കുന്നുണ്ടാവും അല്ലേ..?”
ഒന്നും പറയാനാകാതെ ബിയർ ഗ്ലാസിലേയ്ക്ക് നോക്കിയിരുന്നു മാർക്‌ ടെൽഹൌസി..
“നിങ്ങൾ ആരാണെന്നറിയാതെ നിങ്ങൾക്ക് കത്തുകൾ അയച്ചുകൊണ്ടെയിരുന്നത് എന്റെ മാത്രം തെറ്റാണ് , ഫാഷൻ മാഗസിനുകളിൽ വന്ന നിങ്ങളുടെ ചിത്രങ്ങൾ കാട്ടി ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ മോഡലുകളിൽ ഒരാളാണെന്ന് നീയെന്നു മിലി അന്ന് പറഞ്ഞപ്പോൾ വെറുമൊരു ചിത്രമായി തള്ളിക്കളഞ്ഞാൽ മതിയായിരുന്നു.”
“സാറാ…. പാരിസിൽ ലാ കർറ്റിസിന്റെ വിവാഹവസ്ത്രങ്ങളുടെ ഷോ വിട്ടെറിഞ്ഞാണ് ഞാൻ നിന്റെ മുന്നിൽ ഈ ബിയർ പാർലറിൽ ഇരിക്കുന്നത്. ഒരു മോഡൽ എന്നനിലയിൽ എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രതിഫലവും പ്രശസ്തിയുമാണതെന്നു നിനക്കറിയാമല്ലോ. എന്റെ ചോദ്യത്തിനുത്തരം തരൂ , നിരവധി തവണ ചോദിച്ചതാണ്… നവംബർ ഇരുപത്തിയഞ്ചാം തീയതി നീ ഗോവയ്ക്ക് പോയതെന്തിന് എന്നെനിക്കറിഞ്ഞേ തീരൂ”“ചിലകാര്യങ്ങൾ നീയറിയേണ്ടാത്തവയാണെന്ന് എനിക്ക് തോന്നി .. ഞാൻ ഒരു സ്വതന്ത്രവ്യക്തിയാണ് മാർക്. എനിക്ക് ഗോവയ്ക്ക് പോകണം എന്ന് തോന്നി .. ഞാൻ പോയി. അത്രതന്നെ.”
അടുത്ത ഗ്ലാസ്‌ ബിയർ എന്റെ ഗ്ലാസ്സിലെയ്ക്ക് നുരഞ്ഞു പൊങ്ങുമ്പോൾ
അയാളുടെ മുഖത്ത് ഏഴു മഹാസാഗരങ്ങൾ ഒരുമിച്ചു ഒഴുകിയടുക്കുന്നുണ്ടായിരുന്നു. ഒരു സുനാമി വരും പോലെ..
പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് പുറത്തെടുത്തു വെളിയിലേയ്ക്ക് നോക്കി അങ്ങനെയിരുന്നു അയാൾ. സിഗരറ്റിന്റെ പുക ഒരു മറവു സൃഷ്ടിച്ചു ഞങ്ങൾക്കിടയിൽ , ഒപ്പം വല്ലാത്ത ഒരു ശാന്തതയും.
“എന്നെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ ഞാൻ തിരികെ വരാതെയിരിക്കുമെന്ന്? ” നിശബ്ദതയുടെ ആഴമളക്കുന്ന അളവുകോലായി ആ ചോദ്യം ?
“ഇന്ത്യയിൽ നിന്നും റൊമാനിയയിലെ എന്റെ വീട്ടിൽ കാത്തുകിടക്കുന്ന നിന്റെ കുറെ കത്തുകൾക്ക് വേണ്ടിയായിരുന്നു മെട്രോ നഗരങ്ങളുടെ ഗാഡതയിൽ നിന്ന് രക്ഷപെട്ട് ഞാൻ എപ്പോഴും എത്തിയിരുന്നത്. ഓർമ്മകൾ അടങ്ങുന്ന മുറിയിൽ നിന്റെ ജോർജ്ജറ്റ് സാരി എന്റെ ഷർട്ടുകൾക്ക് മീതെ വിശ്രമിക്കുന്നുണ്ട് .
സാറാ.. എന്റെ സ്വപ്നങ്ങളുടെ തടവറയുടെ താക്കോലും നിന്റെ കൈയ്യിലാണ്.. ” ആ വാക്കുകളുടെ പൊട്ടിയ ചില്ലുകളൊന്നിൽ തട്ടിതേങ്ങുന്ന എന്റെ ഹൃദയം വീണുടഞ്ഞു.
“മാർക്ക്.. പ്രണയം വെറും തോന്നലുകളുടെ കൂടാരമാണ്. നിന്റെ മനസിന്റെ സന്തോഷത്തിനു വേണ്ടി നീയെന്നെ പ്രണയിക്കുന്നു.. എന്റെ സന്തോഷങ്ങൾ നിന്റെ മുന്നിൽ അടിയറവു വയ്പ്പിച്ചു എന്നെ ഒരു പരിചാരകയായി കൂടെകൂട്ടുന്നു. എപ്പോഴും നിന്റെ പുഞ്ചിരി മായ്ക്കാതിരിക്കാൻ ഞാൻ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
വിൽഫ്രെട്‌ കൊണ്ട് വരാറുണ്ടായിരുന്ന ഘാനസ്കിയൻ വിസ്കിയെ അവസാനപെഗ്ഗായി ഗ്ലാസിൽ ഒഴിച്ചു തരുന്നത് ഞാനായിരുന്നു.നീയതിനെ ലവ്ഡ്രോപ്പ്സ് എന്ന് വിളിക്കുമായിരുന്നു.. ഏപ്രിലിലെ തണുപ്പില്ലാത്തഒരു മധ്യരാത്രിയിൽ എന്റെ കൈ തട്ടി തറയിൽ വീണു ചിതറിയ ആ ഗ്ലാസിൽ നിന്നും ചോർന്ന് പോയത്.. എന്റെ ഹൃദയമായിരുന്നു,മാർക്ക്”
മനസ്സിനെ കീറിമുറിച്ചൊരു കൊള്ളിയാൻ ആ രാത്രിയിലെപ്പോലെ ..
“സാറാ.. ഇങ്ങനെ പരാതി പറഞ്ഞു പരസ്പരം കുത്തിനോവിച്ചു വീണ്ടും ദൂരങ്ങളിലേയ്ക്ക്‌ മാറിയിരിക്കാനല്ല ഞാൻ വന്നത് .. അതല്ല, നീ മൌനം പാലിക്കുന്നെങ്കിൽ ഒരിക്കലും അടുക്കാനാകാത്ത ദൂരങ്ങളിലേയ്ക്ക്‌ ഞാനും നീയും മാറ്റപ്പെട്ടുവെന്നും വരാം.”
ഗോവയിലെ കവലോസിം ബീച്ചിലെ റോയൽ പാംസ് റിസോർട്ടിലെ
ഒന്നാം നിലയിലെ അഞ്ചാമത്തെ പ്രസിഡന്റ്‌ഷ്യൽ റൂമിൽ പതിവുപോലെ മാർക്ക്‌ ടെൽഹൌസി പ്രീയതമയെ ചേർത്ത് നിർത്തി ഗിറ്റാർ വായിച്ചില്ല.
കടലോരത്ത് നിന്ന് അനുവാദം കൂടാതെ മുറിയിലേക്ക് കടന്നു വന്ന കാറ്റിന് ഒരുതരം ശോകഗാനത്തിന്റെതെന്ന പോലെ നെടുവീർപ്പുമുണ്ടായിരുന്നു..
“മാർക്ക്… .. നിന്റെ നീലക്കണ്ണുകളും നീളൻ മുടിയും പിന്നെ കൈവിരളുകൾക്കിടയിൽ പുകയുന്ന ഈ സിഗരറ്റും വിട്ടുപോകാൻ എന്തു കൊണ്ടോ കഴിയുന്നില്ല.. നിന്റെ ചോദ്യത്തിനുത്തരം നൽകാതെ ഇത്രയും നാൾ ഒഴിഞ്ഞുമാറിയത് എന്താണെന്നു എനിക്ക് തന്നെ അറിയില്ല ..” ഒരു കവിൾ ബീയർ അന്നാദ്യമായി എന്റെ തൊണ്ടയിൽ തടഞ്ഞു നിന്നു.
” പീറ്റർ ഫിഫീൽഡിനെ കൊല്ലാനാണ് ഞാൻ അന്നിവിടെ വന്നത്… അയാൾ എന്റെ കണ്ണുകളെയാണ് പിന്തുടരുന്നത്.. അയാളുടെ മരിച്ചുപോയ ആദ്യ ഭാര്യ സ്റ്റെല്ലയുടെ കണ്ണുകൾപോലെയാണ് എന്റെ കണ്ണുകളെന്ന് നിനക്ക് മുന്നിൽവച്ചല്ലേ അയാൾ പറഞ്ഞത്. പതിവായി എന്റെ ബെഡ് റൂമിന്റെ ഗ്ലാസ്‌ ജനാലയ്ക്കൽ വന്നു രാത്രി മുഴുവൻ എന്നെ നോക്കി നിൽക്കുമായിരുന്നു.. അയാൾ എന്നെ വിട്ടുപോകാൻ വേണ്ടിയാണ് ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞത്.. ഇനി നീ ഇന്ത്യയിലേക്ക് വന്നാൽ നിന്നെ ഭൂമിയിലവശേഷിപ്പിക്കില്ലെന്നാണ് ഭീഷണിപ്പെടുത്തിയത്.. അന്ന് ഗോവയിൽ അയാൾക്ക് വേണ്ടി സയനൈഡ് ഗുളികളുമായി ഞാൻ കാത്തിരുന്നു… പക്ഷെ അയാൾ വന്നില്ല.. പിന്നെ ഞാനയാളെ കണ്ടിട്ടുമില്ല.”
“എന്നോട് പറയാമായിരുന്നു ഇതിനു മുൻപേ..”
എന്റെ ചുണ്ടിലെ സിഗരറ്റ് കൊളുത്തിത്തന്ന് മാർക്ക് ഇത്തിരി കഠിനമായി പറഞ്ഞു.
ഇന്ന് ഗോവൻ ഫെനിയുടെ മാസ്മരികതിയിൽ ഞാനും നീയുമുറങ്ങും… നാളെക്കഴിഞ്ഞാൽ റൊമാനിയയുടെ ഹൃദയച്ചുവപ്പുകൊണ്ട് പുലരും വരെയും എന്റെ ക്യാൻവാസിൽ നീ ചിത്രങ്ങൾ വരയ്ക്കണം.. പാരിസിലെ റാമ്പിൽ എനിക്കായി നീ കാഴ്ച്ചക്കാരിയാകണം..
” മാർക്ക്‌ , ഇതിന്നവസാന പെഗ് , മൂന്നുവർഷത്തിനു ശേഷം ഞാൻ നിനക്കൊഴിക്കുന്ന ലവ്ഡ്രോപ്പ്സ്”
ക്ലോക്കിൽ മണി നാലടിച്ചു.. പുതപ്പിനുള്ളിലെ നിശ്വാസങ്ങൾ താളത്തിൽ ഒന്ന് ചേർന്നു. പുറത്ത് ജനാലയ്ക്കൽ അവരെ നോക്കിനില്ക്കുന്ന ജ്വലിക്കുന്ന രണ്ടു കണ്ണുകളവർ കണ്ടിരുന്നില്ല!

shortlink

Post Your Comments

Related Articles


Back to top button