indepthliteratureworldnews

കാവാലം ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ്

 

മലയാളിയുടെ മനസ്സില്‍ മായാത്ത തനതു മുദ്ര പതിപ്പിച്ച കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കരുടെ വിയോഗത്തിന് ഒരു വയസ്സ്. തനതു നാടകവേദിയുടെ തലതൊട്ടപ്പനായി മലയാളനാടകപ്പെരുമയെ ലോകമെങ്ങും കൈപിടിച്ചു നടത്തിയ വ്യക്തിയാണ് കാവാലം നാരായണപ്പണിക്കര്‍. കാവാലം ചുണ്ടനിലൂടെ മാത്രം അറിയപ്പെട്ട കുട്ടനാടന്‍ ഗ്രാമത്തെ ലോകത്തിനു മുന്നില്‍ മറ്റൊരു ഭാവ തലത്തില്‍, മലയാളത്തിന്റെയും കേരളത്തിന്റെയും മുഖ മുദ്രയായ കഥകളി, ഓട്ടന്‍തുള്ളല്‍, കൂത്ത്, കൂടിയാട്ടം തുടങ്ങിയ ക്ളാസിക്കല്‍ കലകളുടെയും തെയ്യവും തിറയും പടയണിയും ഉള്‍പ്പെടുന്ന അനുഷ്ഠാനകലകളുടെയും കാക്കാരിശ്ശി നാടകംപോലുള്ള നാടോടി കലാരൂപങ്ങളുടെയും പാരമ്പര്യവും സവിശേഷതകളും സന്നിവേശിപ്പിച്ച് പ്രാദേശിക തനിമയിലൂടെ അദ്ദേഹം പരിചയപ്പെടുത്തി.

പരമ്പരാഗത നാടക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതികൊണ്ട് നാടകത്തെ നിറപ്പൊലിമയിലൂടെ, ചടുലചലനങ്ങളുമായി തുറസായ സ്ഥലത്തേക്കുപോലും ഇറക്കിക്കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനു ആദ്ദേഹം മുതിര്‍ന്നതിന്റെ പ്രധാന കാരണം അതുവരെയുണ്ടായിരുന്ന നാടകങ്ങള്‍ക്ക് മലയാളിയുടെ ആത്മഭാവമായി മാറാൻ സാധിച്ചില്ലെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകൾ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നാടന്‍ പാട്ടുകളും നാടോടിപ്പാട്ടുകളും വായ്മൊഴിയായി പകര്‍ന്നുവന്ന പഴഞ്ചൊല്ലുകളുമൊക്കെ നാടകത്തില്‍ ഉള്‍ച്ചേര്‍ത്തു.

യഥാതഥ(Realistic) നാടകങ്ങളുടെ ബാഹുല്യവും അവയുടെ പ്രമേയസ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും പ്രകടമായ കൃത്രിമത്വവും, ക്രമേണ നാടോടിക്കലകളിലേക്കും തനതുപാരമ്പര്യങ്ങളിലേക്കും തിരിയുവാൻ കാവാലം ഉൾപ്പെടെയുള്ള നാടകപ്രവർത്തകരെ പ്രേരിപ്പിച്ചു. നാടോടിക്കലകളുടെ സ്വീകാര്യമായ അംശങ്ങൾ സംയോജിപ്പിച്ച്‌, നൃത്തം, ഗീതം, വാദ്യം എന്നിവയിൽ അധിഷ്ഠിതമായ തൗര്യത്രിക രംഗാവതരണരീതിയാണ് കാവാലം നാരായണപണിക്കർ തന്റെ നാടകങ്ങളിൽ പ്രയോഗിച്ചത്. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങളോടും താളാത്മകമായ ചുവടുവെപ്പുകളോടുംകൂടി പാരമ്പര്യ നാടകവേദികളിൽ നിന്നും വ്യതിചലിച്ച്‌ തുറസ്സായ സ്ഥലത്തുപോലും അവതരിപ്പിക്കപ്പെടുന്ന കാവാലത്തിന്റെ ശൈലി ഏറെ പ്രേക്ഷകരുടെ മനം കവരുന്നു.

26 നാടകങ്ങള്‍ എഴുതിയ കാവാലം ഷേക്സിപിയര്‍ നാടകങ്ങളും കാളിദാസന്റേയും ഭാസന്റേയുമൊക്കെ സംസ്കൃത നാടകങ്ങളും മൊഴിമാറ്റി അവതരിപ്പിച്ചു. അവനവന്‍ കടമ്പ, കര്‍ണ്ണഭാരം, ദൈവത്താര്‍, കരിംകുട്ടി, നാടകചക്രം, കൈകുറ്റപ്പാട്, ഒറ്റയാന്‍ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. രാമായണവും ഗ്രീക്ക് ഇതിഹാസമായ ഇലിയഡും സംയോജിപ്പിപ്പ ‘ഇലിയായണ’ അവതരിപ്പിക്കാന്‍ അദ്ദേഹം ഗ്രീക്കു കലാകാരന്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. നിരവധി സിനിമകള്‍ക്ക് ഗാനമെഴുതിയ അദ്ദേഹത്തിനു വള്ളത്താള്‍ അവാര്‍ഡും കാളിദാസ് സമ്മാനും പത്മഭൂഷണും തേടിയെത്തി.

1928 ഏപ്രില്‍ 28ന് കാവാലം ചാലയില്‍ ഗോദവര്‍മ്മയുടെയും കുഞ്ഞുലക്ഷ്മിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ആലപ്പുഴ എസ് ഡി കോളേജിലും കോട്ടയം സിഎംഎസ് കോളേജിലും മദ്രാസ് ലോ കോളേജിലുമായിരുന്നു. അരങ്ങൊഴിഞ്ഞുവെങ്കിലും കുട്ടനാടിന്റെ താളവും ലാളിത്യവും പ്രകൃതിയുംപോലെ, ‘ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം’ എന്ന നാടന്‍ ശീലുകളിലൂടെ കാവാലം കലോപാസകരെ ഇപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു.

shortlink

Post Your Comments

Related Articles


Back to top button