literatureworldnewstopstories

വായന; വെളിച്ചത്തിലേക്കുള്ള മാര്‍ഗദീപം

 
 
സാക്ഷരകേരളത്തിന്റെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്ന അറിവിന്റെ മഹത്വം വിളിച്ചോതി മറ്റൊരു വായന ദിനം കൂടി. ജൂണ്‍ 19 മലയാളികളെ സംബന്ധിച്ച് വെറുമൊരു ദിനം അല്ല, ഇന്ന് നാം അന്തസ്സോടെ ഉയര്‍ത്തിക്കാട്ടുന്ന സമ്പൂര്ണ സാക്ഷരതയും, മലയാളിയെ വായനയുടെ പ്രാധാന്യവും അതുവഴി അത്ഭുത ലോകത്തിലേക്കും കൈപിടിച്ചെത്തിക്കാന്‍ ശ്രമിച്ച മഹത് വ്യക്തികളുടെ ത്യാഗത്തിന്റെ ദിനംകൂടിയാണ്. അത്തരത്തില്‍ പ്രഥമ സ്മരണീയനായ വ്യക്തിയാണ് പുതുവായില്‍ നാരായണപണിക്കര്‍ എന്ന പി.എന്‍.പണിക്കര്‍.
 
കേരളം മുഴുവന്‍ യാത്രചെയ്ത് വായനയുടെ വിലയറിയിച്ച പണിക്കര്‍ വായിക്കാനുള്ള സാഹചര്യവും സൃഷ്ടിച്ചു.കേരളത്തിന്റെ തെക്കേയറ്റംമുതല്‍ വടക്കേയറ്റംവരെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു അത്. മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായി കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം തഴച്ചുവളര്‍ന്നത് പി.എന്‍.പണിക്കരുടെ ശ്രമഫലമായാണ്. 1909-ല്‍ കോട്ടയത്തെ നീലംപേരൂരിലാണ് പി.എന്‍. പണിക്കര്‍ ജനിച്ചത്. കൂട്ടുകാരോടൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് പി.എന്‍. പണിക്കര്‍ നാട്ടിലൊരു വായനശാലയുണ്ടാക്കി. 1926ല്‍ തന്‍റെ 17-ആം വയസില്‍. പി.എന്‍.പണിക്കര്‍ സനാതനധര്‍മം വായനശാല എന്നായിരുന്നു ലൈബ്രറിയുടെ പേര്. അത് വിജയിച്ചതോടെ മറ്റു പ്രദേശങ്ങളിലും ഇത്തരം വായനശാലകള്‍ രൂപീകരിക്കാന്‍ അദ്ദേഹം നേതൃത്വം കൊടുത്തു.
 
കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകള്‍ രൂപീകരിക്കാനും അവ വായനശാലകള്‍ മാത്രമായി ഒതുങ്ങാതെ അതത് ദേശത്തെ സാംസ്കാരിക കേന്ദ്രങ്ങളായി ഉയര്‍ത്താനും അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞു. തിരുവിതാംകൂറിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് ഗ്രന്ഥശാലാസംഘം രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തതും പിന്‍.എന്‍. പണിക്കരാണ്. 1977-ല്‍ ഗ്രന്ഥശാലാ സംഘത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. കേരള പബ്ലിക് ലൈബ്രറി ആക്റ്റ് നിലവില്‍ വന്നതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായാണ്.
 
കേരളത്തിലെ നിരക്ഷരത തുടച്ചുനീക്കാന്‍ ആദ്യം മുന്‍കൈയെടുത്തതും പി.എന്‍. പണിക്കരാണ്. ഇതിനായി കേരള അനൗപചാരിക വിദ്യാഭ്യാസ സമിതിയായ കാന്‍ ഫെഡ് (കേരള അസോസിയേഷന്‍ ഫോര്‍ നോന്ഫോര്മല്‍ എജുക്കേഷന്‍ ആന്‍ഡ്‌ ഡെവലപ്പ്മെന്റ്‍) രൂപീകരിച്ചു. കാന്‍ഫെഡിന്‍റെ നേതൃത്വത്തില്‍ വായനശാലകളിലൂടെയും ക്ലബുകളിലൂടെയും സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. എഴുത്തു പഠിച്ച് കരുത്തരാകുക, വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാകുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കേരളത്തിനു നല്‍കിയതും അദ്ദേഹമാണ്.‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ പുത്തനൊരായുധമാണു നിനക്കതു പുസ്തകം കയ്യിലെടുത്തോളൂ…..” എന്നത് കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന വാക്കുകളാണ്.
 
സാക്ഷരത പ്രചരിപ്പിക്കാനും വായനയെ പ്രോത്സാഹിപ്പിക്കാനും അതിന്റെ പ്രചാരകര്‍ തെരുവുതോറും പാടിനടന്ന കവിത. പട്ടിണിയാണെങ്കിലും നീ വായന ശീലിച്ചാല്‍ നിന്നെ പട്ടിണിക്കിട്ടവനോട്, പട്ടിണിയാകാന്‍ സാഹചര്യമൊരുക്കിയവനോട് നിവര്‍ന്നുനിന്ന് ചോദ്യംചോദിക്കാനുള്ള ആയുധമാകുമെന്നതായിരുന്നു ആ കവിത നല്‍കിയ സന്ദേശം. ലോകത്തില്‍ വിജയം കൈവരിച്ചവരുടെ എല്ലാം പൊതുഘടകമായി കാണുവാന്‍ സാധിക്കുന്നത് അവരുടെ പരന്ന വായനയാണ്.
 
ചെരുപ്പ് കുത്തിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ആയി മാറിയ എബ്രഹാം ലിങ്കണും, രാമേശ്വേരത്തെ സാധാരണ കുടുംബത്തില്‍ ജനിച്ചു ഇന്ത്യന്‍ പ്രസിഡന്റ്‌ ആയി മാറിയ അബ്ദുള്‍ കലാമും തങ്ങളുടെ വിജയ ഘടകത്തിലൊന്നായി പറയുന്നത് പരന്ന വായനയാണ്. “വിവിധ വിഭാഗങ്ങളിലുള്ള പുസ്‌തകങ്ങള്‍ നിറഞ്ഞ ഗ്രന്ഥശാല, സര്‍വകലാശാലയ്‌ക്കു സമമാണെന്നു” കാര്‍ലൈന്റെ വാക്കുകള്‍ സ്മരണീയമാണ്. ലോകത്ത്‌ മഹാന്മാരായി അറിയപ്പെടുന്നവരെല്ലാംതന്നെ നല്ല വായനക്കാരും ഗ്രന്ഥശാലകളുടെ ഗുണഭോക്‌താക്കളുമാണ്‌‌.
 
അറിവിന്റെ പ്രാധാന്യത്തെപറ്റി ഭഗവത് ഗീതയില്‍ പറയുന്നത് ഇപ്രകാരമാണ് “നഹി ജ്ഞനേന സദ്രശ്യം പവിത്രം ഹ: വിദ്യതേ” മനസിലെ മാലിന്യങ്ങള്‍ അകറ്റാന്‍ അറിവിനു പകരം മറ്റൊരുപായം ഇല്ല എന്നാണ്. കാലഘട്ടം മാറിയതോടെ വായനയിലും മാറ്റങ്ങള്‍ ഉണ്ടായി.
 
ഇന്ന് ഇ-വായനയുടെ കാലമാണ് ലോകത്തെവിടെയിരുന്നും വായിക്കാന്‍ സാധിക്കുന്നു, അറിവുകള്‍ സൂക്ഷിച്ചു വെയ്ക്കാനും ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുമ്പോള്‍ നമുക്ക് അന്യമായിപോകുന്ന വായനശാല സംസ്കാരത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ”വായനയാണ്‌ ഒരുവനെ പൂര്‍ണനാക്കുന്നത്‌” എന്ന ബേക്കണിന്റെ വാക്കുകള്‍ ഈ അവസരത്തില്‍ പ്രാധാന്യം ഏറുന്നു. വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാന്‍ കഴിയട്ടെ എന്ന് ഈ വായന ദിനത്തില്‍ പ്രത്യാശിക്കാം.

shortlink

Post Your Comments

Related Articles


Back to top button