ഇന്നലെ മംഗളം ചാനല്‍ പുറത്തുവിട്ട മന്ത്രിയുടെ ലൈംഗിക ആരോപണ വിഷയത്തില്‍ ഉയര്‍ന്നു വരുന്ന വാദപ്രതിവാദങ്ങള്‍ക്കിടയില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പ്രമോദ് രാമന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു. മാധ്യമ പ്രവര്‍ത്തന ജീവിതത്തിനിടയില്‍ തന്‍റെ തല കുനിഞ്ഞ ദിവസം എന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ വാര്‍ത്താചാനലിലെ അവതാരകനും മനോരമ ന്യൂസിന്റെ കോ ഓര്‍ഡിനേറ്റിങ് എഡിറ്ററുമാണ് പ്രമോദ് രാമന്‍. മാധ്യമബോധം തൊട്ടുതീണ്ടാതെ മലയാളത്തിൽ ആരംഭിച്ച ആദ്യത്തെ ന്യൂസ് ചാനല്‍ എന്നാണു അദ്ദേഹം ചാനാലിനെ വിമര്‍ശിച്ചത്.
പ്രമോദ് രാമന്‍റെ പോസ്റ്റ് പൂര്‍ണ്ണ രൂപം
1995-ൽ മലയാളത്തിലെ ആദ്യത്തെ സ്വകാര്യചാനൽ വാർത്താസംപ്രേഷണം ആരഭിക്കുമ്പോൾ അതിന്റെ തലപ്പത്ത് വാർത്തയെന്നാൽ മാനുഷികവും ആധികാരികവും നൈതികവും ആകണമെന്ന് വാശിയുള്ള ഒരു മാധ്യമപ്രവർത്തകൻ ഉണ്ടായിരുന്നു. എണ്ണമറ്റ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും ശശികുമാർ സ്കൂളിൽ നിന്ന് ദൃശ്യമാധ്യമ പ്രവർത്തനം സ്വായത്തമാക്കിയവരിൽ ആരും നേതൃത്വം കൊടുക്കുകയോ പങ്കാളിയാവുകയോ ചെയ്ത ചാനലുകളൊന്നും അടിസ്ഥാനനൈതികത വിട്ട് പ്രവർത്തിച്ചിട്ടില്ല.
(കോയമ്പത്തൂരിലേക്ക് ഓബി വാൻ പാഞ്ഞിട്ടുണ്ടെങ്കിൽ അത് അവിടെ കണ്ടെടുക്കുന്ന സി ഡിയിൽ നിന്നുള്ള content ചാനലിൽ കാണിക്കാനായിരുന്നുവെന്ന് വിഡ്ഢികളേ വിശ്വസിക്കൂ. ഒരു ജുഡീഷ്യൽ കമ്മീഷന്റെ നടപടിക്രമങ്ങൾ പിന്തുടരുന്നതിൽ ഇനിയഥവാ ഉണ്ടായ ധാർമ്മികതാചോദ്യങ്ങൾ ഇന്നത്തെ വാർത്തയിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളുമായി സമരസപ്പെടുത്താനും നോക്കണ്ട).
ശശികുമാർ സ്കൂളിന്റെ (ഒരാൾ പോലുമില്ലാതെ) മാധ്യമബോധം തൊട്ടുതീണ്ടാതെ മലയാളത്തിൽ ആരംഭിച്ച ആദ്യത്തെ ന്യൂസ് ചാനലിൽ നിന്നുള്ള വാർത്താ ജീർണ്ണതയാണു മലയാളികൾ ഇന്ന് ഏറ്റുവാങ്ങിയത്. ശശികുമാർ ഒരു വ്യക്തിയല്ല, ഒരു ദിശാബോധമാണു. ആ ദിശ പിന്തുടർന്നവർക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ടാകും. പക്ഷേ ഇന്നേവരെ മലയാളിയുടെ മുഖത്തേക്ക് അവർ അമേധ്യം വാരിയെറിഞ്ഞിട്ടില്ല. ഇന്നേവരെ എന്നവാക്ക് പൂർണ്ണമായും അന്വർത്ഥമാകുന്ന ദിവസം. അത്രയേ എനിക്ക് പറയാനാകുന്നുള്ളൂ. വാർത്താ അവതാരകരുടെ നിരയിലെ ആദ്യത്തെ കണ്ണികളിൽ ഒരാൾ എന്ന നിലയിൽ ഇന്നെന്റെ ശിരസ്സ് കേരളീയസമൂഹത്തിനു മുമ്പാകെ കുനിഞ്ഞുപോകുന്നു.
Post Your Comments