literatureworldnewsstudytopstories

മുല മുറിക്കപ്പെട്ടവര്‍ എന്നെഴുതിയാല്‍ അശ്ലീലമോ?

ഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപാധിയാണ്. അത്തരം ഭാഷകളിലെ ചിലാ പ്രയോഗങ്ങള്‍ ശ്ലീലം, അശ്ലീലം എന്നിങ്ങനെ മാറുന്നു. ഇത് കപടമായ ഒരു സദാചാര സാംസ്കാരിക ഭൂമികയുടെ പ്രത്യയശാസ്ത്രങ്ങളുടെ കടന്നു കയറ്റങ്ങളുടെ പ്രതിഫലനമാണ്. ഇവിടെ ഇപ്പോള്‍ ചില യുവജനങ്ങളുടെ പ്രതിഷേധം അവര്‍ ശരീര രാഷ്ട്രീയത്തിലൂടെ പ്രകടമാക്കുന്നു. വിദ്യര്‍ത്ഥികള്‍ തങ്ങളുടെ പ്രതിഷേധം കലാലയ മാസികകളിലൂടെ പുതിയയ ചിന്തകള്‍ക്ക് തുടക്കമിട്ടുകൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവ തുടക്കത്തില്‍ തന്നെ അടിച്ചമര്‍ത്തപ്പെടുന്നു. ഇപ്പോള്‍ ചര്‍ച്ച പൊന്നാനി എം.ഇ.എസ്. കോളജിലെ മാസികയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയതാണ്. സദാചാര വിരുദ്ധതയുടെ പേരിലാണ് വിലക്ക് . ‘മുല മുറിക്കപ്പെട്ടവർ’ എന്നാണ് മാഗസിനു പേരിട്ടിരുന്നത്. ഈ പേരിലാണു മാനേജ്മെന്റ് മാസികയെ വിലക്കുന്നത്.

മാനേജ്മെന്റിന്റെ വാദം മുല മുറിക്കപ്പെട്ടവർ എന്ന പേര് അശ്ലീലമാണെന്നാണ്. പ്രിൻസിപ്പൽ മാസികയിറക്കുന്നതിനു വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ, അച്ചടിക്കാൻ നൽകിയ വേളയിലാണു പേരിലെ അശ്ലീലം ചൂണ്ടിക്കാട്ടി മാസിക പുറത്തിറക്കുന്നതു നിർത്തിവയ്ക്കാൻ വിദ്യാർത്ഥികൾക്കു നിർദ്ദേശം ലഭിച്ചത്.

മുല അശ്ലീലമാണോ?

മുലയെന്നത് അശ്ലീലമല്ല. ശ്ലീല അശ്ലീലങ്ങളുടെ അടിസ്ഥാനം ഓരോ വ്യക്തിയുടെയും നിലപാടുകളും മാനസിക പക്വതയുമാണ്. ഒരു വ്യക്തിക്ക് സ്വകാര്യയിടത്തില്‍ ശ്ലീലമായിരിക്കുന്നത് പൊതു യിടത്തില്‍ അശ്ലീലമായിരിക്കും. ഇത് മറിച്ചും സംഭവിക്കാം. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും ജീവശാസ്ത്രപരമായ കര്‍ത്തവ്യങ്ങളുണ്ട്. സ്ത്രീകളെ സംബന്ധിച്ച് സ്തനങ്ങള്‍ സൗന്ദര്യത്തിന്റെയും പ്രത്യുല്‍പ്പാദന പക്രിയയുടെയും പൂര്‍ണ്ണതയ്ക്കുമായി നില കൊള്ളുന്നു. എന്നാല്‍ മുല അശ്ലീലമായി മാറുന്നതെങ്ങനെ? ഭാഷ ചില ലൈംഗിക വികാരങ്ങളെ പ്രതിനിധീകരിക്കുന്നതിനാലും ലൈംഗികതയോട് ബന്ധപ്പെട്ടുള്ള ശരീര ഭാഗമായതിനാലും മുലയെ അശ്ലീലമായി വിധിക്കാം. രണ്ടു തല താംമില്‍ ചേര്‍ന്നാലും നാല് മുല തമ്മില്‍ ചേരില്ലഎന്നാ ഒരു ചൊല്ല് മലയാളത്തില്‍ പ്രസിദ്ധമാണ്. ഒ വി വിജയന്‍റെ ധര്‍മ്മ പുരാണം എന്ന കൃതിയില്‍ മുല മാതൃരാഷ്ട്രത്തെ കുറിക്കുന്ന പദമാണ്. ഒരേ മാതൃത്വത്തില്‍ നിന്നും സാഹോദര്യവും സമത്വവും അറിയുന്നവരായതിനാല്‍ മതവും ജാതിയും ഒരേ മുലച്ചൂട് അറിഞ്ഞ സഹോദരങ്ങളാണെന്നും ഒ വി വിജയന്‍ പറയുന്നു.

മുലകള്‍ എന്ന പദം സര്‍വ്വ സാധാരണമായി സ്ത്രീ സമൂഹത്തില്‍ പ്രചരിക്കപ്പെട്ടിരുന്നുവെങ്കില്‍ അതിനു കൃത്യമായ രാഷ്ട്രീയ തലങ്ങള്‍ കൊണ്ട് വന്നത് ഫെമിനിസ്റ്റ് മൂവ്മെന്റുകളാണ്. നൂറ്റാണ്ടുകളായി കാല്‍പ്പനിക കവികള്‍- കലാകാരന്മാര്‍ അംഗപ്രത്യയ വര്ന്നനകളിലൂടെ സ്ത്രീ ശരീരത്തിലെ മുലകളെ സ്തനങ്ങള്‍, ചുചൂകങ്ങള്‍, വക്ഷ്യസ്, മാറിടം എന്നീ പദ പ്രയോഗങ്ങളിലൂടെ മഹത്വവത്കരിച്ചു. സ്തനം മാന്യവും മുല അമാന്യവുമാകുന്നതിനു പിന്നില്‍ സവര്‍ണ്ണ ഫ്യൂഡല്‍ ആണ്‍ബോധങ്ങളും യാഥാസ്ഥിതിക മത സങ്കല്‍പ്പനങ്ങളുമാണ്. പെണ്ണെഴുത്തിന്റെ കാലത്താണ് അശ്ലീലമെന്നു മുദ്രകുത്തപ്പെട്ട പദം എഴുത്തുകളില്‍ സജീവമാകുന്നത്.

മുലക്കരം പിരിവിനെതിരെ മുല ഛേദിച്ചു പ്രതിഷേധിച്ച നീലിയുടെ, മാറുമറയ്ക്കല്‍ ഐതിഹാസിക വിപ്ലവ സമരങ്ങള്‍ നടത്തിയ ചാന്നാര്‍ സ്ത്രീകളുടെ നാട്ടില്‍ മുലയെന്ന പദം അശ്ലീലമാകുന്നത് അര്‍ത്ഥശൂന്യമാണ്. അത്രമേല്‍ യാഥാസ്ഥിതികമായ ഒരു വ്യക്തിക്കോ സമൂഹത്തിനോ ആ വാക്കില്‍ അശ്ലീലം കണ്ടെടുക്കാന്‍ കഴിയൂ.

രതി വൈകൃതങ്ങളെക്കുറിച്ച് ചിന്തിക്കുന്ന, കേവലം ഒളിനോട്ടത്തിന്റെ (വോയറിസം) സുഖങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മുല അശ്ലീലമായിരിക്കും. കാല്‍പ്പനികവും പൈങ്കിളിവത്ക്കരിക്കപ്പെട്ടതുമായ കാലഘട്ടത്തില്‍ നിന്നും ശരീരം രാഷ്ട്രീയ പ്രതിരോധ മാധ്യമമായി ഉപയോഗിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് പദ പ്രയോഗങ്ങളിലെ ശ്ലീല- അശ്ലീല സങ്കല്പങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിഫലനങ്ങളെയാണ് വെളിപ്പെടുത്തുന്നത്.

shortlink

Post Your Comments

Related Articles


Back to top button