ദേശീയ ഗാനത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് നോവലിസ്റ്റ് കമല്‍സിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നോര്‍ത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലൂടെയും ഫേസ് ബുക്ക് എഴുത്തിലൂടെയും ദേശീയഗാനത്തെ അപമാനിച്ചുവെന്നാണ് ആരോപണം. എഴുത്തുകാരന്റെ കരുനാഗപള്ളിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് കമല്‍സിയെ രാത്രി ബീച്ച് ആശുപത്രിയില്‍ എത്തിച്ചിരുന്നു.അവിടെ എത്തിയാണ് കരുനാഗപ്പള്ളി എസ്.ഐയും സംഘവും കമല്‍സിയെ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് വീണ്ടും നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ഇതിനിടയില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ എസ്.ഐ തന്റെ നട്ടെല്ല് തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി എഴുത്തുകാരൻ കമല്‍സി ആരോപിച്ചു. തന്റെ ഭാര്യയുടെ ജാതി പറഞ്ഞ് അപമാനിച്ചതായും കമല്‍സി പറഞ്ഞു.
രാത്രി 9 മണിയോടെയാണ് കരുനാഗപ്പള്ളി പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കമല്‍സി ചവറയെ വിട്ടയച്ചത്. രണ്ട് പേരുടെ ആള് ജാമ്യത്തിലാണ് മോചനം. 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും കാട്ടി നോട്ടീസും കമല്‍സിക്ക് നല്‍കിയിട്ടുണ്ട്.
‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലിലെയും ‘ശശിയും ഞാനും’ എന്ന എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെയും ചില ഭാഗങ്ങള്‍ കമല്‍സി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ദേശീയഗാനത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നാരോപിച്ച് ഐ.പി.സി 124 എ പ്രകാരം രാജ്യദ്രോഹകുറ്റം ചുമത്തിയാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് കരുനാഗപ്പള്ളി പോലീസ് പറയുന്നു. കൊല്ലത്തെ കമലിന്റെ കുടുംബ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് നോവല്‍ എടുത്തു കൊണ്ട് പോവുകയും ചെയ്തു. ഗ്രീന്‍ ബുക്സാണ് നോവലിന്റെ പ്രസാധകര്.
Post Your Comments