മലയാളത്തില്‍ ഏറ്റവും അധിക പഠനങ്ങള്‍ വന്നിട്ടുള്ളത് ആധുനികകേരളത്തിന്റെ ശില്പിയായ നാരായണഗുരുവിനെക്കുറിച്ചാണ്. നോവലുകളും, ആത്മകഥാംശം നിറഞ്ഞ രചനകളും തുടങ്ങി ബന്ധപ്പെട്ട് തയ്യാറാക്കപ്പെട്ട എല്ലാം തന്നെ ഗുരുചിന്തകളെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും അതാത് കാലങ്ങളിലെ അതിജീവനത്തിനായി ഉപയോഗിക്കാൻ വേണ്ടിയുള്ള പുനരാഖ്യാനങ്ങളാണ്. ചിത്രകല, ശില്പകല തുടങ്ങി പല കലാരൂപങ്ങളിലും ഇത്തരത്തിലുള്ള ആഖ്യാന നവീകരണങ്ങള്‍ തുടരുന്നുണ്ട്. ഇത്തരത്തിലുള്ള പുനരാവിഷ്‌കാരങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുമാണ് ഓരോ മഹാപുരുഷന്മാരും കാലത്തെ അതിജീവിക്കുന്നത്.
ചരിത്രത്തെയും ജീവിതത്തെയും വിശ്വാസത്തെയും പുനര്‍ നിര്‍മ്മിക്കുന്ന രചനകള്‍ സമകാലിക ലോകത്ത് നടക്കുന്നു. ശക്തമായ ഇത്തരം പുനരാഖ്യാനങ്ങള്‍ ചരിത്രത്തിലേക്കുള്ള വെളിച്ചം വീശുന്നതോടൊപ്പം നവീന ആശയങ്ങളിലൂടെ ചരിത്രത്തെയും ജീവിതത്തെയും പുനര്നിര്‍മ്മിക്കുകയും ചെയ്യുന്നു.
കൊച്ചി മുസിരിസ് ബിനാലെയുടെ പ്രഥമ ക്യുറേറ്ററും സ്ഥാപകഡയറക്ടറുമായ റിയാസ് കോമു പതിനൊന്നു വര്‍ഷം മുന്‍പ് രൂപകല്പന ചെയ്ത ശില്പം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വെങ്കലത്തില്‍ തീര്‍ത്ത ശില്പത്തിന്റെ ചിത്രം അദ്ദേഹം തന്നെ രൂപകല്പന ചെയ്ത ഗുരുചിന്തന ഒരു മുഖവുര എന്ന പുസ്തകകത്തിന്റെ കവര്‍ച്ചിത്രമായപ്പോഴാണ് പുതിയ തര്‍ക്കങ്ങള്‍.
ശില്പിയും പ്രസാധകനും ഗുരുനിന്ദ ചെയ്യുന്നുവെന്നാണ് തര്‍ക്കത്തിന്റെ പ്രധാന വിഷയം. ഇതോടൊപ്പം പ്രസാധകര്‍ക്കുനേരെ ഭീഷണിസ്വരത്തിലുള്ള വാട്‌സ് ആപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് വിഭാഗീതയത സൃഷ്ടിക്കുന്നതുവരെയെത്തി.
ഗുരുചിന്തയുടെ തീക്ഷണതയെയും ആഴത്തെയും ധ്വനിപ്പിക്കുന്നതാണ് റിയാസ് കോമുവിന്റെ ശില്പം. നാരായണഗുരുവിന്റെ പുരോഗമനാശയങ്ങളില്‍ ആകൃഷ്ടനായ ശില്പി തന്റേതായ ഗുരുസങ്കല്പത്തെ ആദരപൂര്‍വമാണ് ശില്പത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പതിറ്റാണ്ടു മുന്‍പ് ഈ ശില്പം ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രബുദ്ധമായ സമൂഹവും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും മികച്ച പ്രതികരണമാണ് നല്‍കിയത്. എല്ലാത്തരം കലാവ്യാഖ്യാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ വിശാലമായ ജനാധിപത്യബോധം നമ്മുടെ സമൂഹത്തിനുണ്ടായിരുന്നു.
ഗുരുചിന്തന ഒരു മുഖവുര എന്ന പുസ്തകം ഗുരുവിമര്‍ശനഗ്രന്ഥമല്ല. ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ചുള്ള ആധുനിക വ്യഖ്യാനവും മലയാളിയുടെ യഥാര്‍ത്ഥ ഗുരുവിനെ കണ്ടെത്താനുള്ള മഹത്തായ ശ്രമവുമാണ്. നിത്യചൈതന്യയതിയും നടരാജഗുരുവും മുനി നാരായണപ്രസാദും ചെയ്തിരുന്നതുപോലെ ഗുരുവിന്റെ അറിവിനെക്കുറിച്ചുള്ള സൂക്ഷ്മമായ അന്വേഷണമാണ് ഇത്തിള്‍ നടത്തുന്നത്.
Post Your Comments