എന്‍റെ കഥാപാത്രങ്ങളില്‍ പലരും കാത്തിരിപ്പുകാരാണെങ്കിലും ഞാനാരെയും കാത്തിരിക്കുന്നില്ല എന്ന് മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടി.യുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്‍റെ ഭാഗമായ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ ചിന്തകള്‍ പങ്കുവെക്കുന്നവര്‍വരെ കൊല്ലപ്പെടുന്ന കാലമാണിത്. കുറച്ചുകാലം കൂടി ജീവിക്കണമെന്നുണ്ട്. അതിനാല്‍ നിര്‍മാല്യം പോലൊരു സിനിമ ഇന്ന് എടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്രപ്രവര്‍ത്തനം തുടങ്ങി പല മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തനിക്ക് എഴുത്തിനോളം ആസ്വദിക്കാന്‍ കഴിഞ്ഞ മറ്റൊന്ന് ഇല്ലയെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലത്ത് കവിത എഴുതിയ താന്‍ അത് നന്നായില്ലന്നു തിരിച്ചറിഞ്ഞു. അത് നിര്‍ത്തി. കേട്ടറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ കുത്തികുറിച്ചു വയ്ക്കും. അപ്പോള്‍ അതില്‍ കഥയുണ്ടെന്ന് തോന്നും. അങ്ങനെയാണ് തന്റെ സൃഷ്ടികള്‍ ഉണ്ടായിട്ടുള്ളത്. അതിലുള്ളവര്‍ തന്നെയാണ് കഥാപാത്രങ്ങള്‍. എന്നാല്‍ അതെല്ലാം എഴുത്തില്‍ സാങ്കല്‍പ്പികരായി മാറും. നൈനിറ്റാളിലെ താമസമാണ് മഞ്ഞ് നോവലില്‍ പ്രമേയമായത്.
നമ്മുടെ ഭാഷക്കും സാഹിത്യത്തിനുമായി ജീവിത ദുരിതങ്ങള്‍ക്കിടയില്‍ സമയം കണ്ടത്തെിയവരാണ് നമ്മുടെ പൂര്‍വികന്മാര്‍. അവരുടെ ഓര്‍മകള്‍ തനിക്കെന്നും ഊര്‍ജമാണ്. കേശവദേവ്, പി. കുഞ്ഞിരാമന്‍ നായര്‍, ചങ്ങമ്പുഴ എന്നിങ്ങനെ നിരവധി പേരെ നമുക്ക് കാണാന്‍ കഴിയും. തന്‍െറ ‘രണ്ടാംമൂഴം’ സിനിമയാകുകയാണെന്നും എം.ടി അറിയിച്ചു. അതിനുള്ള ജോലികള്‍ തന്‍റെ ഭാഗത്ത് നിന്നും ഉള്ളവ ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കലുഷിതമായ കാലത്ത് അഭിജാതമായ മൗനം കൊണ്ട് എഴുത്തുകാരന് പ്രതികരിക്കാമെന്ന് എം.ടി. തെളിയിച്ചതായും അദ്ദേഹത്തിന്‍റെ ‘കാഥികന്‍െറ പണിപ്പുര’ എന്ന പുസ്തകം തനിക്കെന്നും വേദപുസ്തകമായിരുന്നുവെന്നും മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. താനുള്‍പ്പെടെയുള്ള നിരവധി എഴുത്തുകാരെ മലയാളത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന പത്രാധിപരായിരുന്നു എം.ടിയെന്നു എം.ടി.ക്ക് ഉപഹാര സമര്‍പ്പണം നടത്തിയശേഷം സാഹിത്യകാരന്‍ മുകുന്ദന്‍ അഭിപ്രായപ്പെട്ടു
Post Your Comments