അസുഖം വന്നാല്‍ എത്രയും പെട്ടന്നു ചികിത്സ തേടുക എന്നതിലുപരി അസുഖം വരാതെ നോക്കാനും ശ്രമിക്കേണ്ടതുണ്ട്. അവരവരുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ഭക്ഷണങ്ങളും വ്യായാമങ്ങളും തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇതുതന്നെയാണെന്നും ബോളിവുഡ് താരം ശില്പ ഷെട്ടി പറഞ്ഞു. ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുത്ത് സംസാരിക്കവേ സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.
ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ആയൂര്‍ദൈര്‍ഘ്യവും ആരോഗ്യപരിപാലനവും തമ്മിലുള്ള ബന്ധം വിശദീകരിച്ചുകൊണ്ടാണ് ശില്‍പ്പ തന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റ് എന്ന പുസ്തകത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. വേഗതയേറിയ ഈ കാലത്ത് പുതുമ തേടിയുള്ള യ്യാത്ര നമ്മള് നടത്തുന്നു. ഭക്ഷണത്തിലും നമ്മള് പുതുമ കണ്ടെത്തുന്നു. എന്നാല്‍ ആ ഭക്ഷണ ശീലമാണ് നമ്മളെ രോഗികളാക്കി മാറ്റുന്നത്. ആരോഗ്യ പരിപാലനം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ രീതിയനുസരിച്ചായിരിക്കും നമ്മുടെ ആയുസ്സ്. ഇപ്പോള്‍ മനുഷ്യന് ആയുസ്സ് കുറഞ്ഞുവരുന്നു. പണ്ടു കേട്ടുകേള്‍വി പോലുമില്ലാതിരുന്ന അര്‍ബുദം ഇന്ന് വ്യാപകമാണ്. ഇത്തരം സാഹചര്യത്തില്‍ അടുക്കും ചിട്ടയുമില്ലാത്ത ഭക്ഷണക്രമവും വ്യായാമമില്ലായ്മയും കൂടുതല്‍ ദോഷം ചെയ്യും- ശില്പ പറഞ്ഞു.
ഭാവിയിലേക്ക് നടക്കുമ്പോള്‍ ഓരോ കാല്‍വയ്പിലും തളരാതെ മുന്നേറാന്‍ ധൈര്യം പകരുന്നതു പ്രേക്ഷകരാണെന്നും വിവാദങ്ങളെ കാര്യമായി എടുക്കാറില്ലെന്നും ശില്‍പ്പ ഷെട്ടി സദസില്‍ നിന്നും വന്ന ചോദ്യത്തിനുള്ള ഉത്തരമായി പറഞ്ഞു.
Post Your Comments