literatureworldnews

ടി.വി. കൊച്ചുബാവ കഥാപുരസ്കാരം ഇ.കെ.ഷാഹിനയ്ക്ക്

 

യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഥാകൃത്തും നോവലിസ്റ്റുമായ ടി വി കൊച്ചുബാവയുടെ അനുസ്മരണാര്‍ത്ഥം നല്‍കുന്ന ടി.വി. കൊച്ചുബാവ കഥാപുരസ്കാരം പ്രഖാപിച്ചു. ഇ.കെ.ഷാഹിനയാണ് പുരസ്കാരത്തിന് അര്‍ഹയായത്. മാതൃഭൂമി പുറത്തിറക്കിയ പുതുമഴ ചൂരുള്ള ചുംബനങ്ങൾ എന്ന കൃതിക്കാണ് അവാര്‍ഡ്. ഇരുപത്തയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കൊച്ചു ബാവയുടെ ചരമ വാര്‍ഷിക ദിനമായ നവംബര്‍ 17ന് ഇരിങ്ങാലക്കുട ടൌണ്‍ഹാളില്‍ നടക്കുന്ന ആനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് യുവകലാസാഹിതി ജനറല്‍സെക്രട്ടറി ഇ എം സതീശന്‍ അറിയിച്ചു.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ കെ. ആയിഷയും ഇ. കെ. സൂപ്പിയും മകളാണ് ഇ.കെ.ഷാഹിന.  ചരിത്രം ,സോഷ്യൽവർക്ക് എന്നീ വിഷയങ്ങളിൽ ബിരുദാനന്തരബിരുദങ്ങൾ നേടിയ അവര്‍ ഹയർ സെക്കണ്ടറി അധ്യാപികയായി ജോലി ചെയ്യുന്നു . ഇടശ്ശേരി അവാർഡ് ,മുതുകുളംപർവതിയമ്മ പുരസ്ക്കാരം,ഗൃഹലക്ഷ്മി കഥാ പുരസ്ക്കാരം ,അവനീബാല കഥാ പുരസ്ക്കാരം ,വനിതാ കലാലയ കഥാ പുരസ്ക്കാരം ,കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്ക്കാരം ,കാവ്യ കൈരളി പുരസ്ക്കാരം ,കർമ്മ അവാർഡ് ,അങ്കണം അവാർഡ്, അറ്റ്ലസ് – 11കൈരളി കഥാ പുരസ്ക്കാരം ,കമല സുരയ്യ കഥാ പുരസ്ക്കാരം (പ്രത്യേക പരാമർശം ), എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. “അനന്തപത്മനാഭന്റെ മരക്കുതിരകൾ” ആണ് ആദ്യ കഥാ സമാഹാരം . “പുതുമഴ ച്ചൂരുള്ള ചുംബനങ്ങൾ” (ചെറുകഥാ സമാഹാരം,മാതൃഭൂമി കോഴിക്കോട് ), “ഒറ്റ ഞൊടിക്കവിതകൾ” (കവിതാ സമാഹാരം ,സൈകതം പബ്ലിക്കേഷൻ ), “അഷിതയുടെ കത്തുകൾ” (എഡിറ്റർ ), “പ്രവാചകൻ” (വിവർത്തനം-കൈരളി ബുക്സ് കണ്ണൂർ ), “പ്രണയത്തിന്റെ തീക്കാടിനുമപ്പുറം” (കുറിപ്പുകൾ-പായൽ ബുക്സ് കണ്ണൂർ ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. കഥകൾ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കഥാകാരി ഇ കെ ഷീബ സഹോദരിയാണ്.

‘കഥ പറയാൻ ഷാഹിനയ്ക്ക് അറിയാമെന്നും അതു കേട്ടിരിക്കാൻ വായനക്കാർ നിർബന്ധിതരാകും വിധം കൊളുത്തി വലിക്കുന്ന തുടക്കങ്ങളിൽ നിന്ന് അയത്ന ലളിതമായി ഷാഹിന കഥ തുടരുന്നു’വെന്നും “പുതുമഴച്ചൂരുള്ള ചുംബനങ്ങൾ” എന്ന കഥാസമാഹാരത്തിന്റെ“ അവതാരികയിൽ ശ്രീമതി കെ. ആർ. മീര അഭിപ്രായപ്പെടുന്നു.

shortlink

Post Your Comments

Related Articles


Back to top button