സാഹിത്യം പരിശോധിച്ചാല്‍ കാലഘട്ടങ്ങളില്‍ നടന്നിരുന്ന അനീതിയും അക്രമവും വരച്ചു കാട്ടുന്ന കൃതികള്‍ കാണാന്‍ സാധിക്കും. അത് കൊണ്ട് തന്നെ സാഹിത്യം സമൂഹത്തിന്റെ കണ്ണാടി ആണെന്ന് പറയാം. ലോകത്തെ എല്ലാ പ്രശ്നങ്ങളെയും മനുഷ്യരാശിയുടെ പ്രശ്നമായി കണ്ടു എഴുത്തുകാര്‍ അതിനെ ആവിഷ്കരിച്ചിരുന്നു. നവോത്ഥാന കാലഘട്ടത്തിലെ എഴുത്തുകള്‍ പരിശോധിച്ചാല്‍ സമൂഹത്തിലെ അനീതിക്കെതിരെ പ്രതികരിച്ച പല എഴുത്തുകളും നമുക്ക് കാണാന്‍ കഴിയും. അക്കാലത്തെ രചനകള്‍ പലതും ആ കാലഘട്ടത്തിലെ ചരിത്രം
കൂടിയായി മാറുന്നുണ്ട്.
ചരിത്രം എന്നത് ചില കൂലിയെഴുത്തുകാരുടെ സാഹിത്യമായി മാത്രം പരിണമിക്കുമ്പോള്‍ ശക്തമായ നോവലുകള്‍ നേരിന്റെ പക്ഷത്തു നിലനിന്നുകൊണ്ട് അനീതിയെ എതിര്‍ക്കുന്നുണ്ട്. അത്തരമൊരു കൃതിയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി. കയര്‍ പോലുള്ള ബൃഹത്തായ ഒരു നോവലെഴുതി ചരിത്രം സൃഷ്ടിച്ച തകഴിയില്‍ നിന്ന് ചെറിയ ഒരു നോവല്‍ .
അതാണ് ജീവനും ജീവിതവും രാഷ്ട്രീയവും കലര്‍ന്ന രണ്ടിടങ്ങഴി .
പുരാതന ചരിത്ര സംഭവങ്ങളില്‍ നിന്നും ഊറ്റം കൊണ്ടും, ചരിത്ര പുരുഷന്മാരുടെ വീരത്വം, അവരുടെ മാനസികാവസ്ഥ മുതലായവ വരച്ചു കാട്ടിയും നോവല്‍ രചനകള്‍ നിരവധി ഉണ്ടായ കാലത്ത് നിന്നും മാറി ദേവ് , തകഴി, വര്‍ക്കി, ഉറൂബ് , ബഷീര്‍ , കാരൂര്‍ , തുടങ്ങിയവര്‍ സമൂഹത്തിലെ പല കള്ളത്തരങ്ങളെയും തങ്ങളുടെ രചനയിലൂടെ തുറന്നു കട്ടി.
മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ ശക്തി പ്രാപിച്ചുയരുന്ന കാലത്ത് ആ സന്ദേശങ്ങള്‍ അത്ര തീവ്രമായി കടന്നു ചെന്നിട്ടില്ലാത്ത കുട്ടനാട് ആണ് നോവലിലെ പശ്ചാത്തലം. പ്രത്യയ ശാസ്ത്രത്തിന്റെ സൈദ്ധ്യാന്തിക പാഠം പഠിക്കാതെ തന്നെ തനിക്കു ചുറ്റിനും നടക്കുന്ന ചൂഷക വര്‍ഗ്ഗത്തിന്റെ വിളയാട്ടം കണ്ട് സ്വയം തിരിച്ചറിവ് നേടുന്ന നായകനാണ് കോരന്‍ . പടിപടിയായി അവനില്‍ ഉയരുന്ന വര്‍ഗ്ഗ ബോധം കര്‍ഷകരില്‍ ആകമാനം ഉണര്‍ത്തുന്നതും അവരെ സംഘടിപ്പിച്ചു പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതും അതിലൂടെ ജീവിതം താന്നെ
നഷ്ടമാകുന്നു എങ്കിലും സമരമാണ് നല്ലതെന്ന് അവന്‍ ചിന്തിക്കുന്നു.
ജന്മിയായ പുഷ്പവേലില്‍ ഔസേപ്പിന്റെ ഓണപ്പണിക്കാരന്‍ ആണ് കോരന്‍ . ജന്മിയുടെ നിലത്താണെങ്കിലും, നിലം പാകപെടുത്തി, വളമിറക്കി, വിത്തിറക്കി, കൊയ്യാന്‍ പാകമാക്കി. കൊയ്ത്തു നേരത്ത് ഒരു കറ്റ, കള്ള് കുടിക്കാന്‍ വേണ്ടി എടുത്തപ്പോള്‍ ജന്മിയുടെ ആജ്ഞ കാരണം കോരന് അത് തിരികെ വെയ്ക്കേണ്ടി വന്നു . അപ്പോഴാണ് ആ നടുക്കുന്ന യാഥാര്‍ത്ഥ്യം കോരന് വെളിപ്പെടുന്നത്. തന്‍റെ അധ്വാനത്തിന് ഫലമെടുക്കാന്‍ തനിക്ക് അവകാശമില്ല. ജോലി ചെയ്തു വിളവെടുപ്പ് ആയാല്‍ അവനു പിന്നെ അതില്‍ അവകാശം ഇല്ല.ഈ തിരിച്ചറിവ് അവനെ തളര്‍ത്തിക്കളഞ്ഞു . അവിടെ നിന്നാണ് അവന്‍ ഒരു ‘ധിക്കാരി ‘ യായി മാറുന്നത്.
ആ ധിക്കാരം അവനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കൂലിക്ക് പകരം നെല്ല് കൊടുക്കാതെ മാറ്റിവയ്ക്കുന്ന ജന്മിയോടു കൂലി നെല്ല് മതി എന്ന് ഉറക്കെ പറയാനുള്ള നട്ടെല്ല് അവനു ലഭിക്കുന്നു. രാത്രിയില്‍ അധിക വിലയ്ക്ക് കരിഞ്ചന്തയില്‍ , തോണിയില്‍ കടത്തുന്ന നെല്ലിന്‍ ചാക്കുകള്‍ പിടിക്കുന്നിടത്തേക്കും , ഒടുവില്‍ തീര്‍ത്തും ഒരു പ്രക്ഷോഭകാരിയായി മാറുന്നിടത്തേക്കും വരെ അത് ചെന്നെത്തുന്നു.
അഴകും വൃത്തിയും ഉള്ള പുലയ പെണ്ണുങ്ങളെ ലൈംഗിക ആവശ്യത്തിനു ഉപയോഗിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ജന്മിപുത്രന്മാരെ ഇതില്‍ ആവിഷ്കരിച്ചിട്ടുണ്ട്. പകല്‍ കണ്ടാല്‍ അശുദ്ധി ആകുന്ന ഇവരെ കൂടെ കിടക്കാന്‍ വിളിക്കുന്നതിലെ വിരോധാഭാസം സമൂഹത്തിലെ ചാതുര്‍വര്‍ണ്യ ബോധത്തെ ചൂണ്ടികാണിക്കുന്നു. . ഒന്ന് പെറ്റു കഴിഞ്ഞ പെണ്ണിനെ തമ്പ്രാക്കന്മാര് നോക്കില്ല എന്ന് ചിരുതയോട് അവളുടെ കൂട്ടുകാരി പറഞ്ഞു കൊടുക്കുന്നുണ്ട്. അത് കേള്‍ക്കുന്ന ചിരുത കോരനോട് എനിക്ക് ഒന്ന് പെറണം എന്ന് പറയുന്ന വികാരഭരിതമായ
രംഗം മാനം കാത്തു രക്ഷിക്കാന്‍ ഒരു കര്‍ഷക സ്ത്രീ അക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന യാതനകളുടെ ആകെത്തുകയായി കാണാം.
സാമൂഹ്യമാറ്റങ്ങള്‍ക്ക് വേണ്ടി തന്റെ അക്ഷീണവും സുധീരവുമായ പ്രയത്നത്തിന്നിടയില്‍ ഭാര്യ പോലും ഒരു തടസ്സമായി കോരന് തോന്നുന്നുണ്ട്. – ഏന്‍ നിന്നേ കെട്ടണ്ടായിരുന്നു- എന്ന് പറയുന്നിടത്ത് കോരന്റെ മനോവേദന പൊട്ടിപ്പോവുന്നുണ്ട്. മലയാള നോവല്‍ സാഹിത്യത്തില്‍ കാലിക പ്രാധാന്യമുള്ള ഈ നോവല്‍ ഒരുജ്ജ്വല സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കൂടുതല്‍ കൂലിക്കും, ഭക്ഷണത്തിനും വേണ്ടി പോലും ഇപ്പോഴും സമരം നടത്തുന്ന,
ഗ്രാമത്തലവന്റെയും ജന്മികളുടെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും കീഴില്‍ നരകിക്കുന്ന ജനവിഭാഗങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. ഇവിടെയാണ് ഈ നോവലിന്റെ വര്‍ത്തമാന കാല പ്രാധാന്യം. നോവലിന്‍റെ അവസാനം കോരന്റെ മകന്‍ തന്റെ കൈ ഉയര്‍ത്തി വിളിച്ചു പറയുന്നുണ്ട്, കൃഷിഭൂമി കര്‍ഷകര്‍ക്ക് – എന്ന്. അവിടെ നോവല്‍ അവസാനിക്കുന്നുണ്ടെങ്കിലും ജീവിതത്തിന്‍റെ വിപ്ലവത്തിന്റെ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നു.
Post Your Comments