bookreviewliteratureworld

കവിതയിലെ രാഷ്ട്രീയ ചിന്തകള്‍

 

 

സാഹിത്യം ഒരു രാഷ്ട്രീയോപകരണം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നമുക്കറിയാം. വിപ്ലവകരമായ ഒരുപാട് പരിവര്‍ത്തനങ്ങള്‍ക്ക് തൂലികയും എഴുത്തുകാരനും കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ സാഹിത്യത്തില്‍ രാഷ്ട്രീയം കടന്നുകൂടി പ്രവര്‍ത്തിക്കുന്ന വഴികള്‍ ഗവേഷണകുതുകികളുടെ ഇഷ്ട പാഠ്യവിഷയമാണ്. അത്തരത്തില്‍ മലയാളത്തിലെ പ്രശസ്തമായ ചില കവിതകളെ മുന്‍നിര്‍ത്തി പ്രസന്നരാജന്‍ നടത്തിയ പഠനങ്ങളുടെ സമാഹാരമാണ് കവിതയും രാഷ്ട്രീയ ഭാവനയും.

അധികാരവുംകവിതയും, അധികാരവിമര്‍ശനം ആശാന്‍കവിതയില്‍, പാടുന്ന പിശാച്, നീതി നിഷ്ഠൂരം ധര്‍മ്മം നിര്‍ദ്ദയം, കുടുംബത്തിനുള്ളിലെ ക്രൂരരാഷ്ട്രീയം, കുടിയൊഴിപ്പിക്കല്‍, ശിവതാണ്ഡവത്തിലെ രാഷ്ട്രീയ അബോധം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം: വിപ്ലവവിരുദ്ധ കാവ്യമോ?, ഭ്രഷ്ടും സ്വാതന്ത്ര്യവും, ചോര വാര്‍ന്നുപോയ ചിഹ്നങ്ങള്‍ എന്നീ പത്ത് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

അധികാരത്തിന്റെ ദൂഷിതവലയത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ‘അധികാരവും കവിതയും’. അധികാരത്തോടുള്ള മനുഷ്യന്റെ ആസക്തിയും അത് സൃഷ്ടിക്കുന്ന വന്‍ ദുരന്തവും പുരാണകൃതികളിലും ഇതിഹാസകൃതികളിലും ചിത്രീകരിച്ചിട്ടുള്ളത് പ്രസന്നരാജന്‍ വിശദമായി ചര്‍ച്ചചെയ്യുന്നു. ഭരണകൂടത്തിനും അധികാരസ്ഥാപനങ്ങള്‍ക്കും പുരോഹിതവര്‍ഗ്ഗത്തിനും എതിരെ മലയാളകവിതയില്‍ ആദ്യമായി ധാര്‍മ്മികവും രാഷ്ട്രീയവും നൈതികവുമായയുദ്ധംനയിച്ചത് കുഞ്ചന്‍നമ്പ്യാരാണെന്ന് പ്രസന്നരാജന്‍ കണ്ടെത്തുന്നു.

വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിനെക്കുറിച്ചു നടത്തിയ പഠനം, ‘അധികാര വിമര്‍ശനം ആശാന്‍ കവിതയില്‍’ എന്നീ ലേഖനങ്ങള്‍ മലയാള നിരൂപണശാഖയിലെ വേറിട്ട ഒരു പഠനമാണ്.

‘ചോര വാര്‍ന്നുപോയ ചിഹ്നങ്ങള്‍’ എന്ന ലേഖനത്തില്‍ ഒ എന്‍ വി യേ പ്പോലും വിമര്‍ശിക്കാന്‍ കരുത്തു കാണിക്കുന്നു. ‘ഉജ്വലമായ രാഷ്ട്രീയപ്രമേയങ്ങള്‍ കണ്ടെത്തുവാന്‍ മുമ്പേ സമര്‍ത്ഥനാണ് ഒ.എന്‍.വി കുറുപ്പ്. എന്നാല്‍ ഏത് കരുത്തുള്ള പ്രമേയവും ഒ.എന്‍.വിയുടെ ഭാവനയിലൂടെയും ഭാഷയിലുടെയും പുറത്തുവരുമ്പോള്‍ അതിന്റെ കരുത്തെല്ലാം ചോര്‍ന്നു പോകുന്നതായിട്ടാണ് വായനക്കാര്‍ക്ക് അനുഭവപ്പെടാറുള്ളത്. എന്നാല്‍ ഇക്കാര്യം തുറന്നു പറയാന്‍ നമ്മുടെ പ്രമുഖരായ വിമര്‍ശകരൊന്നും തയ്യാറാകുന്നില്ല. ഒ.എന്‍.വി കുറുപ്പിന്റെ ചുറ്റും പ്രസരിക്കുന്ന പ്രശസ്തിയെ ഭയന്ന് വിമര്‍ശകരെല്ലാം നിശബ്ദരാകുന്നു. ചിലര്‍ കവിയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള ആദരവുകൊണ്ട് മിണ്ടാതിരിക്കുന്നു. ഈ മൗനം ചരിത്രത്തോടും മഹത്തായ കവിതയോടും നമ്മുടെ കാവ്യാസ്വാദന-സംസ്‌കാരത്തോടും ചെയ്യുന്ന കൊടും വഞ്ചനയല്ലേ? ……’ എന്ന് അദ്ദേഹം തുറന്നു ചോദിക്കുന്നു. ഒ.എന്‍.വിയുടെ ‘സ്വയംവരം’ കാവ്യത്തെ നിശിതമായി വിമര്‍ശിക്കുന്ന വേളയിലാണ് പ്രസന്നരാജന്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നത്.

കവിതയും രാഷ്ട്രീയ ഭാവനയും (പഠനം)  
ഡോ.പ്രസന്നരാജന്‍ 
കറന്റ് ബുക്‌സ്
വില:120രൂപ

 

shortlink

Post Your Comments

Related Articles


Back to top button