![](https://www.eastcoastdaily.com/literature/wp-content/uploads/2016/11/1450078_611557595574043_676912798_n.jpg)
സ്നേഹവും ഭക്തിയും തമ്മിലുള്ളബന്ധം അന്വേഷിച്ച ആദ്ധ്യാത്മിക ഗുരുവായിരുന്നു ഗുരു നിത്യ ചൈതന്യ യതി. പാശ്ചാത്യ – പൗരസ്ത്യ തത്വ ചിന്തകളെ സമന്വയിപ്പിച്ച അദ്ദേഹം കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച് ആത്മീയതയുടെ ഉന്നത ശൃംഗങ്ങളില്‍ എത്തി ലോക ആചാര്യനായി മാറി. അദ്ദേഹത്തിന്റെ ജീവിതം വിശുദ്ധിയുടേയും സ്നേഹത്തിന്റെയും സാക്ഷിപത്രമാണ്.
1924 നവംബര്‍ രണ്ടിന് പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ലിലാണ് യതി ജനിച്ചത്. ജയചന്ദ്രന് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അധ്യാപകനുമായിരുന്നു.
ഹൈസ്കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്ന് ഗുരു നിത്യ ചൈതന്യ യതി എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.
1947ല്‍ കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ആലുവ യു.സി കോളേജില്‍ തത്ത്വശാസ്ത്ര പഠനത്തിനായി ചേര്‍ന്നു. അതിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ തത്വശാസ്ത്രത്തിലും മനശാസ്ത്രത്തിലും പഠനം തുടര്‍ന്നു. പഠനത്തിനു ശേഷം വിവിധ കോളജുകളില്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടു.
1952 ല്‍ ആണ് ഗുരു നടരാജ ഗുരുവിന്റെ ശിഷ്യനാവുന്നത്. ഭാരതീയവും പാശ്ചാത്യവുമായ തത്വചിന്താപദ്ധതികളില്‍ അദ്ദേഹത്തിന് നല്ല അവഗാഹം ഉണ്ടായിരുന്നു. പ്രാചീനമായ ചിന്താധാരകളെ ആധുനിക ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനും അവയെ സമന്വയിപ്പിച്ച് സ്വകീയമായ ഉപദര്ശനങ്ങള് അവതരിപ്പിക്കാനുമാണ് യതി ശ്രമിച്ചത്.
ജയദേവന്റെ ഗീതാ ഗോവിന്ദത്തെ ആസ്പദമാക്കി പ്രേമവും ഭക്തിയും എന്നൊരു പുസ്തകം യതി എഴുതിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1977 ല്‍ അദ്ദേഹത്തിന്റെ നളിനി എന്ന കാവ്യശില്പംന കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടി. വേദാന്ത പരിചയം, കുടുംബശാന്തി – മനശാസ്ത്ര സാധന, ഭഗവത് ഗീത സ്വാദ്ധ്യായം, ഇമ്പം ദാമ്പത്യത്തില്‍, നടരാജഗുരുവും ഞാനും, രോഗം ബാധിച്ച വൈദ്യ രംഗം,
പ്രേമവും ഭക്തിയും, മന:ശാസ്ത്രം ജീവിതത്തില്‍ തുടങ്ങിയവ പ്രധാന കൃതികള്‍.
1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ വച്ച് അദ്ദേഹം സമാധി പ്രാപിച്ചു.
Post Your Comments