![](https://www.eastcoastdaily.com/literature/wp-content/uploads/2016/11/whatsapp-peK6l.jpg)
നവ മാധ്യമങ്ങളില്‍ എന്തിനും വ്യാജന്‍ ഉണ്ടാക്കുക എന്നത് ഇന്നൊരു ശീലമായി ചിലര്‍ക്ക് മാറിയിരിക്കുന്നു. സിനിമയ്ക്ക് മാത്രമല്ല പുസ്തകത്തിനും വ്യാജന്‍ ഉണ്ടാകുന്നു. ഇപ്പോള്‍ പ്രധാനമാണ് പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കല്‍. പുതിയ കാലത്തിന്റെ മാധ്യമമായ വാട്ട്‌സ് ആപ്പിന്റെ സേവനങ്ങളിലാണ് ഈ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നത്.
ഇന്ത്യയില്‍ ജാമ്യം ലഭിക്കാത്ത കുറ്റമായ പകര്‍പ്പവകാശ ലംഘനം വാട്ട്‌സ് ആപ്പില്‍ വ്യാപകമായതിനെത്തുടര്‍ന്ന് സര്‍ക്കാരും സൈബര്‍ പോലീസും ജാഗരൂകരായിരിക്കുകയാണിപ്പോള്‍. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പകര്‍പ്പാവകാശ ലംഘനം കണ്ടെത്താനായി സംസ്ഥാന പോലീസ് പ്രത്യേക ടീം തന്നെ രൂപീകരിച്ചിട്ടുണ്ട്.
അബുദാബി കേന്ദ്രീകരിച്ച് ഓണ്‍ലൈനിലൂടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് സജാദ് അറസ്റ്റിലായി. മാതൃഭൂമി, ഗ്രീന്‍ ബുക്‌സ്, ഒലീവ്, ഡി സി ബുക്‌സ് എന്നിവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച ഇയാളെ നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ വെച്ചു തന്നെ പൊലീസ് പിടികൂടുകയായിരുന്നു.
1957ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ കോപ്പി റൈറ്റ് ആക്റ്റ് പ്രകാരം രചിക്കുമ്പോഴോ, പ്രസിദ്ധീകരിക്കുമ്പോഴോ, സ്രഷ്ടാവ്, ഇന്ത്യൻ പൗരനോ, ഇന്ത്യയിലെ സ്ഥിരവാസിയോ ആയിരുന്നു എങ്കിൽ, അത്തരം മൌലികമായ ലിഖിതസൃഷ്ടികൾ, നാടകാവിഷ്കാരങ്ങൾ, സംഗീതകൃതികൾ, ശബ്ദലേഖകൾ, മറ്റുകലാസൃഷ്ടികൾ എന്നിവയ്ക്ക് പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ പ്രസിദ്ധീകരണ അവകാശങ്ങള്‍ ഉള്ള പുസ്തങ്ങളുടെയും മറ്റും പുന പ്രസിദ്ധീകരണമോ ഏതെങ്കിലും ഒരു ഭാഗമോ മറ്റൊരു പ്രസാധകന് പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരന്‍ അല്ലെങ്കില്‍ പ്രസിദ്ധീകരണ സ്ഥാപനത്തില്‍ നിന്നുമുള്ള അനുവാദം ആവശ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ വാട്സ് ആപ്പ് പോലുള്ള ഗ്രൂപ്പുകളില്‍ പുസ്തകങ്ങളുടെ വ്യാജപ്പതിപ്പുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നു.
ഇതില്‍ മറ്റൊരു കാര്യം പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ ഷെയര്‍ ചെയ്യുന്നവരും സ്വീകരിക്കുന്നവരും മാത്രമല്ല, ഒരു ഗ്രൂപ്പിലാണ് ഇത് പോസ്റ്റ് ചെയ്യപ്പെടുന്നതെങ്കില്‍ ആ ഗ്രൂപ്പിന്റെ അഡ്മിനും പ്രതിസ്ഥാനത്താവും. ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ടായാല്‍ ക്രിമിനല്‍ നിയമപ്രകാരം അഡ്മിനും വിചാരണ നേരിടേണ്ടിവരും. അതിനാല്‍ ഗ്രൂപ്പ് അഡ്മിന്‍ ഇക്കാര്യം എല്ലാ അംഗങ്ങളെയും അറിയിച്ച് പകര്‍പ്പവകാശലംഘനം നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
വാട്‌സ് ആപ്പിന്റെ നിയമപരമായ പിന്തുണയോടെ എന്‍ഡ് ടു എന്‍ഡ് എന്‍ഡ്ക്രിപ്റ്റഡ് ആയ മെസേജുകള്‍ ഡിക്രിപ്റ്റ് ചെയ്യാന്‍ പോലീസിനു കഴിയും. അതുകൊണ്ടുതന്നെ വ്യക്തിപരമായോ, ഗ്രൂപ്പിലോ ഷെയര്‍ ചെയ്ത പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിയമപാലകര്‍ക്ക് കഴിയും.
Post Your Comments