”മാധവന്‍ എന്റേതാണ്. ഞാന്‍ ഇനിയും അയാളെ പ്രേമിക്കും. പകയോടെ പ്രേമിക്കും. പ്രേമം കൊണ്ട് പരാജയപ്പെടുത്തും. പവിത്രീകരിക്കും” മീരാസാധു
ഭക്ത മീരയുടെ ജീവിതം പകര്‍ത്തുന്ന ധാരാളം സാഹിത്യ സൃഷ്ടികള്‍ ഉണ്ടായിട്ട ഉണ്ട്. അതില്‍ വ്യത്യസ്തമായൊരു ആഖ്യാന ശൈലി പിന്തുടരുന്ന കൃതിയാണ് മീരാസാധു.
കെ ആര്‍ മീരയുടെ നോവലുകളില്‍ ഏറെ വ്യത്യസ്തമായ ഒരു ലഘു നോവലാണ് മീരാസാധു. നോവല്‍ ലഘുവാണെങ്കിലും അതിലെ ജീവിതങ്ങള്‍ ഒട്ടും ലഘുവല്ല. പ്രണയവും ആസക്തിയും ഭക്തിയുടെ കമ്പോളവത്കരണവും പുരാവൃത്തവും എല്ലാം കലര്‍ന്ന ഒരു ആഖ്യാനകാവ്യം. പ്രണയത്തിന്‍റെ തീവ്രത എത്രയുണ്ടോ? അത്രതന്നെ പകയുടെ പ്രതികാരവും ഇതില്‍ നിറഞ്ഞു നില്‍ക്കുന്നു.
മീരാ സാധു തുളസി എന്ന പെണ്ണിന്‍റെ ആത്മകഥയാണ്. വൃന്ദാവനത്തിലെത്തി മീരസാധു ആകുന്ന തുളസിയെ 12 വര്‍ഷങ്ങള്‍ക്കുശേഷം ഭര്‍ത്താവ് മാധവന്‍ കാണാന്‍ എത്തുന്നു. സ്വയം പീഡിപ്പിച്ചു വേദനിച്ചു പ്രതികാരം തീര്‍ക്കുന്ന മീരസാധു അയാള്‍ക്ക് മുന്നില്‍ തന്റെ ഭിക്ഷാ പാത്രം നീട്ടികൊണ്ട് പകരം തീര്‍ക്കുന്നു. അയാള്‍ തളര്‍ന്നു നിലം പതിക്കുമ്പോള്‍ ആത്മ സംതൃപ്തിയോടെ തന്റെ താമസ സ്ഥലത്തേക്ക് മടങ്ങുന്നു.
1499 നും 1504നും ഇടയില്‍ രാജസ്ഥാനിലെ ചൌക്കരി ഗ്രാമട്ട്തില്‍ രത്തന്‍ സിങ്ങിന്‍റെ മകളായി മീര ജനിച്ചു. ചെറുപ്പം മുതല്‍ കൃഷ്ണഭക്തിയില്‍ അലിഞ്ഞു ചേര്‍ന്ന മീരക്ക് ഭര്‍ത്താവ് ഭോജരാജന്‍ കൊട്ടാരം വളപ്പില്‍ ഒരു ക്ഷേത്രം പണിതുകൊടുത്തു. യുദ്ദ്ധാത്തില്‍ ഭോജരാജന്‍ വധിക്കപ്പെടുമ്പോള്‍ മീര ഭക്തിയില്‍ മാത്രം ലയിച്ചു ജീവിതം മുന്നോട്ടു പോകുന്നു. എന്നാല്‍ സ്വത്ത് തട്ടിയെടുക്കാനായി കുടുംബാഗങ്ങള്‍ ശ്രമിക്കുമ്പോള്‍ മീര കൃഷ്ണ ക്ഷേത്രത്തിലേക്ക് കയറിപ്പോകുന്നു. പിന്നെയാരും മീരയേ കാണുന്നതേയില്ല.
മധുരയിലെ വൃന്ദാവനത്തില്‍ വച്ചാണ് തുളസി മീരാസാധുക്കളെ കാണുന്നത്. ജീവിതത്തില്‍ നിവര്‍ത്തികേട് കൊണ്ട് മീരാസാധുക്കള്‍ ആയാവര്‍. വിഭജനത്തില്‍ നിന്നും ഓടിപ്പോരേണ്ടിവന്നവര്‍, പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ടു വന്നവര്‍ ഇങ്ങനെ വ്യത്യസ്ത ഇടങ്ങളില്‍ നിന്നും ജീവിതം നഷ്ടമായവര്‍. അവര്‍ വൃന്ദാവനത്തില്‍ അഗതികള്‍ മാത്രം. വൃന്ദാവനത്തില്‍ വിധവകള്‍ മാത്രമാണ് മീരാസാധുക്കള്‍. ഭര്‍തൃമതികളും കന്യകമാരും ഇവിടെ രാധാമായിമാരാണ്.
ഭക്തമീരയെ പോലെ പാട്ടുപാടി അലഞ്ഞു നടക്കാന്‍ മീരസാധുക്കള്‍ക്ക് അനുവാദമില്ല. രാവിലെ മുതല്‍ രാത്രിവരെ ഭാജനമണ്ഡപത്തില്‍ കൃഷ്ണ നാമം ജപിക്കണം. ടെമ്പിള്‍ ട്രെസ്റ്റ് ദിവസവും രണ്ടര രൂപ അലവന്‍സ് കൂലിയായി നല്‍കുന്നുണ്ട്. ഭക്തിയെയും ആത്മീയതയും കച്ചവട കണ്ണോടെ കാണുന്ന വര്‍ത്തമാന കാലത്തെ ചിത്രീകരിക്കുന്ന മീരാസാധു വായനയെ ചിന്തിപ്പിക്കുന്നു. ഒരു പെണ്ണിന്‍റെ പ്രതികാരം സ്വന്തം കുഞ്ഞുങ്ങളെ കൊന്നു അച്ഛനെ കാണിച്ചുകൊണ്ട് തീര്‍ക്കുന്നത് എന്തിനാണെന്ന് അറിയണം എങ്കില്‍ മീരയായി അല്ല തുളസിയായി നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ടി വരും.
Post Your Comments