പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന്‍ എന്ന പുത്തന്‍ വീട്ടില്‍ നാരായണന്‍ നായര്‍. അദ്ദേഹത്തിന്‍റെ 91-ആം ജന്മവാര്‍ഷികമാണ് ഒക്ടോബര്‍ 26. തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകിയുടെയും മകനായി 1925 ഒക്ടോബര്‍ 26നാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നീലേശ്വരം രാജാസ് ഹൈസ്‌കൂളിലും, തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പഠനം നടത്തി. തുടര്‍ന്ന് സൈനികസേവനത്തിനിടയില്‍ ഉപരിപഠനവും നടത്തി.
കവി പി. ഭാസ്‌കരനാണ് പി.വി. നാരായണന്‍ നായര്‍ എന്ന പേര് പവനന്‍ എന്നാക്കി മാറ്റിയത്. സാഹിത്യ ചര്‍ച്ച, പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, യുക്തിവിചാരം, മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും, യുക്തിവാദത്തിന് ഒരു മുഖവുര, ഉത്തരേന്ത്യയില്‍ ചിലേടങ്ങളില്‍, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, ആദ്യകാലസ്മരണകള്‍, അനുഭവങ്ങളുടെ സംഗീതം, കേരളം ചുവന്നപ്പോള്‍, പവനന്റെ ആത്മകഥ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
കമ്യൂണിസ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തിയ പവനന്‍ ദേശാഭിമാനി, ജനയുഗം, നവജീവന്‍, സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ വാരിക തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ എമിരറ്റസ് ഫെലോഷിപ് ലഭിച്ചിട്ടുണ്ട്. സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്(രണ്ടു തവണ) ലഭിച്ചിട്ടുണ്ട്. 1965ലും 75ലും സമഗ്ര സംഭാവനകയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി ഭട്ടതിരിപ്പാട് അവാര്‍ഡ് , കുറ്റിപ്പുഴ അവാര്‍ഡ് , വൈലോപ്പിള്ളിഅവാര്‍ഡ്, മഹാകവി ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 1975-84 വരെ സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള സംഗീത അക്കാദമി എന്നിവയില്‍ അംഗമായിരുന്ന പവനന്‍ കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 2006 ജൂണ്‍ 22ന് അദ്ദേഹം അന്തരിച്ചു.
Post Your Comments