മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ തങ്ങളുടെ രുചി ആനുഭവം ആവിഷ്കരിക്കുകയാണ് മെനുസ്മൃതി എന്ന പുസ്തകത്തില്‍. ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്‍റെ സമാഹരണം നിര്‍വഹിച്ചിരിക്കുന്നത് വിനു ജോസഫ് ആണ്.
മലബാറിലെ ഭക്ഷണ ധൂര്‍ത്തിനെപറ്റി എഴുതി വിശപ്പിന്റെ ആഴത്തെക്കുറിച്ചും പട്ടിണികിടക്കുന്നവന്റെയും അരവയറുനിറയ്ക്കാന്‍ രാപ്പകലുകഷ്ടപ്പെടുന്നവന്റെയും കഷ്ടതകളെക്കുറിച്ച് മലയാളികളെ ഓര്‍മ്മപ്പെടുത്തിയ പ്രിയ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ജീവിതത്തിലെ ഒരു അനുഭവം വായിക്കാം.
വെള്ളപ്പിഞ്ഞാണത്തിലെ തക്കാളിക്കറി
ഒരു നല്ല കഥയുടെ അവസാന വരിയെഴുതി പേനയടയ്ക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി… നല്ലയാഹാരം എന്തായാലും മനസ്സറിഞ്ഞു കഴിച്ചു കൈകഴുകുമ്പോള്‍ കിട്ടുന്നതും അതുതന്നെയെന്നാണു കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറയുന്നത്. വിശപ്പാണ് ഏതു വിഭവത്തിനും രുചിയേറ്റുന്നത്. വയറുകാഞ്ഞു കഴിക്കുമ്പോള്‍ റേഷനരിച്ചോറും അമൃതേത്താവുമെന്ന് ഒരുനൂറു പശിയനുഭവങ്ങള്‍ ഓര്‍ത്തെടുത്തു കഥാകാരന്റെ സാക്ഷ്യം. അതിലൊന്നു കേള്‍ക്കാന്‍ അട്ടപ്പാടിയിലേക്കു വച്ചുപിടിക്കാം.
ഇപ്പോള്‍ സന്തോഷ്, കാസര്‍കോട് നിന്നു ഗൂളിക്കടവു വഴി അഗളി അട്ടപ്പാടിയിലേക്കുള്ള യാത്രയിലാണ്. പ്രായം 20. രണ്ടു ചങ്ങാതിമാരുണ്ടു കൂടെ. താടി വളര്‍ത്തിയ ഒരു ഗോപാലകൃഷ്ണനും പരുത്തിയുടുപ്പിട്ട ഭാര്യ വിജയലക്ഷ്മിയും ചേര്‍ന്ന് ആയിടെ അട്ടപ്പാടിയില്‍ ‘സാരംഗ് ‘ എന്ന ബദല്‍ വിദ്യാപീഠം ആരംഭിച്ചിട്ടുണ്ട്. ജൈവകൃഷിയും അവര്‍ നടപ്പാക്കുന്നുണ്ട്. അതെല്ലാം കണ്ടും കേട്ടുമറിയുകയാണു ലക്ഷ്യം. ഗൂളിക്കടവില്‍ വണ്ടിയിറങ്ങി. ഇനി അട്ടപ്പാടിയിലേക്കു നടക്കണം, വേറെ വാഹനമില്ല. മുട്ടക്കുന്നുകളാണു മുന്നില്‍.
തമിഴ്‌നാട്ടില്‍നിന്നു അട്ടപ്പാടിയില്‍ കുടിയേറിയവര്‍ മണ്ണിനിണങ്ങാത്ത കൃഷിരീതിയിലൂടെ നാട് നശിപ്പിച്ചതിന്റെ ഫലമാണ് പച്ചകെട്ട മുട്ടക്കുന്നുകള്‍. കുത്തനെയുള്ള കയറ്റം. വലിഞ്ഞു നടന്നു രാത്രിയോടെ സാരംഗിലെത്തി.
വീടിരിക്കുന്ന പരിസരം ഗോപാലകൃഷ്ണനും കൂട്ടരും പതിയെ പറുദീസയാക്കുകയാണ്. വറ്റിവരണ്ട മണ്ണില്‍ വിയര്‍പ്പു നനച്ചുഴുത് വിരിയിച്ച ഹരിതമാണെങ്ങും. തഴച്ചയിലച്ചെടികള്‍. തെഴുത്തു വരുന്ന മരങ്ങള്‍. ഈറനുടുത്തു പ്രസന്നമായ പച്ചക്കറികള്‍… നടുവില്‍, ഇലച്ചിറകുള്ള കാട്ടുകിളിയെപ്പോലെ സാരംഗ് എന്ന കൊച്ചുവീടും. മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി ജീവിതം പഠിക്കാമെന്ന ചെറിയ (വലിയ) പാഠങ്ങളാണ് സാരംഗിന്റെ സിലബസ്. കുറച്ച് ആദിവാസിക്കുട്ടികള്‍ അതു പഠിക്കാന്‍ വരുന്നുണ്ട്. (ഗോപാലകൃഷ്ണന്റെ ‘വട്ടില്‍’ അന്നു നാട്ടുകാര്‍ക്കു വിശ്വാസം വന്നുതുടങ്ങിയിരുന്നില്ല.) കണ്ടും കേട്ടും ചുറ്റിനടക്കുന്നതിനിടെ വിരല്‍ പിടിക്കാന്‍ വിശപ്പുവന്നു.
പാറത്തണുപ്പുള്ള പച്ചവെള്ളത്തില്‍ കയ്യും മുഖവും കഴുകിവന്നപ്പോള്‍ പിഞ്ഞാണത്തില്‍ ചൂടു കഞ്ഞിയെത്തി. മഞ്ഞപ്പൊടി ജാസ്തിയിട്ടുലത്തിയ പയര്‍ കറിയും പച്ചമുളകു വഴറ്റി കടുകു പൊട്ടിച്ച തക്കാളിച്ചാറും കൂട്ടിനുണ്ട്. തൊട്ടപ്പുറത്തൊരുക്കിയ പാടത്തു വിളഞ്ഞ നെല്ലാണ്. തടമെടുത്തു പച്ചിലവളമിട്ടു വളര്‍ത്തിയ പയറാണ്. ഒരു വളവും കൊടുക്കാതെ താനേ വിളഞ്ഞ തക്കാളിയാണ്. പ്രകൃതിയുടെ നന്മയൊന്നാകെ ആ വെള്ളപ്പിഞ്ഞാണത്തില്‍ വിരുന്നുവന്നതുപോലെ തോന്നി. ആദ്യ കവിള്‍ ഇറക്കുംമുമ്പേ ഒരു കാറ്റടിച്ചു. തൊടിയുടെ അങ്ങേപ്പുറത്തെ ഔഷധസസ്യത്തോട്ടം വലംവച്ചുവന്ന കുറുന്തോട്ടിക്കാറ്റ്; അല്ല, പനിക്കൂര്‍ക്കക്കാറ്റ് അതുമല്ലെങ്കില്‍ പൂവാങ്കുറുന്നിലക്കാറ്റ്… നിറഞ്ഞു..!
തക്കാളിക്കറി കപ്പയിട്ടത്
ചേരുവകള്‍
1. കപ്പ – അര കിലോ
2. തക്കാളി – കാല്‍ കിലോ
3. സവാള അരിഞ്ഞത് – അര കപ്പ്
4. മഞ്ഞള്‍പ്പൊടി -അര ടീ സ്പൂണ്‍
5. മുളക്‌പൊടി – ഒരു ടേബിള്‍ സ്പൂണ്‍
6. കുരുമുളകു പൊടി – കാല്‍ ടീ സ്പൂണ്‍
7. ഉപ്പ് – പാകത്തിന്
8. എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
പാചകം: കപ്പ തൊലി കളഞ്ഞു പുഴുങ്ങി ഒരിഞ്ച് നീളത്തില്‍ അരിയുക. എണ്ണ ചൂടാക്കി ഈ കഷണങ്ങള്‍ ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്തു മാറ്റിവയ്ക്കുക. എണ്ണയില്‍ സവാള ചേര്‍ത്തു നന്നായി വഴറ്റി മഞ്ഞള്‍പൊടി, മുളകുപൊടി, അരിഞ്ഞ തക്കാളി ഇവയിട്ടു വഴറ്റുക. ഇതിലേക്ക് കപ്പക്കഷണങ്ങളും അരക്കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് വേവിക്കുക. ഇറക്കുന്നതിനു മുന്‍പ് കുരുമുളകു പൊടിയും മല്ലിയിലയും ചേര്‍ത്ത് ഇളക്കുക.
(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മെനുസ്മൃതി എന്ന പുസ്തകത്തില്‍ നിന്ന്)
Post Your Comments