അടുക്കളയിലെ കൈപുണ്യത്തില്‍ വേവിച്ച കവിതകളുമായി ഒരാള്‍
അടുക്കളയിലെ കൈപുണ്യത്തില്‍ വേവിച്ച കവിതകളുമായി ഒരാള്‍ കടന്നുവരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഭക്ഷണശാല നടത്തുന്ന ശാലിനി ദേവാനന്ദ്. മൂന്ന് കവിതാ സമാഹാരങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഒ എന്‍ വി യും സുഗതകുമാരിയും എം ടിയുമാണ് ഈ പുസ്തകങ്ങളുടെ മുന്‍കുറിപ്പുകള്‍ എഴുതിയത്.
“ശാലിനിയുടെ കവിത വായിച്ചപ്പോള്‍ അവര്‍ക്ക് ജീവിതത്തെക്കുറിച്ച് ചിലത് പറയാനുണ്ട് എന്ന് മനസ്സിലായി. അത് ചെറിയ കാര്യമല്ലല്ലോ’. എം ടി വാസുദേവന്‍നായര്‍ മുഖക്കുറിപ്പില്‍ പറഞ്ഞതാണിത്. ശാലിനിയുടെ മൂന്നാമത്തെ കവിതാ സമാഹാരമായ “അക്ഷരത്തുട്ടുകള്‍’ക്ക് എഴുതിയ അവതാരികയിലാണ് എം ടി ഇതു പറഞ്ഞത്.
തിരുവനന്തപുരം നഗരത്തില്‍ ബേക്കറി ജങ്ഷനില്‍ ഭക്ഷണശാല നടത്തുന്ന ശാലിനി ദേവാനന്ദിന്റെ പേര് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. വെള്ളിവെളിച്ചത്തില്‍ അവരെ പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. ശാലിനിയുടെ മൂന്ന് കവിതാ സമാഹാരങ്ങള്‍ ആതിനു മുഖ കുറിപ്പുകള്‍ എഴുതിയത് മലയാള സാഹിത്യത്തിലെ മഹാവൃക്ഷങ്ങളായ ഒ എന്‍ വി കുറുപ്പും സുഗതകുമാരിയും എം ടിയുമാണ്. ഒരെഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം അത് ചില്ലറക്കാര്യമല്ലല്ലോ
കവികള്‍ എല്ലാരും പറഞ്ഞ ജീവിതത്തിന്‍റെ ശബളിമയ്ക്കപ്പുറം ഇരുട്ട് നിറഞ്ഞ അതിന്റെ ആഴങ്ങളും, അവിടെ ആരും കാണാതെ പതിയിരിക്കുന്ന ചതിയും വഞ്ചനയും ചൂഷണമായി മാറികൊണ്ടിരിക്കുന്ന പ്രണയവുമെല്ലാം ശാലിനിയുടെ കവിതകളില്‍ വിഷയം ആകുന്നു. എങ്ങനെ ആണ് ജീവിതം ചവര്‍പ്പ് നിറഞ്ഞ ഒന്നായി ശാലിനിക്ക് മാറിയതെന്ന് നമുക്ക് തോന്നും. അതിനുള്ള ഉത്തരമാണ് ഒരു അവതാരിക എഴുതണമെന്ന് അഭ്യര്‍ഥിച്ച് എം ടിക്കെഴുതിയ കത്ത്. “ഞാനധികം പഠിച്ചിട്ടില്ല. വളരെക്കുറച്ചേ വായിച്ചിട്ടുള്ളൂ. ഒരു ചെറിയ പുസ്തകം വായിച്ചുതീര്‍ക്കാന്‍ ചിലപ്പോള്‍ രണ്ടാഴ്ച വേണ്ടിവരും. കാരണം, ഞാന്‍ ഒരു ചെറിയ ഹോട്ടല്‍ നടത്തുകയാണ്’. ഈ വരികള്‍ അവരുടെ ആകെ ജീവിതത്തിന്റെ ചുരുക്കെഴുത്താണ്.
ബാലരാമപുരത്തുകാരിയായ ശാലിനി ചെറുപ്പംമുതലേ എഴുതുമായിരുന്നു. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം കോണ്‍വെന്റ് സ്കൂളിലാണ് പഠിച്ചത്. പത്താംതരത്തില്‍ 80 ശതമാനം മാര്‍ക്കുണ്ടായിരുന്നു. പ്രണയിച്ചായിരുന്നു വിവാഹം. വിവാഹശേഷം ജീവിതഭാരംകൂടി. രണ്ടറ്റവും കൂട്ടിമുട്ടാതെ വന്നപ്പോഴാണ് ഒരു ഭക്ഷണശാല തുടങ്ങിയത്. 15 വര്‍ഷമായി ഹോട്ടല്‍ തുടങ്ങിയിട്ട്. ഇവിടുത്തെ രാപ്പകലില്ലാത്തെ അധ്വാനത്തിനിടയില്‍ രാത്രി ഏറെ വൈകിയുള്ള ഉറക്കത്തിനുമുമ്പ് വല്ലപ്പോഴും കിട്ടുന്ന ഇത്തിരി സമയത്തിനിടയിലാണ് എഴുത്തും വായനയും. മൂത്തമകള്‍ ഗൗരി ജനിച്ചശേഷം പ്രീഡിഗ്രി ജയിച്ചു. ഡിഗ്രി പൂര്‍ത്തിയാക്കിയില്ല.
ഭക്ഷണശാലയില്‍ ആഹാരം കഴിക്കാന്‍ എത്തിയിരുന്ന പ്രൊഫ. അലിയാര്‍ വഴി നാടകകൃത്ത് പിരപ്പന്‍കോട് മുരളിയെ പരിചയപ്പെട്ടു. കുത്തിക്കുറിച്ചതൊക്കെ ഒരു ദിവസം അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം തന്ന ധൈര്യത്തില്‍ പിന്നെയും എഴുതി. അങ്ങനെ എഴുത്തിന്‍റെ ലോകത്ത് സാനിധ്യം അറിയിക്കാന്‍ തുടങ്ങി.
നേരം പുലരുന്നതുമുതല്‍ അര്‍ധരാത്രിവരെ കഠിനാധ്വാനം ചെയ്ത് വിയര്‍പ്പൊഴുക്കി ജീവിതത്തെ ഈ എഴുത്തുകാരി മുന്നോട്ടു കൊണ്ട് പോകുന്നത്. അതുകൊണ്ട് തന്നേ ജീവിതത്തില്‍ ഒരു സര്‍ഗ്ഗാത്മ വിപ്ലവം നടത്തുകയാണ് ശാലിനി. “അരക്ഷിതത്വത്തിന്റെ അസഹിഷ്ണുതയേക്കാള്‍ അനാഥത്വത്തിന്റെ ചൂടാണ് എനിക്കിഷ്ടം’ എന്ന അവരുടെ വരികളിലൂടെ ജീവിതം വാക്കല്ല പ്രവര്‍ത്തിയാണെന്ന സിദ്ധാന്തത്തെ വായനക്കാര്‍ക്ക് മുന്‍പില്‍ വിളമ്പുകയാണ് ഈ കച്ചവടക്കാരിയായ എഴുത്തുകാരി.
‘’സത്യസന്ധമായ ഏറ്റുപറച്ചില്‍ വാങ്മയമാക്കാന്‍ ശാലിനിക്ക് കഴിയുന്നുവെന്ന്’’ എം ടി അക്ഷരത്തുട്ടുകളുടെ അവതാരികയില്‍ പറയുന്നുണ്ട്. ഒരു സുഹൃത്ത് എം ടിയെ കാണാന്‍പോയപ്പോള്‍ പുസ്തകം കൊടുത്തുവിടുകയായിരുന്നു ശാലിനി. അസുഖമായിരുന്നതിനാല്‍ അന്ന് എം ടി നോക്കിയില്ല. കുറെ കഴിഞ്ഞ് ഒരു കത്തും ചേര്‍ത്തുവച്ച് വീണ്ടും പുസ്തകമയച്ചു. ശാലിനി എന്നെ ഒഴിവാക്കാന്‍ ഭാവമില്ലായിരുന്നു എന്നാണ് എം ടി പിന്നീട് പറഞ്ഞത്. ശാലിനിക്ക് എക്കാലത്തേക്കുമുള്ള വലിയ അനുഭവമായി എം ടി അവതാരിക എഴുതി. തിരുവനന്തപുരത്ത് വരുമ്പോള്‍ കാണാന്‍ വരാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍പ്പോലും പ്രതീക്ഷിച്ചില്ല ആ വരവ്. പക്ഷേ, സ്വപ്നത്തെപ്പോലും തോല്‍പ്പിച്ച് എം ടി വന്നു. മാധ്യമപ്പട പിന്നാലെയും. വന്ന്, ഊണുകഴിച്ച്, കുറെ നല്ലവാക്കുകള്‍ പറഞ്ഞ് അദ്ദേഹം തിരിച്ചുപോയി. എം ടിയുടെ അവതാരികയോടെയുള്ള കവിതാസമാഹാരം പ്രകാശനംചെയ്തത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.
ഭര്‍ത്താവ് ദേവാനന്ദും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. ജീവിതത്തിന്‍റെ ദുരിത കയത്തില്‍ താന്‍ ആനുഭവിച്ചതില്‍ നിന്നെല്ലാം ഉയരത്തെണീറ്റ ശാലിനി മക്കള്‍ നല്ല ജീവിതം അറിയണമെന്നും അവര്‍ക്ക് പറ്റാവുന്നതെല്ലാം നല്‍കണം എന്നും ആഗ്രഹിക്കുന്ന ഒരു അമ്മയാണ്. പകളും രാവേറയും പണിയെടുത്ത് ജീവിതത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ഈ എഴുത്തുകാരി സ്വപ്‌നങ്ങള്‍ക്കു പകരം ജീവിതത്തിന്‍റെ കയ്പ്പ് തന്നെ വാക്കുകളായി ആസ്വാദകന് വിളമ്പുന്നു.
Post Your Comments