പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ക്കെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ നടത്തിയ ചെറ്റ പ്രയോഗം കടന്നകൈ ആയിപ്പോയെന്ന് എന്‍ഇ സുധീര്‍. വാക്കിന്റെ രാഷ്ട്രീയം നന്നായി അറിയുന്ന മാധവനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലയെന്നും. പൊടുന്നനെയുള്ള ആശയസംവേദനത്വര പലപ്പോഴും ചിന്തകളെയും സംസ്‌കാരത്തെയും പ്രതിരോധത്തിലാക്കുമെന്നും സുധീര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എന്‍ഇ സുധീറിന്റെ കുറിപ്പ്:
ഒരു വ്യക്തിയെ ‘ചെറ്റ’ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നതിനു പിന്നില്‍ എന്ത് മാനസികാവസ്ഥയാണ് ഉള്ളത് ? എനിക്കേറെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എന്‍ .എസ് .മാധവന്‍ അതിലേറെ പ്രിയപ്പെട്ട എസ് . ജയചന്ദ്രന്‍ നായരെ ആ പദം ഉപയോഗിച്ചു വിശേഷിപ്പിച്ചിരിക്കുന്നു. മാധവന്‍ ഇന്നലെ നടത്തിയ ഒരു ട്വീറ്റിലാണ് ഈ പദ പ്രയോഗം കടന്നുകൂടിയത്. ‘ചെറ്റ’ എന്ന പദം എന്താണ് സൂചിപ്പിക്കുന്നത് ? എന്റെയൊക്കെ കുട്ടിക്കാലത്ത് ചെറ്റക്കുടില്‍ എന്ന് കേട്ടിട്ടുണ്ട്. പാവപ്പെട്ടവരുടെ ചെറിയ കുടിലിനെ ഉദ്ദേശിച്ചാണ് അന്നത് ഉപയോഗിച്ചത്. അതുകൊണ്ടു തന്നെ ഒരു സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയം ആ വാക്കിന് പിന്നിലുണ്ട്. എന്നാല്‍ വ്യക്തികളെ ഉദ്ദേശിച്ചാണ് ഉപയോഗമെങ്കില്‍ ഹീനന്‍, നികൃഷ്ടന്‍ എന്ന അര്‍ത്ഥത്തിലും ആവാം എന്ന് ശബ്ദതാരാവലി പറയുന്നു. ചെറ്റക്കുടില്‍ എന്ന വാക്കിന് ഹീനമായ കുടില്‍ എന്ന വ്യഖ്യാനമില്ലാത്തതുപോലെ ചെറ്റയായവന്‍ എന്നതിനും അത് വേണ്ട. പാവപെട്ടവന്‍ എന്ന് മതി. രണ്ടായാലും ഇത് കടന്നകൈ ആയിപ്പോയി. വാക്കിന്റെ രാഷ്ട്രീയം നന്നായി അറിയുന്ന മാധവനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. പൊടുന്നനെയുള്ള ആശയസംവേദനത്വര പലപ്പോഴും നമ്മുടെ ചിന്തകളെയും സംസ്‌കാരത്തെയും പ്രതിരോധത്തിലാക്കുന്നു.
ഇതിനു കാരണമായ വിഷയം അതിലേറെ രസകരമാണ്. എം സുകുമാരന്റെ പിതൃദര്‍പ്പണം എന്ന കഥ പ്രസിദ്ധീകരിച്ചപ്പോള്‍ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ ‘നാറിയ’ എന്ന ഒരു വാക്ക് ആ കഥയില്‍ നിന്ന് വെട്ടിക്കളഞ്ഞിരുന്നു എന്ന് സുകുമാരന്‍ പറഞ്ഞതായി കെ . എസ് . രവികുമാര്‍ ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിട്ടുണ്ട്. അത് ഉചിതമായി എന്ന മട്ടിലാണ് സുകുമാരന്‍ പറഞ്ഞത് എന്നും രവികുമാര്‍ സൂചിപ്പിക്കുന്നു. ഈ വെട്ടിമാറ്റലിനെ ഏറ്റു പിടിച്ചാണ് മാധവന്‍ പ്രകോപിതനായിരിക്കുന്നത്. എടുത്തു ചാടിയുള്ള ഇടപെടലുകള്‍ നമ്മളെ പലപ്പോഴും മറ്റൊരാളായി മാറ്റുന്നു. വാക്കുകള്‍ കടുത്ത ആയുധങ്ങളാണ്. അതിന്റെ എടുത്തുമാറ്റലുകളും, അനവസരത്തിലുള്ള പ്രയോഗവും ചിലപ്പോള്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കും.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും പ്രശ്നമായ ആത്മകഥകള്‍
Post Your Comments