ആദിവാസി ഭാഷയായ ഗോണ്ടിയില്‍ നിഘണ്ടു തയ്യാറാകുന്നു. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി പന്ത്രണ്ട് മില്യണ്‍ ആദിവാസികള്‍ സംസാരിക്കുന്ന ഭാഷയാണ് ഗോണ്ടി. ഭാഷയിലെ ആദ്യ നിഘണ്ടുവാണ് ഇന്ദിര ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒറീസ, ആന്ധ്രാപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നുണ്ട്. എന്നാല്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും പ്രാദേശിക ഭാഷയുടെ സ്വാധീനം കൊണ്ടും ഓരോയിടത്തുമുള്ള ഗോണ്ടിയില്‍ ചില വ്യത്യാസങ്ങളൊക്കെ ഉണ്ടാകാം. ഇത് മൂലം രണ്ട് സംസ്ഥാനത്തുള്ളവര്‍ തമ്മിലുള്ള ആശയവിനിമയം തന്നെ പലപ്പോഴും ബുദ്ധിമുട്ടിലാകാറുണ്ട്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഒരു ഏകീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഈ സമുദായത്തിനകത്തുള്ള നൂറോളം പേര്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇതിനായുള്ള പ്രയത്‌നത്തിലാണ്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഗോണ്ട് സമുദായത്തില്‍ പെട്ട ഒരുപാട് സഹപാഠികളുണ്ടായിരുന്നെന്നും, ജോലിയുടെ ഭാഗമായി പിന്നീട് നാട്ടിലെത്തിയപ്പോള്‍ അവരില്‍ പലരും ആയുധമെടുത്ത് മാവോയിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി കണ്ടെന്നു നിഘണ്ടു പ്രവര്‍ത്തകരില്‍ ഒരാളായ ചൗധരി പറയുന്നു. “ആ പ്രദേശത്ത് മാവോയിസ്റ്റാകുന്ന തൊണ്ണൂറ്റൊമ്ബത് പേരില്‍ തൊണ്ണൂറ്റെട്ടും ഗോണ്ട് സമുദായക്കാരാണെന്നും അതില്‍ തൊണ്ണൂറ് ശതമാനവും പഠനം പാതിയില്‍ നിര്‍ത്തിയവരുമാണ്. ഇതിന്റെ കാരണം വളരെ ലളിതമാണ്. അവിടെ പ്രാദേശികരായ അദ്ധ്യാപകരില്ല. ഉള്ളത് പുറത്ത് നിന്ന് വരുന്ന ഹിന്ദി സംസാരിക്കുന്നവരും.”
മാവോയിസ്റ്റുകള്‍ ആദിവാസികളുടെ കൂടെ താമസിച്ച് അവരുടെ ഭാഷ പറയുന്നു. സര്‍ക്കാരും ഗോണ്ടുകളും തമ്മില്‍ യാതൊരു ആശയവിനിമയവും നടക്കുന്നില്ല. ഏകീകൃതമായ ഒരു നിഘണ്ടു ഉണ്ടെങ്കില്‍ സമുദായത്തിനകത്ത് നിന്ന് തന്നേ അദ്ധ്യാപകരും മാധ്യമപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും ഉയര്‍ന്ന് വരുമെന്നാണ് ഇവരുടെ പക്ഷം. പുസ്തകത്തിനൊപ്പം ഓഡിയോ നിഘണ്ടു ഇറക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഹിന്ദിയില്‍ നിന്ന് ഗോണ്ടിയിലേക്കും തിരിച്ചും തര്‍ജ്ജമ ചെയ്യുന്ന വാമൊഴി നിഘണ്ടു തയ്യാറാക്കാനുള്ള ചര്‍ച്ചകളും പ്രാരംഭഘട്ടത്തിലാണ്.
Post Your Comments