ചെറിയ ചെറിയ ഈഗോകള്‍ പലപ്പോഴും താരങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. അതിന്റെ ഫലമായി വര്‍ഷങ്ങളോളും പിണങ്ങികഴിയുന്നവരുമുണ്ട്. എന്നാല്‍ ഒരു തെറ്റിദ്ധാരണകൊണ്ട് മാറി നില്‍ക്കുന്ന രണ്ടുപേരാണ് സംവിധായകന്‍ ജോഷിയും നടന്‍ ജയസൂര്യയും. മലയാളത്തിലെ ഹിറ്റ് ഫിലിം മേക്കര്‍ ജോഷിയും നടന്‍ ജയസൂര്യയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് മണിയന്‍ പിള്ള രാജു വെളിപ്പെടുത്തുന്നു. തന്റെ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തിലാണ് ഈ വിഷയത്തെക്കുറിച്ചു രാജു പറയുന്നത്.
സംഭവമിങ്ങനെ.. സിനിമയെയും സിനിമരംഗത്തുള്ളവരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജോഷി. സിനിമാരംഗത്തുള്ളവരെല്ലാം ജോഷിസാര്‍ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അപൂര്‍വം ചിലര്‍ മാത്രം ചേട്ടനെന്നും. ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്തുവെച്ച് നടക്കുന്ന സമയം. നയന്‍താരയുടെ ഡാന്‍സ് രംഗം ചിത്രീകരിക്കുകയാണ്. ലൊക്കേഷനില്‍ പൃഥിരാജുണ്ട്, ജയസൂര്യയുണ്ട്, കുഞ്ചാക്കേ ബോബനുണ്ട്. ഷൂട്ടിങ്ങിനിടയിലുള്ള ഇടവേളകളില്‍ ജയസൂര്യ ഉറക്കെ വിളിച്ചു, ‘എടാ ജോഷി എന്തായെടാ വേഗമാകട്ടേ.’ ജോഷി സാര്‍ തിരിഞ്ഞു നോക്കി. ആരാണെന്നു മനസ്സിലായില്ല.
അല്പം കഴിഞ്ഞു ഗ്രൂപ്പ് ഫോട്ടെയെടുക്കാന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ വന്നു. ജയസൂര്യ വീണ്ടും വിളിച്ചു, ‘എടാ ജോഷീ വായും പൊളിച്ചു നില്ക്കാതെ വേഗം വാ’.
ജോഷിസാറിനതു തീരെ പിടിച്ചില്ല. അദ്ദേഹം പ്രൊഡക്ഷന്‍ കാര്യങ്ങള്‍ നോക്കുന്ന രജപുത്ര രഞ്ജിത്തിനെ വിളിച്ചു ചോദിച്ചു, ‘ആരാ ഇവിടെക്കിടന്ന് ജോഷി ജോഷി എന്നു വിളിക്കുന്നത്?’
‘അത് ജയസൂര്യ മേക്കപ്പ്മാനെ വിളിച്ചതാണു സാര്‍, ജയസൂര്യയുടെ മേക്കപ്പ്മാന്റെ പേരും ജോഷി എന്നാണ്’. കുറേ കഴിഞ്ഞ് ജോഷിസാര്‍ ജയസൂര്യയുടെ മേക്കപ്പ്മാനെ അടുത്തേക്കു വിളിച്ചു ചോദിച്ചു. ‘നിന്റെ പേരെന്താ?’ അവന്‍ പേടിച്ചിട്ട് മുരളി എന്നു പറഞ്ഞു. ജോഷി എന്നു ജോഷിസാറിനെ നോക്കിപ്പറഞ്ഞാല്‍ അതു സാറിനിഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി പറഞ്ഞതാണ്. ഒരു കാര്യവുമില്ല അങ്ങനെ പറഞ്ഞിട്ട്. ഇതു ജോഷിസാറിനെ കളിയാക്കാന്‍ ജയസൂര്യ മനപ്പൂര്‍വം ഒപ്പിച്ച തമാശ എന്നല്ലേ അദ്ദേഹം വിചാരിക്കൂ. എന്തായാലും പിന്നെ അതിനുശേഷം ഇന്നുവരെ ജോഷിസാറിന്റെ ഒരു പടത്തിലും ജയസൂര്യയെ കണ്ടിട്ടില്ല. മണിയന്‍പിള്ള രാജു തന്റെ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തില്‍ പറയുന്നു.
ചിരിച്ചും ചിരിപ്പിച്ചും
മണിയന്‍പിള്ള രാജു
മാതൃഭൂമി
Post Your Comments