literatureworldnews

എഴുത്തും വായനയും അറിയാത്ത ഒരു അമ്മയുടെ മകളാണ് ഞാന്‍’ അമ്മയ്ക്ക് ആദരമായി ഒരു റാങ്ക് ജേതാവിന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്

എഴുത്തും വായനയും അറിയാത്ത ഒരു അമ്മയുടെ മകളാണ് ഞാന്‍’ അമ്മയ്ക്ക് ആദരമായി ഒരു റാങ്ക് ജേതാവിന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലാ പി ജി റിസള്‍ട്ടില്‍ മലയാളത്തില്‍ ഒന്നാം റാങ്കു നേടിയ  അശ്വനി എ  പിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് വിരലാകുന്നു. കാര്യവട്ടം മലയാളവിഭാഗം വിദ്യാര്‍ഥിനീ ആയ അശ്വനി തന്‍റെ വിജയം സമര്‍പ്പിക്കുന്നത് അമ്മക്ക് ആണ്. ആ ഫേസ് ബുക്ക്‌ പോസ്റ്റ്‌ വായിക്കാം……

എഴുത്തും വായനയും അറിയാത്ത ഒരു അമ്മയുടെ മകളാണ് ഞാൻ .ഒരുപാട് മക്കൾ ഉള്ള വീട്ടിലെ നടുവിലെ സന്തതിയായ എന്റെ അമ്മയെ പഠിക്കാൻ വിടുന്നതിൽ അന്ന് ആർക്കും താൽപ്പര്യമുണ്ടായിരുന്നില്ല . .അടുക്കളയുടെ പുകക്കുള്ളിൽ എല്ലാര്ക്കും വച്ച് വിളമ്പി തീർന്നു പോയ ബാല്യത്തെ കുറിച്ച് എന്റെ ‘അമ്മ എനിക്ക് പറഞ്ഞു തരുമായിരുന്നു .മത്സര വേദികളിൽ സമ്മാനങ്ങൾ വാരി കൂട്ടുമ്പോഴൊക്കെ പലരും ചോദിച്ചിട്ടുണ്ട് ”അമ്മ ടീച്ചറാണോ “എന്ന്.
“അതെ എന്റെ ‘അമ്മ എന്റെ ടീച്ചർ ആണെ”ന്ന് ഞാൻ ഉത്തരം പറയും . അമ്മയിലൂടെയാണ് ഞാൻ ഈ ലോകത്തെ ആദ്യമായി കാണുന്നത് .ബോംബായിൽ നിന്ന് അച്ഛൻ അയക്കുന്ന കത്തുകൾ വായിക്കാൻ കഷ്ട്ട്ടപ്പെടുന്ന അമ്മയെ കണ്ടപ്പോഴാണ് വായിക്കാൻ പഠിക്കണം എന്ന ചിന്ത ആദ്യം മനസില് ഉണ്ടായത് .പിന്നെ ബസ്സിലെ ചെറിയ ചെറിയ ബോർഡുകൾ വായിച്ച് തുടങ്ങി .എന്നിലൂടെയാണ് എൻറെ ‘അമ്മ എഴുത്തു പഠിക്കുന്നത്,ചെറുതായെങ്കിലും വായിക്കാൻ പഠിക്കുന്നത് .ഞാൻ എഴുതുമ്പോൾ പഠിക്കുമ്പോൾ സംസാരിക്കുമ്പോൾ കൗതുകത്തോടെ നോക്കുന്ന കണ്ണുകളെ ഇപ്പോഴും അമ്മയില് കാണാം .
ഡിപ്പാർട്മെന്റിലെ ആദ്യദിവസം,നന്നായി സംസാരിച്ച്‌ ,രക്ഷകർത്താക്കളുടെ അഭിനന്ദനം ഏറ്റു വാങ്ങിയ കുട്ടിയുടെ ‘അമ്മ , സംസാരിക്കാൻ ഊഴം എത്തിയപ്പോൾ എഴുനേറ്റു നിന്ന് “സന്തോഷം “എന്ന ഒറ്റവാക്കിൽ എല്ലാം ഒതുക്കി കണ്ണ് നിറഞ്ഞു ഒരു മൂലയിലെ കസേരയിൽ പോയി ഇരുന്നത് ചിലരെങ്കിലും ഓർക്കുന്നുണ്ടാകാം .പേരെഴുതി ഒപ്പിടാൻ നേരം എന്നെ ഒളികണ്ണോടെ നോക്കിയ അമ്മയുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട് .അമ്മയുടെ കണ്ണ് നിറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല ,നമുക്ക് ജീവിതം ഒരു പോരാട്ടം ആണ്.ഞങ്ങൾ പരസ്പരം പഠിച്ച്കൊണ്ടിരിക്കുകയാണ് ഒന്നിച്ച് .അച്ഛനോട് ഒരുപാട് സ്നേഹം
ഈ സന്തോഷനിമിഷത്തിൽ ഓർക്കാൻ ഒരുപാട് പേരുണ്ട് .എൻറെ അധ്യാപകർ ,ചിന്തക്കും വായനക്കും ഇടം ഒരുക്കിയ ,തെറ്റിൽ നിന്ന് ശരിയിലേക്കു നയിച്ച ,തളർന്നു പോകുമ്പോൾ വീണ്ടും ഓടാൻ ധൈര്യം തന്ന ,ആത്മാവിൽ ഉപ്പായി മാറിയ അവരോടു എങ്ങനെ നന്ദി പറഞ്ഞു തീരും എന്ന് അറിയില്ല .”ഒരുവെള്ള കടലാസായി മാറുക,അതില് സ്വതന്ത്രമായി സ്വപ്നം വരക്കാം “എന്ന് പഠിപ്പിച്ച ഓരോ അദ്ധ്യാപകരെയും ഞങ്ങളുടെ മാത്യു സാറിനെയും സ്നേഹത്തോടെ ഓർക്കുന്നു .ഹോസ്റ്റൽ ഫീയിൽ എനിക്ക് മാത്രം ഇളവ് തന്നു ,സങ്കടങ്ങളിൽ നെഞ്ചോടു പിടിച്ച് അമ്മയുടെ സ്നേഹം നൽകി ഒപ്പം നിർത്തിയ എൻറെ സുജാത ആന്റി ,മിനി ചേച്ചി ,തൃശ്ശൂരിലെ മാമൻ ,അപ്പച്ചി ,ഏട്ടൻ,ഷീല മാമി ,മുരളി മാമൻ ,എല്ലാമായ ജീജ ചേച്ചി,ദീഷൂട്ടി ,ചെറിയ പിണക്കങ്ങൾക്കും ഇണക്കങ്ങൾക്കും ഇടയിൽ എന്നും സ്നേഹം നില നിർത്തുന്ന ക്യാമ്പസിലെ സഖാക്കൾ, ബീന ആന്റി ,വലിയവേങ്കാട് ഗ്രാമ പ്രകാശ് വായന ശാല ,ഐക്യ മലയാള പ്രസ്ഥാനം ,എന്റെ അഖിൽ ഏട്ടൻ ,കുക്കു അണ്ണൻ ,അനിയത്തി കുട്ടി രമ്യ ,തിരോന്തരത്തെ ചങ്ക് പിള്ളേര് ,ആകാശവാണി എന്നും അത്താണി ആയി ഒപ്പം ഉണ്ടാരുന്നു .കൂടെ മത്സരിച്ചവർ,പഠിച്ചവർ,എഴുത്തിന് ഇടം ഒരുക്കിയ മാസികകൾ, ഒരു വിജയത്തിലും ഒരു നല്ല വാക്ക് പോലും പറഞ്ഞിട്ടില്ലാത്ത ,അവഗണയുടെ ആഴങ്ങളിലേക്ക്‌ തള്ളി വിട്ട് ജീവിക്കാൻ വാശി തന്ന നാട്ടുകാര് ,സങ്കടത്തിലും സന്തോഷത്തിലും എപ്പോഴും ഒപ്പം ഉണ്ടാകുന്ന ഫേസ് ബുക്ക് വാട്സ് ആപ്പ് ബന്ധുക്കൾ ,നിങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് ,പിന്നെ എല്ലാത്തിനും കൂട്ടായി നിൽക്കുന്ന ,ഞാൻ തന്നെയായ എന്റെ സഖാവ് .എല്ലാരോടും സ്നേഹം സന്തോഷം .

(nb :ഗ്രേസ് മാർക്ക് ഒന്നും ഉൾപ്പെടുത്താതെ ആണ് റാങ്ക് കിട്ടിയത് ,യൂണിവേഴ്സിറ്റി കലോത്സവത്തില് പ്രസംഗം,ഉപന്യാസം ,ഡിബേറ്റ് എന്നീ ഇനങ്ങളിൽ രണ്ടു വര്ഷം തുടർച്ചയായി ലഭിച്ച ഗ്രേസ് മാർക്ക് ഒന്നും ചെയ്യാനാകാതെ കൈയിൽ ബാക്കി ഉണ്ട്. ആത്മ പ്രശംസ / അഹങ്കാരം ആണെന്ന് വിചാരിക്കരുത് )

 

shortlink

Post Your Comments

Related Articles


Back to top button