Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
indepthliteratureworldstudy

കൈരളിയുടെ കളിയച്ഛന്‍..

by  അഞ്ചു പാര്‍വതി

 

download-2

അറിവ് എന്ന ദര്‍ശനത്തെ അറിയുകയും വര്‍ണ്ണിക്കുകയും ചെയ്യുന്നവനാണ് കവി. ക്രാന്തദര്‍ശിയാവണം കവി. അങ്ങനെ വരുമ്പോള്‍ ഋഷി തുല്യനാകുന്നു ഓരോ കവിയും. ഓരോ കവിയും തന്റേതായ ഒരു ഭാവനാലോകത്തെ സങ്കല്‍പ്പിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു. ആത്മദു:ഖത്തിനോടൊപ്പം അപരദു:ഖവും മനസ്സിലാക്കുന്നവനാകുന്നു യഥാര്‍ത്ഥ കവി.അതുപോലെതന്നെ ഈ പ്രപഞ്ചത്തെയും അതിലടങ്ങിയിരിക്കുന്ന പ്രകൃതിയെയും ഒരുപോലെ സ്നേഹിക്കാനും വിശ്വപ്രേമമാണ് ഏറ്റവും വലിയ മതമെന്നും ദര്‍ശിക്കാന്‍ സാധിക്കുന്ന ഒരാളെ മാത്രമേ കവിയെന്ന പദത്തില്‍ അറിയപ്പെടാന്‍ അര്‍ഹതയുള്ളൂ. “നീല വിണ്ടലമൊരൊറ്റ മേൽപ്പുരയുള്ള വീടത്രെ ലോകംകെടാവിളക്കോ വിശ്വപ്രേമം”, എന്നു പാടിയ ഒരവധൂതനായ ഒരു മഹാകവി നമുക്കുണ്ടായിരുന്നു. ”പി’യെന്ന ഒരൊറ്റ വാക്കില്‍ വലിയൊരു അര്‍ത്ഥത്തെ ഒളിപ്പിച്ചുവെച്ച സമാരാധ്യനായ പി.കുഞ്ഞിരാമന്‍നായര്‍ എന്ന മലയാളത്തിന്‍റെ മഹാകവി. വാക്കുകളുടെയും ബിംബങ്ങളുടെയും കാലടികളില്‍  സ്വന്തം കവിതകള്‍ അമര്‍ന്നുപോയതുകൊണ്ടാവാം പിയെ വാക്കുകളുടെ മഹാബലിയെന്നു കെ.ജി.ശങ്കരപ്പിള്ള വിശേഷിപ്പിച്ചത്‌.images-1
പിയുടെ ജീവിതം ഒരു യാത്രയായിരുന്നു. വളഞ്ഞും പുളഞ്ഞും ഒഴുകുന്ന ചെളിയും അടിയൊഴുക്കും നിറഞ്ഞ പുഴ പോലെയൊരു യാത്രയായിരുന്നുവത്.കേരളത്തിന്‍റെ വടക്കേയറ്റത്തു നിന്നും തുടങ്ങിയ ജീവിതയാത്ര അവസാനിച്ചത്‌ ഇങ്ങ് തെക്കേയറ്റത്തെ ഒരു സത്രത്തിലെ കുടുസ്സുമുറിയില്‍. തിരുവനന്തപുരത്തെ സി.പി.സത്രത്തിലെ പതിനൊന്നാം നമ്പര്‍ മുറിയില്‍ നിന്നും ഭൂഗോളമുറിയുടെ താക്കോല്‍ക്കൂട്ടം തിരിച്ചേല്പ്പിച്ചു ഭൂധാത്രിയോട് വിടചൊല്ലി പോയ കവി ബാക്കിവച്ചത്‌ കല്പനകളും ഭാവനകളും പദാവലികളും കൊണ്ട് സമ്പന്നമായ ഒരുകൂട്ടം പൂമരങ്ങളാകുന്ന കവിതകളായിരുന്നു.അവയുടെ നിറച്ചാര്‍ത്തിലും സൌരഭ്യത്തി
ലും കാവ്യകൈരളിക്കെന്നും ഓണനാളുകളായി.. ജീവിതത്തിന്‍റെ വലിയൊരളവുവരെ നിത്യകന്യകയെ തേടിയലഞ്ഞ വ്യര്‍ത്ഥകാമുകനായിരുന്നു പി.. കാലദേശാന്തരങ്ങള്‍ താണ്ടി എന്തിനോവേണ്ടിയലഞ്ഞ ഒരവധൂതന്‍. ഭക്തിയും പ്രകൃതിയും കാല്‍പനികതയും അവസ്ഥാന്തരങ്ങളും കവിതകള്‍ നിറച്ചുകൊണ്ട് കാലത്തിനൊപ്പം നടന്നവനായിരുന്നു പി. പക്ഷേ കാലിടറി വീണ വഴികളില്‍ കൈപ്പിടിച്ചുനടത്താന്‍ കാലം പോലും മടിച്ചുനിന്നിരുന്നു കവിയുടെ ജീവിതത്തില്‍. പ്രണയരസം തേടി പൂവുകളില്‍ നിന്നും പൂവുകളിലേക്ക് പാറിനടന്ന വണ്ടായിരുന്നു പി. പക്ഷേ ഒരു പൂവ് പോലും താനാഗ്രഹിച്ച പ്രണയരസം കവിക്ക്‌ നല്‍കിയില്ല. സംബന്ധങ്ങള്‍ രചിച്ച കവിതകള്‍ അസംബന്ധങ്ങളായപ്പോള്‍, അശാന്തിയാല്‍ ഉഴറുന്ന മനസ്സിന് ശാന്തിക്കിട്ടാനായി ദേശാന്തരങ്ങള്‍ തോറും  അലഞ്ഞുതിരിഞ്ഞു നടന്ന കവിക്ക് ജീവിതാവസാനം വരെ അതുമാത്രം കിട്ടിയില്ല.”  കുയിലും മയിലും കുഞ്ഞിരാമന്‍ നായരും കൂടുക്കൂട്ടാറില്ലയെന്നു കവി.ശങ്കരക്കുറിപ്പ്‌ പറഞ്ഞത് ഇത്കൊണ്ടായിരുന്നു.കവിതയ്ക്കായി ജീവിതം അലച്ചിലാക്കി മാറ്റിയ കവിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാത്തൊരു കവിതയായിരുന്നുവെങ്കില്‍ അതില്‍ നിന്നും ഗര്‍ഭംധരിച്ച കവിതകള്‍ എങ്ങനെ ഇത്രമേല്‍ അതിസുന്ദരങ്ങളായി? ആധുനിക കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളൂ.. അതാണ്‌ പി.കുഞ്ഞിരാമന്‍ നായര്‍ എന്ന കവിതയുടെ കളിയച്ഛന്‍.

പി.യുടെ ഏറ്റവും പ്രശസ്തമായ കവിതയാണ് കളിയച്ഛന്‍.കവിയുടെ ആത്മകഥാംശപരമായ ഈ കവിത ലോകാനുഭവം ആസ്പദമാക്കി രചിച്ചതാണ്. തന്‍റെ ജീവിതയാത്രയുടെ കയ്പ്നീര്‍ മുഴുവനും പദങ്ങളായി, അനുഭവിച്ചറിഞ്ഞ ജിവിതത്തിന്റെ വ്യര്‍ത്ഥതയെ വാക്കുകളായി, അനുഭവത്തില്‍ സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങളെ കോര്‍ത്തെടുത്തപ്പോള്‍ കൈരളിക്ക് കിട്ടിയത് എക്കാലത്തെയും മികച്ചൊരു കാവ്യാനുഭവമായിരുന്നു. പ്രത്യക്ഷത്തില്‍ സിദ്ധിമാനായിരുന്നിട്ടും ഗുരുശാപമേല്‍ക്കേണ്ടി വന്ന ഒരു കഥകളി നടന്‍റെ ആത്മവിലാപമാണ് ഈ കവിതയുടെ ഇതിവൃത്തം. ഗുരുനിന്ദയുടെ ഉമിത്തീയില്‍ സ്വയം വെന്തുനീറുന്ന ശിഷ്യന്റെ ഹൃദയവ്യഥയെ ഈ കവിതയില്‍ ആവിഷ്ക്കരിക്കുമ്പോള്‍ കവി സ്വയം പിതൃനിന്ദയുടെ ഉമിത്തീയില്‍ നീറിപിടഞ്ഞുപോയിരിക്കാം. 

ഒക്കില്ലൊരിക്കലും മേലിലെനിക്കിനി, ഇക്കളിയോഗത്തിലൊത്തു കളിക്കുവാൻ എന്ന വ്യക്തിത്വവാദത്തില്‍ തുടങ്ങുന്ന കവിത പിന്നീടു കാട്ടിത്തരുന്നത് സ്വന്തം നിയോഗം മറന്നു ആര്‍ക്കോ വേണ്ടി പല വേഷങ്ങള്‍  കെട്ടി ജീവിതത്തില്‍ നിറഞ്ഞാടിയ  ഒരു കഥകളിനടന്‍റെ തിരിച്ചറിവുകളാണ്.  പിimages-2.യുടെ ജീവിതവും അങ്ങനെ തന്നെയായിരുന്നു. കാവ്യസിദ്ധി വേണ്ടുവോളമുണ്ടായിട്ടും ജീവിതരസം ആവോളം നുകരാനായി പല വേഷങ്ങള്‍ കെട്ടി, പല ബന്ധങ്ങളില്‍ രമിച്ചു ഒന്നിലും തൃപ്തനാകാതെ കയ്യില്‍ നിറയെ പണമുണ്ടായിട്ടും കയ്യിലൊന്നും ബാക്കിയില്ലാതെയായ ഓട്ടക്കയ്യന്‍..കളിയച്ഛന്‍ എന്നാ കവിതയിലെ കഥകളി ശിഷ്യനിലെ മുഷ്ക് ഇന്നും നമ്മളില്‍ ഓരോരുത്തരിലുമുണ്ട്.തനിക്കിഷ്ടപെട്ട വേഷം കെട്ടാന്‍ സമ്മതിക്കാത്ത കളിയച്ഛനെ ധിക്കരിച്ചു കളിയോഗം വിട്ടുപോകുന്ന ശിഷ്യന്‍ അവസാനം കുറ്റബോധത്താല്‍ തിരിച്ചറിയുന്നു താന്‍ ചെയ്ത ഗുരുനിന്ദയുടെ ആഴം. എന്നിരുന്നാലും തിരികെ വന്നു കളിയാശാനോട് മാപ്പപേക്ഷിക്കാന്‍ കഴിയാത്തത് തന്റെ സിദ്ധികളില്‍ ഉള്ള അമിതമായ അഹന്തയോ  അതോ പശ്ചാതാപത്താല്‍ ഉദയം ചെയ്ത ലജ്ജയോ ആവാം. അതുകൊണ്ട് തന്നെയാണ് ഭാഷയുള്ളിടത്തോളം കാലം കളിയച്ഛന്‍ എന്ന ഈ കാവ്യം നിലനില്‍ക്കുമെന്നതിന്റെ പൊരുളും..സ്വന്തം അച്ഛനുമായുള്ള വൈകാരികവും സംഘര്‍ഷഭരിതവുമായ ബന്ധത്തെ ദ്വന്ദ്വാത്മകമായി വരച്ചുകാട്ടുന്ന കവി ഈ കവിതയില്‍ ബിംബമായി ചേര്‍ത്തിരിക്കുന്നതോ ഗുരുശിഷ്യബന്ധത്തെയും.മകന് പിതാവിനോടുള്ള ബന്ധത്തിലെ വിശുദ്ധി പോലെ അത്യന്താപേക്ഷിതമാണ് ഒരു കലാകാരന് ഗുരുത്വം.കുഞ്ഞിരാമന്‍ എന്ന ഈ ശിഷ്യന്‍ ധൂര്‍ത്തടിച്ച് നശിപ്പിക്കുന്നത് തന്റെ സിദ്ധിയും ജീവിതവുമാണ്.കവിയായ കുഞ്ഞിരാമന്‍ ധൂര്‍ത്തനായി നശിപ്പിച്ചത് സ്വജീവിതവും..അരങ്ങിനു പുറത്തുള്ള ഈ കളിയില്‍ ഇരു കുഞ്ഞിരാമന്മാര്‍ക്കും നഷ്ടങ്ങള്‍ മാത്രമായിരുന്നു കൈമുതല്‍. ഗുരുത്വക്കേടിന്‍റെ ആത്മസംഘര്‍ഷമഹാകാവ്യമാകുന്നു കളിയച്ഛന്‍ എന്ന കവിത.അതുപോലെതന്നെ പൊരുത്തക്കേടിന്റെ ജീവിതസംഘര്‍ഷമാകുന്നു കവിയുടെ ആകെയുള്ള ജീവിതം..

ജീവിച്ച കാലത്തെ മുഴുവന്‍ തന്റെ വ്യക്തിത്വത്തിന്‍റെ ഭാവപകര്‍ച്ചകള്‍ കളിയരങ്ങിലെത്തിച്ച കൈരളിയുടെ കളിയച്ഛനാണ് പി.കുഞ്ഞിരാമന്‍ നായര്‍. ഇരുന്നിടം ഇരിപ്പിടമാക്കിയും കിടന്നിടം കിടപ്പാടമാക്കിയും നേട്ടങ്ങള്‍ നഷ്ടങ്ങളാക്കിയും അനുഭവങ്ങളെ കാവ്യങ്ങളാക്കിയും ജീവിതത്തെ കടംങ്കഥയാക്കിയ അവധൂതന്‍-അതായിരുന്നു പി.

 

 

shortlink

Post Your Comments

Related Articles


Back to top button