ബിനു ഗോപി
മണിയറയിലേക്കുള്ള അവളുടെവരവും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരം അതിക്രമിച്ചു, ബന്ധുരകാഞ്ചന കൂടുപോലെ സുന്ദരവും സുഗന്ധപൂരിതവുമാണ് മണിയറയെങ്കിലും ഈ ഏകാന്തത വല്ലാതെ അലോരസപ്പെടുത്തുന്നു, ഇനിയുമെത്രനേരം കാത്തിരിക്കണം പാല്‍പാത്രവുമായി നമ്രശിരസ്കയായി അശ്വതിയുടെ വരവിനായ്. ഒരുപാടുപ്രതീക്ഷകളുമായി മലര്‍മെത്തയിലിരിക്കുമ്പോള്‍ അകാരണമായൊരു ടെന്‍ഷന്‍. ഹൃദയതാളത്തിന്റെ ഗതിയല്പം ഉയര്‍ന്നോ എന്നൊരുതോന്നല്‍. വാനോളംപ്രതീക്ഷകളുമായി ആരും മണിയറയിലിരിക്കരുതെന്നു മനശാസ്ത്രഞ്ഞര്‍ പറയുന്നതുവെറുതെയല്ല, ഇരുന്നാല്‍ ബി. പി. കൂടും. എങ്ങനെതുടങ്ങണം എന്നത് കൂട്ടുകാരുമായി ചര്‍ച്ച ചെയ്തിട്ടും പൂര്‍ത്തികരിക്കാന്‍ കഴിയാത്ത ഒരു സമസ്യയായി ഇപ്പോഴും മനസ്സില്‍. ക്ലോക്കിലെ സൂചി കറങ്ങുന്നുണ്ടോ ആവോ..
പ്രതീക്ഷിച്ചതുപോലെ വലതുകാല്‍വച്ചുതന്നെയാണ് അശ്വതി മണിയറയിലേക്കുവന്നത്, ദൈവമേ തുടക്കം നന്നായി എന്നുമനസിലോര്‍ത്തു. നമ്രശിരസ്കയായിരുന്നില്ലയെങ്കിലും പുതു വസ്ത്രംധരിച്ച അവള്‍ സുന്ദരമായൊരു ചെറുപുഞ്ചിരി മുഖത്തണിഞ്ഞിരുന്നു. പാല്‍ ഗ്ലാസ്സിന്റെ തനതുകലകള്‍ അരങ്ങേറിയതിനുശേഷം അവള്‍ മലര്‍ മെത്തയിലിരുന്നു. പുതുജീവിതത്തില്‍ പറയാന്‍കരുതിവച്ച കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പാതിവിടര്‍ന്ന മുല്ലമൊട്ടിന്‍റെ സൌകുമാര്യത്തോടെ ആ മണിയറയില്‍ വിതറി. ദൈവമേ ഇത്രയും വിജയിച്ചു ഇനിയങ്ങോട്ടും ഈ താളം ജീവിതാവസാനംവരെ ഉണ്ടാവണെയെന്നു മനസ്സിലോര്‍ത്തു. റോസാപ്പൂനിറമുള്ള അവളുടെ കൈകള്‍തലോടി ചാരെയണിഞ്ഞപ്പോള്‍ മുല്ലപ്പൂവിന്റെയും ഡിഓഡറിന്റെയും സുഗന്ധത്തോടൊപ്പം ഒരു വെളുത്തുള്ളിമണം. അശ്വതിക്കനുഭവപ്പെടുന്നുണ്ടോ എന്നു ചോദിച്ചപ്പോളാണ് അറിഞ്ഞത്, റിസപ്ഷന് ശേഷം അശ്വതിയുടെ വയര്‍ കുഴപ്പമായതും, പിന്നെ വീട്ടില്‍ അമ്മയോടു വിളിച്ചുചോദിച്ചിട്ടു രണ്ടു വെളുത്തുള്ളിയല്ലി കഴിച്ചതും പറയുന്നത്. അങ്ങനെ വെളുത്തുള്ളി ചേര്‍ത്തൊരു മസ്സാലരാത്രിയായി എന്‍റേ ആദ്യരാത്രി.
വിവാഹത്തിന്റെ മൂന്നാംനാളും വെളുത്തുള്ളി കലര്‍ന്ന രാത്രിയില്‍ അവള്‍ എന്നൊടുപറഞ്ഞു, വെളുത്തുള്ളി കഴിക്കുന്നത് അവളുടെ ശീലമാണെന്ന്. അവളുടെ മുത്തച്ഛനും ഇതുപോലെ ശീലമുണ്ടായിരുന്നുമെന്നുമവള്‍ വെളിപ്പെടുത്തി. ജെര്‍മ്മനിപോലുള്ള വിദേശരാജ്യങ്ങളില്‍ ഗാര്‍ലിക് ഈറ്റെഴ്സ് ധാരാളമുണ്ട് എന്നുകേട്ടിടുണ്ട് എന്നാല്‍ ഇതുപോലൊരാള്‍ വെളുത്തുള്ളി ശീലമാക്കി എന്റെ ജീവിതത്തിലേക്കു കടന്നുവരുമെന്നു എന്റെ ഒരു സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല അരോചകമായ വെളുത്തുള്ളിഗന്ധം എന്റെ മധുവിധുവില്‍ കല്ലുകടിയായി. ഭാര്യയുടെ വെളുത്തുള്ളിശീലം ഒരു വിവാഹമോചനത്തിനു കാരണമാക്കാമോ, അഥവാ അങ്ങനെ ആഗ്രഹിച്ചാല്‍തന്നെ ഏതു കോടതി അതു അംഗീകരിക്കും. ഇന്ത്യയില്‍ ഇതിനുള്ള നിയമം അനുവദിക്കുന്നുണ്ടോ, അതിനു അംബേദ്ക്കറുടെ ഭാര്യ വെളുത്തുള്ളി കഴിക്കുമായിരുന്നില്ലല്ലോ. അസാദ്യമായാത് ഒന്നുമില്ല എന്നു പറയുന്നതുപോലെ, അശ്വതിയുടെ ശീലങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ചിന്തയില്‍ ഞാന്‍ ഉറങ്ങിപോയി..
മാസങ്ങള്‍ ഒരു മൂളിപ്പാട്ടുപോലെ ലളിതമായി കടന്നുപോയി. മധുവിധുവിന്റെ പുതുമോടിക്ക് നിറംമങ്ങി. അശ്വതിയുടെ ദിനചര്യകണ്ടിട്ടു ഏതു കാലാവസ്ഥയിലും വളരുന്ന സസ്യമാണ് വെളുത്തുള്ളിയെന്നു തോന്നി. ഏതൊരാളുടെ ജീവിതത്തിലും ഏറ്റവും സന്തോഷിക്കുന്ന മുഹൂര്‍ത്തം എനിക്കുവേണ്ടിയും വന്നണഞ്ഞു. അങ്ങനെഞാനും ഒരു അച്ഛനാവാന്‍ പോകുന്നു. സന്തോഷത്തിരമാലകള്‍ ഒരു കുളിര്‍ കാറ്റുമായി ഹൃദയതീരങ്ങളില്‍ വന്നണഞ്ഞു. ഞങ്ങളുടെ ജീവിതത്തിനു പുതിയ വെളിച്ചവുമായി ഒരു കുഞ്ഞുനക്ഷത്രം എന്റെ ആലയത്തിലും തെളിയുവാന്‍ പോകുന്നു, അതിനു എന്‍റേയും അശ്വതിയുടെയും പ്രകാശമായിരിക്കുമെന്ന തോന്നല്‍ നിദ്രയെപോലും പുളകിതമാക്കി. റിസള്‍ട്ട് പോസിറ്റീവാണെന്നു ഡോക്ടര്‍ പറഞ്ഞതിനുശേഷം ഇടക്കെപ്പോഴോ അവളുടെ മുഖത്തിന് നിറംമങ്ങുന്നത് ഞാന്‍ ദിവസങ്ങള്‍ക്കകം തൊട്ടറിഞ്ഞു.
വെളുത്തുള്ളിശീലംകൊണ്ട് ജനിക്കാന്‍ പോകുന്ന കുഞ്ഞിനു എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്ന അവളുടെ അകാരണമായ ആശങ്കയാണെന്നറിഞ്ഞപ്പോള്‍ അവളോട് സഹതാപംതോന്നി. നിത്യജീവിതത്തില്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമ്മള്‍ പലപ്പോഴും വെളുത്തുള്ളി കഴിക്കാറുണ്ട് എന്നുഞാന്‍ അവളെ സമാശ്വസിപ്പിച്ചു. ഇനിയും സംശയനിവാരണത്തിനായി ഡോക്ടറെ വീണ്ടുംകാണാം എന്നു തീരുമാനിച്ചുറച്ചു .
ഡോക്ടറോടവള്‍ക്ക് ഒറ്റയ്ക്ക് സംസാരിക്കണം എന്നുപറഞ്ഞപ്പോള്‍ എനിക്കവളോട് അനുകമ്പയായിരുന്നു, പാവം ഒരുപാടു ആശങ്കയിലാണ് കുട്ടിയെ കുറിച്ച്. അതിന്റെ ആരോഗ്യത്തെകുറിച്ച്. അവളുടെ ആശങ്കകള്‍ എനിക്കും കുറച്ചു വിഷമതകള്‍ തന്നിരുന്നു, അവളുടെ സങ്കടം കുട്ടിയുടെ വളര്‍ച്ചക്ക് ദോഷമായി ഭാവിക്കുമോയെന്ന ചിന്ത. വെളുത്തുള്ളി തീറ്റയില്‍ അവള്‍ ഇപ്പോള്‍ സഹതപിക്കുന്നുണ്ടാവും. ഒരുപക്ഷേ അവള്‍ക്കു നല്ല തീരുമാനമെടുക്കാന്‍ ഇതൊരു നിമിത്തമാവാം. ഡോക്ടര്‍ കുറിച്ചുകൊടുത്ത കുറിപ്പുമായി പുറത്തുവന്ന അവളുടെ മുഖം ശാന്തമായിരുന്നു, അതുകണ്ടപ്പോഴാണ് എനിക്കും ആശ്വാസമായത്. അവളെ ബെഞ്ചിലിരുത്തി ഞാന്‍ മെഡിക്കല്‍ഷോപ്പിലെത്തി. കുറിപ്പുവാങ്ങി പരിചയക്കാരന്‍ ജേക്കബ് ചോദിച്ചു ആര്‍ക്കുവേണ്ടിയാണി മെഡിസിന്‍ എന്ന്. ഭാര്യക്കു വേണ്ടിയാണെന്നു പറഞ്ഞപ്പോള്‍, അയാളുടെ മുഖത്ത് ഒരു കൌതുകം വിരിഞ്ഞു. ചിരിച്ചുകൊണ്ട് അയാള്‍ ചോദിച്ചു, ഇത് ഡീ അഡിക്ഷനുള്ള മെഡിസിനാണ്, വൈഫ് പുകവലിക്കുമോ. മുഖം അറിയാതെ വിളറിപോയിരുന്നു. അടുത്ത റെയില്‍ പാളത്തിലൂടെ ഒരു ട്രെയിന്‍ ചൂളംവിളിച്ചു പാഞ്ഞുപോയതുപോലെ തോന്നി. അന്ന് ശാന്തമായി അശ്വതി കുമ്പസാരിച്ചു. ചെറുപ്പത്തിലെതൊട്ടേ അവള്‍ മുത്തച്ഛന്റെ ബീഡി ആരും കാണാതെ വലിച്ചു ശീലിച്ചുപോയി, മുതിര്‍ന്നപ്പോഴും അതുതുടര്‍ന്നു. അന്ന് ആദ്യരാത്രിയില്‍ ടെന്‍ഷനുമായി ഞാനിരുന്നപ്പോള്‍ മണിയറയില്‍ വലതുകാല്‍വച്ചു കടന്നുവന്ന അശ്വതി ടെന്‍ഷനകറ്റാന്‍ ഒന്നു പുകച്ചിരുന്നു…
Post Your Comments