മലയാള നോവല്‍ സഹിത്യത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. ആധുനിക നോവലിസ്റ്റുകളില്‍ പ്രമുഖനായ ഒ.വി. വിജയന്‍ രചിച്ച ഖസാക്കിന്റെ ഇതിഹാസം നാടകമായ് രംഗത്തെത്തിയിരുന്നു. എന്നാല്‍ വീണ്ടും ഖസാക്ക് പുനര്‍ജനിക്കുകയാണ്. ഖസാക്കിന്റെ ഇതിഹാസത്തിലെ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കരിങ്കല്ലില്‍ പുനര്‍ജനിക്കുന്ന അപൂര്‍വ്വകാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് തസ്രാക്ക് എന്ന പാലക്കാടന്‍ ഗ്രാമം. ഒ.വി. വിജയന്‍ സ്മാരകസമിതിയുടെ നേതൃത്വത്തില്‍ തസ്രാക്കിലൊരുക്കുന്ന ശില്പവനത്തില്‍ ആദ്യശില്പം ബുധനാഴ്ച സ്ഥാപിക്കും. പ്രശസ്ത ശില്പികളായ വി.കെ. രാജന്‍, ജോസഫ് എം വര്‍ഗ്ഗീസ്, പി എച്ച് ഹോചിമിന്‍, ജോണ്‍സ് മാത്യു എന്നിവരാണ് നോവലുമായി ബന്ധപ്പെട്ട് നൂറ്റൂയെട്ട് ശില്പങ്ങള്‍ കരിങ്കല്ലില്‍ കൊത്തിയെടുത്തത്.
സംസ്ഥാന സാംസ്‌കാരികവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. തസ്രാക്കിലെ ഞാറ്റുപുരയുടെ കവാടംതൊട്ട് അറബിക്കുളംവരെയാണ് മൂന്നടി ഉയരമുള്ള കല്‍ത്തൂണുകളില്‍ ശില്പങ്ങള്‍ സ്ഥാപിക്കുക. കവാടത്തിന് പശ്ചാത്തലമായി കരിമ്പനകളുടെ ശില്പങ്ങളുണ്ടാവും. 2013ല്‍ പാലക്കാട് ഡി.ടി.പി.സി. അങ്കണത്തില്‍ സ്ഥാപിക്കാനാണ് ശില്പങ്ങളുടെ പണി തുടങ്ങിയത്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ട് നടപ്പായില്ല. പിന്നീട് അത് തസ്രാക്കിലേക്ക് മാറ്റുകയായിരുന്നു. 30 നാണ് ശില്പവനത്തിന്റെ ഉദ്ഘാടനം.
ഞാറ്റുപുരയുടെ ഇടനാഴികളില്‍ വിജയന്‍ വരച്ചതും വിജയനെക്കുറിച്ചുള്ളതുമായ കാര്‍ട്ടൂണുകള്‍, ചിത്രങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. നോവലിന് ദീപന്‍ ശിവരാമനൊരുക്കിയ നാടകാവിഷ്‌കാരവും തസ്രാക്കിന്റെ മണ്ണില്‍ അരങ്ങേറും.
Post Your Comments