കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ വർദ്ധിച്ചു വരുന്ന സദാചാര ഗുണ്ടായിസത്തിലൂടെ അപമാനിക്കപ്പെടുന്ന ഒരു കാലമാണ്. എത്ര വിലയേറിയ ജീവനുകളാണ് ഇതിന്റെപേരിൽ ദിനംപ്രതി പൊലിയുന്നത്. ആക്ഷേപങ്ങളിൽ മനംനൊന്ത് യുവാവു ജീവനൊടുക്കിയ വാർത്ത അപമാനത്തോടെയും ഞെട്ടലോടെയുമാണു കേരളം കേട്ടത്. ഇതുപോലെ എത്രയോ സംഭവങ്ങൾ ഓരോനാട്ടിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇത്തരം സാമൂഹിക വൈകൃതങ്ങൾക്കെതിരെ ജനങ്ങൾ ഉണരണം. ശക്തമായ നിയമനിർമാണം തന്നെ ഈ വിഷയത്തിലുണ്ടാകണമെന്ന് മലയാളത്തിലെ പ്രിയ എഴുത്തുകാരി ഡോ.എം. ലീലാവതി.
”കേരളത്തിൽ വർദ്ധിച്ചു വരുന്ന സദാചാര ഗുണ്ടായിസം ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല. സ്ത്രീ എന്നും ആദരിക്കപ്പെടേണ്ടവൾ തന്നെ. പെണ്ണുങ്ങളായാൽ വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയേണ്ടവരാണെന്നും സമൂഹവുമായി ബന്ധം പാടില്ലെന്നുമുള്ള പഴയ തീട്ടൂരങ്ങൾ വീണ്ടും ശക്തിപ്രാപിച്ചുവരുന്നു. ഇതൊരു നല്ല പ്രവണതയായി കാണാനാകില്ല. ഭാരതീയ സംസ്കൃതിയുടെ അടിത്തറതന്നെ സ്ത്രീയിൽ അധിഷ്ഠിതമാണ്.” ഡോ.എം. ലീലാവതി പറയുന്നു.
ആൺകുട്ടികൾക്കൊപ്പമിരുന്നതാണ് എറണാകുളത്തെ മറൈൻ ഡ്രൈവിൽ പെൺകുട്ടികൾക്കു ചൂരൽപ്രഹരമേൽക്കാൻ കാരണം. വോട്ടവകാശവും സ്വന്തം ജീവിതത്തെപ്പറ്റി തീരുമാനമെടുക്കാനും മുന്നോട്ടുപോകാനും പ്രാപ്തിയുമുള്ള പെൺകുട്ടികളെ ഇത്തരത്തിൽ തല്ലിച്ചതയ്ക്കാൻ ആരാണ് അധികാരം നൽകിയത്? എന്താണ് അവർ ചെയ്ത തെറ്റ്. തെറ്റുണ്ടെങ്കിൽ നടപടിയെടുക്കാൻ പൊലീസും നിയമസംവിധാനവുമൊക്കെയുള്ള നാടാണു നമ്മുടേത്. പകരം ആർക്കും നിയമം കയ്യിലെടുത്ത് എന്തും ചെയ്യാമെന്ന സാഹചര്യം തെറ്റായ സന്ദേശമാണു സമൂഹത്തിനു നൽകുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
താൻ വിദ്യാർഥിയായിരുന്ന കാലത്തൊന്നും കേട്ടുകേൾവിപോലുമില്ലാതിരുന്ന കാര്യങ്ങളാണു സമൂഹത്തിൽ നടക്കുന്നത്. കാലം നല്ലതല്ലെന്ന് ഓരോ രക്ഷിതാവും പറയുന്നു. ജനിച്ചുവളർന്ന മണ്ണിൽ തന്റെ മാനവും ദേഹവും സുരക്ഷിതമാണെന്ന ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും തൊഴിൽ ചെയ്തു രാഷ്ട്രപുരോഗതിയിൽ തന്റേതായ പങ്ക് അർപ്പിക്കാൻ സ്ത്രീക്ക് കഴിയുന്ന സാഹചര്യമാണുണ്ടാവേണ്ടത്.
കൗരവസഭയിൽ ദ്രൗപതിയെ അപമാനിച്ചപ്പോൾ പുലർത്തിയ മൗനം സമൂഹം ഇന്നും തുടരുന്നു. സുരക്ഷയുടെയും പ്രതിരോധത്തിന്റെയും പുതിയ ശബ്ദങ്ങളുയരണം. നല്ല ബോധത്തോടു കൂടിയാണു തങ്ങൾ ആക്രമിക്കപ്പെടുന്നതെന്ന് ഓരോ പെൺകുട്ടിയും തിരിച്ചറിയണം. തങ്ങൾ നേരിടുന്ന അപമാനങ്ങൾക്കെതിരെ പോരാടാൻ സ്ത്രീസമൂഹം കരുത്തു കാണിക്കാൻ വൈകരുത്. പെൺകുട്ടികൾ ശക്തമായി പ്രതികരിച്ചുതുടങ്ങണമെന്നും ലീലാവതി പറയുന്നു.
Post Your Comments