‘ശത്രുവിനോടു ദയ കാട്ടരുത് . ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യാനാവും. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്’
മലയാള സിനിയില്‍ ഇപ്പോഴത്തെ വലിയ ചര്‍ച്ച മോഹന്‍ലാല്‍ ഭീമാനാകുന്ന രണ്ടാമൂഴം വരുന്നതാണ്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്പ് രചിച്ച രണ്ടാമൂഴമെന്ന നോവലിന് അദ്ദേഹം തന്നെ തിരക്കഥയെഴുതി ശ്രീകുമാര്‍മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബട്ജെറ്റ് ചിത്രമാണ് രണ്ടാമൂഴം.
നോവല്‍ ചലച്ചിത്രമാകുന്നത് സിനിമയുടെ ആദ്യ കാലം മുതല്‍ തന്നെ നടക്കുന്നുണ്ട്. മലയാള സിനിമയില്‍ ആദ്യമായി പ്രസിഡന്റിന്‍റെ സ്വര്‍ണ്ണമെഡല്‍ നേടിയ, രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചെമ്മീന്‍. തകഴിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു രാമു കാര്യാട്ടിന്‍റെ സംവിധാനം. ഇതിനും മുന്പ് തന്നെ നോവല്‍ ചലച്ചിത്രമായിട്ടുണ്ട്.
സി. വി. രാമൻപിളളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി 1933-ൽ പി.വി.റാവു സംവിധാനം ചെയ്ത ഒരു നിശ്ശബ്ദ ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രം മാർത്താണ്ഡവർമ്മയെന്ന പേരില്‍ തന്നെ പുറത്തിറങ്ങി. മലയാളചലച്ചിത്രമേഖലയിൽ രണ്ടാമതു പുറത്തിറങ്ങിയ ചിത്രമായ ഈ ചിത്രമാണ് മലയാളത്തിലെ ആദ്യ അനുകല്പന ചിത്രവും.
മഹാഭാരത കഥ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് നോവലിന്റെ ഇതിവൃത്തം. എന്നും രണ്ടാമനായി പോകുന്ന ഒരുവന്റെ മാനസിക സംഘര്‍ഷത്തെ മനോഹരമായി ഈ നോവല്‍ ആവിഷ്കരിക്കുന്നു.
മഹാഭാരതകഥ അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമനിലൂടെ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ്. എന്നും രണ്ടാമനായി പോകുന്ന ഒരു മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാനന കന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതൽ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു.
വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കപ്പെടുന്നു. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോകുന്നതില്‍ ദുഖിതനായ ഭീമനോട് അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്നു യുധിഷ്ഠിരന്‍ പറയുന്നു. ജ്യേഷ്ഠന്‍റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു.
മഹാഭാരതത്തിൽ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളെയും രണ്ടാമൂഴത്തിൽ വളരെ അടുത്ത് നോക്കികാണുകയും സ്വത്വമുള്ള കഥാപാത്രമായി അവതരിപ്പിക്കാനും കഥാകാരൻ ശ്രമിക്കുന്നു. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തിൽ വളരെ ചെറുതായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ നോവലില്‍ വളരെ പ്രധാനപ്പെട്ടതും തന്ത്ര പ്രാധാന്യമുള്ളതുമായ കഥാപാത്രമായി വിശോകന്‍ മാറുന്നു. രണ്ടാമൂഴത്തിൽ കർണ്ണനെ വധിക്കാൻ കിട്ടിയ അവസരത്തിൽ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്. പണ്ടൊരിക്കൽ കുന്തി ദേവിയെ കാണാൻ ചെന്ന വിശോകൻ കർണ്ണനോട് അവൻ തന്റെ മകനാണ് , മൂത്ത പാണ്ഡവനാണ് എന്ന് പറയുന്നത് വിശോകൻ കേട്ടു.
1977 നവംബറിൽ മരണം വളരെ സമീപത്തെത്തിയിട്ട് പിന്മാറിയ സമയത്ത് അവശേഷിച്ച കാലം കൊണ്ട് എങ്ങനെയെങ്കിലും എഴുതിതീർക്കണമെന്ന് ആഗ്രഹിച്ച് എഴുതിയ ഒരു നോവലാണ് രണ്ടാമൂഴമെന്നാണ് എം.ടി അഭിപ്രായപ്പെടുന്നത്.
‘കടം വീട്ടാന്‍ പലതും ബാക്കിയിരേെക്ക ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ…’
‘ശത്രുവിനോടു ദയ കാട്ടരുത് . ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യാനാവും . മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്’ ഇത്തരം ശ്രദ്ധേയമായ വാചകങ്ങളാല്‍ സമ്പന്നമാണ് നോവല്‍. ഭാരതകഥയുടെ പുനരാഖ്യാനം മാത്രമല്ല ഈ കൃതി. ജാതിയും മതവും പിതൃത്വവും ചോദ്യം ചെയ്യപ്പെടുന്ന ഈ പുനരാഖ്യാനത്തില്‍ എന്നും രണ്ടാമനായി മാറ്റി നിര്‍ത്തപ്പെട്ടവന് അസ്ഥിത്വം കൊടുക്കുകയാണ് നോവലിസ്റ്റ് ചെയ്തത്.
1985 ലെ വയലാർ അവാർഡ് നേടിയ കൃതിയാണ് രണ്ടാമൂഴം. രണ്ടാമൂഴത്തിന്റെ അന്‍പതാം പതിപ്പാണ് ഇനി വരാന്‍ പോകുന്നത്.
Post Your Comments