bookreviewliteratureworldnewsstudytopstories

ഓംപുരിയുടെ ആത്മകഥ ‘അൺലൈക് ലി ഹീറോ’

സിനിമാതാരങ്ങള്‍ തങ്ങളുടെ ആത്മകഥകള്‍ എഴുതുന്നത്‌ വായനക്കാര്‍ ആവേശത്തോടെ സ്വീകരിക്കാറുണ്ട്. പലപ്പോഴും ചില വിമര്‍ശനങ്ങള്‍ വെളിപ്പെടുത്തലുകള്‍ അവയില്‍ ഉണ്ടാകാറുമുണ്ട്. അത്തരത്തില്‍ ഒരു കൃതിയാണ് ‘അൺലൈക് ലി ഹീറോ’. ഓംപുരിയുടെ ഈ ആത്മകഥ പുറത്തിറങ്ങിയത് 2009ലാണ്. അമിതാഭ് ബച്ചനായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. പത്രപ്രവർത്തകയും കോളമിസ്റ്റും ഓംപുരിയുടെ ഭാര്യയുമായ നന്ദിത പുരിയാണ് പുസ്തകം എഴുതിയത് എന്ന പ്രത്യേകത ഈ കൃതിയ്ക്കുണ്ട്.

എന്നാൽ ഓംപുരിയുടെ പിന്നീടുള്ള സ്വകാര്യ ജീവിതത്തിന്‍റെ താളം പിഴയ്ക്കുവാന്‍ ഈ പുസ്തകം വലിയ പങ്കു വഹിച്ചു. ഭാര്യയുമായുള്ള കലഹത്തിനും പിന്നീടുള്ള വേർപിരിയലിനും ഈ ആത്മകഥ കാരണമായിത്തീര്‍ന്നു.

ഓംപുരിയുടെ ബാല്യകാലത്തെ ലൈംഗിംക ജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തന്നോട് നേരത്തേ പറഞ്ഞ കാര്യങ്ങൾ ആത്മകഥയിൽ സത്യസന്ധതയോടെ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് നന്ദിത പുരി ഇതേക്കുറിച്ച് പറഞ്ഞു. എന്നാൽ തന്നോട് പറയാതെയാണ് ഇക്കാര്യങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു ഓംപുരിയുടെ വിമർശനം.

ദാരിദ്ര്യം നിറഞ്ഞ ബാല്യത്തില്‍ നിന്ന് ഉയർന്ന് വന്ന് പരിശ്രമത്തിലൂടെ ലോകത്തെ തന്നെ മികച്ച നടന്മാരില്‍ ഒരാളായി വളര്‍ന്ന ഓംപുരിയുടെ സഹനത്തിന്റെ കഥകളും നന്ദിത പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കുടുംബത്തോട് പൂർണമായും അർപ്പണബോധം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം വളരെ നല്ല പാചകക്കാരനുമായിരുന്നു.

സത്യജിത് റേ, ഗോവിന്ദ് നിഹലാനി, ശ്യാം ബെനഗൽ എന്നീ ലോകസിനിമാരംഗത്തെ തന്നെ മഹാരഥൻമാരോടൊപ്പം നിൽക്കുകയും ജാക് നിക്കോൾസൻ, ടോം ഹാങ്കസ് തുടങ്ങിയ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ നടന്മാരോടൊപ്പം അഭിനയിക്കുകയും ചെയ്ത ഓംപുരിയുടെ ജീവിതം ആരേയും ആവേശം കൊള്ളിക്കുന്നതാണ്. ഗോവിന്ദ് നിഹലാനിയുടെ ആക്രോശിലെ ഊമയായ ആദിവസിയും അർധ് സത്യയിലെ പൊലീസുകാരനും ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച പ്രകടനങ്ങളാണ്. ഓമിന്‍റെ വാക്കുകളുടെ മാന്ത്രികത തന്നെ പിടിച്ചിരുത്തുമായിരുന്നുവെന്ന് ഭാര്യയും ആത്മകഥാകാരിയുമായ നന്ദിത എഴുതുന്നു. ബിഥോവൻ മുതൽ ശാസ്ത്ര വിഷയങ്ങൾ വരെ സംസാരിക്കുമായിരുന്ന അദ്ദേഹത്തിനു എല്ലാ കാര്യങ്ങളും പെട്ടെന്ന് ഗ്രഹിച്ചെടുക്കാൻ കഴിയുമായിരുന്നു എന്നും നന്ദിത എഴുതുന്നു.

എന്നാൽ, ഒരു ആത്മകഥ എങ്ങനെ എഴുതരുത് എന്നതിന് മികച്ച ഉദാഹരണം കൂടിയാണ് അൺലൈക് ലി ഹീറോ എന്ന ഈ പുസ്തകമെന്ന് പല നിരൂപകരും വിമർശിക്കുന്നു. ഒരു മഹാനടന്‍റെ മുൻകാല ലൈംഗിംകജീവിതം ചികയുന്നതിൽ താത്പര്യം കാണിക്കേണ്ട കാര്യം ആത്മകഥാകാരിക്കില്ലെന്നാണ് വിമർശകരുടെ പക്ഷം

shortlink

Post Your Comments

Related Articles


Back to top button