കഥ / പ്രവീണ്‍. പി നായര്‍
നാളെയല്ലേ അമ്മുക്കുട്ടി നിന്റെ വിവാഹം, എന്തിനാ പെണ്ണേ കരയുന്നത്, നീ ഒരുപാട് ഒരുപാട് എന്നെ സ്നേഹിച്ചത് കൊണ്ടാണോ ഒത്തിരി ഒത്തിരി കരയുന്നത്. നിനക്കിപ്പോള്‍ ഞാന്‍ എവിടെയാണെന്നറിയാമോ?ഞാന്‍ എവിടെയായിരുന്നാലും നീ മാത്രമറിയുന്നൊരു കാലമുണ്ടായിരുന്നു. നിന്റെ പിറന്നാള്‍ദിനത്തില്‍ നീ എനിക്കൊരു വാല്‍ക്കണ്ണാടി സമ്മാനിച്ചത് ഓര്‍ക്കണുണ്ടോ? പിറന്നാള്കാരിക്കാണ് ആദ്യം സമ്മാനം തരേണ്ടത്. പക്ഷേ എന്റെ പിറന്നാളിനും, നിന്റെ പിറന്നാളിനും നീ തന്നെയാണ് ആദ്യമേ സമ്മാനം തരിക.അതാണ് എന്റെ അമ്മുക്കുട്ടി.കണ്ണേട്ടന്റെ അമ്മുക്കുട്ടിക്ക് ജമന്തിപൂവിന്റെ മനസ്സാണ്. നിന്റെ പിറന്നാള്‍ദിനത്തില്‍ നീ സമ്മാനിച്ച വാല്‍ക്കണ്ണാടി ഞാന്‍ മുറുകെ പിടിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ അതില്‍ നോക്കിയിരിക്കയാ എനിക്കതില്‍ നിന്നെ കാണാം. നീ മിണ്ടാത്തതെന്തേ, നിന്റെ മനസ്സെന്ന നമ്പരിലേക്ക് എങ്ങനെയാ വിളിക്കുക, എങ്ങനെയാ അവിടുത്തെ കാര്യങ്ങളൊക്കെ അറിയുക. നമ്മുടെ കൃഷ്ണഭഗവാനോട് ചോദിച്ചിട്ട് കക്ഷിയൊന്നും മിണ്ടുന്നില്ലല്ലോ.എന്റെ ഇഷ്ടനിറമുള്ള ചേല ചുറ്റിയാണോ അമ്മുക്കുട്ടി നാളെ നീ കല്യാണമണ്ഡപത്തിലേക്ക് കയറുന്നത്.
നീ ആലിന്‍ച്ചുവട്ടിലിരുന്നു എന്നോട് പറഞ്ഞതോര്‍മ്മയുണ്ടോ?
“കണ്ണേട്ടന്‍ എന്റെ കഴുത്തില്‍ താലികെട്ടുമ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് കൈകൂപ്പിതൊഴുത്, കണ്ണേട്ടന് മാത്രം കേള്‍ക്കണതരത്തില്‍ കണ്ണനോട് പറയും, എന്റെ കണ്ണേട്ടനെ എനിക്ക് തന്ന കണ്ണാ കുന്നോളം നന്ദിയുണ്ട്”…
നാളെ നിന്‍റെ കഴുത്തില്‍ താലിവീഴുമ്പോള്‍ സദസ്സിനു കാണാനായി മാത്രമാകും നീ കൈകൂപ്പി തൊഴുന്നതെന്ന് കണ്ണേട്ടനറിയാം . നീയെന്നും എനിക്കുവേണ്ടി തൊഴാന്‍പോകാറുള്ള കൃഷ്ണനടയില്‍വെച്ചാണോ അമ്മുക്കുട്ടി നിന്റെ മിന്നുകെട്ട്. നീ ആഗ്രഹിച്ചപോലെ നിന്റെ കഴുത്തില്‍ താലിചാര്‍ത്തുന്നത് ഞാനലല്ലോ എങ്കിലും നിന്റെ കൃഷ്ണദേവന്‍ നിനക്കരിലുണ്ടാകും. ഇനി മൂപ്പര് വരാതിരിക്കുമോ? ആത്മാര്‍ത്ഥമായി സ്നേഹിച്ചിട്ടു വേര്‍പിരിയുന്നവരുടെ വേളിക്കു കണ്ണന്റെ സാന്നിദ്ധ്യമുണ്ടാകാറില്ല. കള്ളകൃഷ്ണനാണെങ്കിലും സ്നേഹം ജയിക്കുന്നിടത്തേ കൃഷ്ണഭഗവാന്‍ വരൂ . എന്നാലും വിവാഹത്തിനു നിന്റെ ഇഷ്ടദേവനെത്തും, അല്ലെങ്കില്‍ ഭഗവാനെ ഞാന്‍ നിര്‍ബന്ധിച്ച് പറഞ്ഞുവിടാം .
ആരോടും അനുവാദം ചോദിക്കാതെയാണല്ലോ അമ്മുക്കുട്ടി നമ്മള്‍ സ്നേഹിച്ചത്. അവസാനം നമ്മുടെ ജനന നക്ഷത്രങ്ങളോട് വീട്ടുകാര്‍ അനുവാദം ചോദിച്ചു. രണ്ട് നക്ഷത്രങ്ങളും, കുന്നിന്‍ ചെരുവിലെ ആ ജ്യോതിഷനും ചേര്‍ന്ന് നമ്മുടെ വീട്ടുകാരെ തടവിലാക്കി. എന്നിട്ടും നമ്മള്‍ തളര്‍ന്നില്ല. അമ്മുക്കുട്ടി കണ്ണേട്ടന്റെതായിരിക്കുമെന്നു അമ്മുക്കുട്ടി പറഞ്ഞു കണ്ണേട്ടന്‍ അമ്മുക്കുട്ടിയുടെതായിരിക്കുമെന്നു കണ്ണേട്ടനും പറഞ്ഞു. അമ്മയെന്ന ഈശ്വരനെ നീ വിണ്ണിനോളം സ്നേഹിച്ചത് കൊണ്ടാണോ കടലോളം സ്നേഹിച്ച എന്റെ മനസ്സ് അറുത്തെടുത്തു കടലിലേക്ക് ഒഴുക്കികളഞ്ഞത്. നീയെന്നെ വിട്ടുപോയതാണെന്ന് ജീവനുള്ളിടത്തോളം കാലം ഞാന്‍ പറയില്ല. നിന്റെ മനസ്സിനെ ആരൊക്കെയോ ചേര്‍ന്ന് ബന്ധിയാക്കിയതാണെന്നും, ആ ബന്ധനത്തിന്‍റെ ശക്തികൊണ്ടാണ് നീ മറ്റൊരു ബന്ധത്തിന് തയ്യാറായതെന്നും കണ്ണേട്ടനറിയാം. നാളെ കല്യാണപെണ്ണായി ഇറങ്ങുമ്പോള്‍ കണ്ണേട്ടനിഷ്ടമുള്ള ചുവന്ന കുറിയിടണം . മുടിയിലിത്തിരി മുല്ലപ്പൂമതി അതൊന്ന് മണത്ത് നോക്കണേ പെണ്ണെ അതിനു തീരെ മണമുണ്ടാകില്ല, നിന്റെ മുടിയിലിരിക്കുന്ന പൂ മണക്കണമെങ്കില്‍ ഞാനരികില്‍ വേണ്ടേ.
(കല്യാണപ്പെണ്ണിന്റെ കല്യാണദിവസം)
നീ ഇന്നലെ കുറച്ചു എങ്കിലും ഉറങ്ങിയിരുന്നോ പെണ്ണേ, കണ്ണേട്ടന്റെ കയ്യിലിരുന്ന വാല്‍ക്കണ്ണാടി ദാ ഇപ്പോള്‍ തറയില്‍ വീണുടഞ്ഞു. എങ്ങനെയാണെന്നറിയില്ല മുറുകെ പിടിച്ചിരുന്നതാണ്. എന്റെ കൈകളല്ലേ മുറുകെ പിടിച്ചത് മനസ്സ് ദുര്‍ബലമായിരുന്നു അതാകാം കണ്ണാടിയുടഞ്ഞത്. ഇനിയെത്ര നോക്കിയാലും കണ്ണേട്ടന് നിന്നെ കാണാന്‍ കഴിയില്ല… മഴവില്ലഴകോടെ സ്നേഹിച്ചു പിരിയുന്നവര്‍ക്ക് ദൈവത്തിന്റെ സമ്മാനമെന്തെന്നു അറിയുമോ നിനക്ക്, വീണ്ടും ജീവിക്കാനൊരു ജന്മം,അത് എന്റെ അമ്മുക്കുട്ടിക്കും അമ്മുക്കുട്ടിയുടെ കണ്ണേട്ടനും ദൈവം തരും. തലയിലിത്തിരി മുല്ലപൂവുംചൂടി കണ്ണേട്ടന്‍റെ ഇഷ്ടനിറത്തിലെ ചേലയുംചുറ്റി എന്‍റെ കല്യാണപെണ്ണായി അടുത്ത ജന്മം അങ്ങ് വന്നേക്കണം, ഞാനിനീ അന്നേ കല്യാണചെക്കനാകുന്നുള്ളൂ…
എന്റെ കയ്യില്‍ കുറച്ചു പൂക്കളുണ്ട് നിന്റെ മുടിയിലിരിക്കണ മുല്ലപ്പൂ പോലെ എന്റെ കയ്യിലിരിക്കണ അരളിപൂവിനും തീരെ മണമില്ല. സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നല്ലോ. മുഹൂര്‍ത്തത്തിന് സമയമായോ നിന്റെ കഴുത്തില്‍ നിന്റെ ചെറുക്കന്‍ മിന്നുകെട്ടിയോ. വാല്‍ക്കണ്ണാടി തറയില്‍ വീണുടഞ്ഞത്കൊണ്ട് എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ ആ വാല്‍ക്കണ്ണാടിയില്‍ നിന്റെ കല്യാണം കാണമായിരുന്നു.ഞാന്‍ നിര്‍ബന്ധിച്ചു അങ്ങോട്ടേക്ക് പറഞ്ഞയച്ച കൃഷ്ണ ഭഗവാന്‍ നിനക്ക് അനുഗ്രഹവുമായി എത്തിയിട്ടുണ്ടാകുമോ വേണ്ട,എനിക്കൊന്നും അറിയണ്ട കണ്ണേട്ടനൊരിക്കലും നീയെന്ന കല്യാണപ്പെണ്ണിനെ കാണണ്ട…
അടുത്ത ജന്മം എന്റെ കല്യാണപെണ്ണാകില്ലേ അന്ന് കണ്ടോളം ഞാന്‍. എന്റെ കയ്യില്‍ കുറച്ചു പൂക്കളുണ്ടേ അതിനു കണ്ണുനീരിന്റെ മണമാണ്. ചിരിക്കുന്ന ഒരുകൂട്ടം പൂക്കള്‍ക്കിടയില്‍ കരയുന്നൊരു പൂവിന്റെ അനുഗ്രഹമെന്തിനാണ് എന്റെ അമ്മുക്കുട്ടിക്ക്..
കണ്ണുനീരിന്റെ മണമുള്ള പൂക്കള്‍ എന്റെ കയ്യില്‍ നിന്ന് എങ്ങോട്ടേക്കോ പറന്നകന്നല്ലോ. അത് നിന്റെ കല്യാണംകൂടാന്‍ പറന്നതാകുമോ കല്യാണപെണ്ണേ…
Post Your Comments