bookreviewliteratureworldstudy

മുസ്ലീം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവും ലിംഗപരവുമായ തലങ്ങളെ അന്വേഷിക്കുന്ന രചന

മത സദാചാര മൂല്യവ്യവസ്ഥ നിലനിര്‍ത്തിയിട്ടുള്ള സ്ത്രീവിരുദ്ധതയുടെ അടിസ്ഥാനത്തില്‍ മുസ്ലീം സ്ത്രീയുടെ ജീവിതത്തെ പ്രശ്‌നവല്‍ക്കരിച്ച എഴുത്തുകാരിയാണ് ഖദീജ മുംതാസ്. പ്രവാസജീവിതത്തിന്റെ പശ്ചാത്തലത്തില്‍ മതത്തിന്റെ കാതലില്‍ തൊടുന്ന ചില ചോദ്യങ്ങളുയര്‍ത്തികൊണ്ട് എഴുതിയ ബര്‍സ എന്ന ഒരൊറ്റ നോവലുകൊണ്ട് മലയാള നോവല്‍ സാഹിത്യരംഗത്ത് സ്വന്തം ഇടം സ്ഥാപിച്ചെടുത്ത എഴുത്തുകാരിയാണവര്‍.

ഇസ്ലാമിനകത്തുനിന്നുകൊണ്ടുള്ള ഇസ്ലാമിനുവേണ്ടി ഉയര്‍ത്തപ്പെട്ട ചോദ്യങ്ങളായിരുന്നു അതില്‍ ഉള്ളതെങ്കിലും എഴുത്തുകാരി യാഥാസ്ഥിതികരാല്‍ ചോദ്യംചെയ്യപ്പെടുകയും ചെയ്തു. ഇപ്പോഴിതാ തന്റെ മതത്തിന്റെ ഉള്ളിലുള്ള മൂന്ന് തലമുറയിലെ സ്ത്രീജീവിതങ്ങളുടെ കഥയുമായി, നീട്ടിയെഴുത്തുകള്‍ എന്ന നോവലുമായി ഖദീജ എത്തുന്നു.

‘തീപ്പെട്ടിയുരച്ചിട്ടാല്‍ കത്തിപ്പിടിക്കാന്‍തക്ക ജ്വലനസാധ്യതയുള്ള തലച്ചോറുമായി പിറന്ന അയിഷു’ എന്ന നായികാ കഥാപാത്രത്തിലൂടെയാണ് നീട്ടിയെഴുത്തുകള്‍ വികസിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടുകയും ധാരാളം വായിക്കുകയും സാമൂഹ്യ-രാഷ്ട്രീയബോധവും നേടിയ, ഒരു ഡോക്ടറാകാന്‍ തീവ്രമായി ആഗ്രഹിക്കുന്ന അയിഷു, അയിഷുവിന്റെ മകള്‍ ഡോ. മെഹര്‍, മെഹറിന്റെ ഇനിയും പിറന്നിട്ടില്ലാത്ത ദിയ എന്നീ മുന്നുതലമുറയിലൂടെ മുസ്ലീം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവും ലിംഗപരവുമായ തലങ്ങളെ അന്വേഷിക്കുകയാണ് ഈ നോവല്‍.

ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ കണ്ണിലൂടെ ചരിത്രം കടന്നുപോകുന്ന വഴികള്‍ നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ, വിശേഷിച്ചും കൊടുങ്ങല്ലൂരിന്റെ, വിസ്തൃമായി അടയാളപ്പെടുത്തുന്ന നോവലായി ചിലയിടങ്ങളില്‍ ഇത് മാറുന്നുണ്ട്. അതുകൊണ്ടുതന്നെ വെറുമൊരു നോവലിനപ്പുറം ഒരു ചരിത്രാഖ്യായികയുടെ സ്വഭാവവും ഈ നോവലിനുണ്ടെന്നു പറയാം.

മുസ്ലീം സ്ത്രീകളുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ആഴപ്പരപ്പിലേക്കുന്ന തുറക്കുന്ന നീട്ടിയെഴുത്തുകള്‍ ആത്മകഥാപരമെന്ന് തോന്നിപ്പിക്കും വിധമാണ് ഖദീജ മുംതാസ് ആവിഷ്‌കരിച്ചിരിക്കുന്നത്. സ്വസമുദായത്തിന്റെ സദാചാരത്തെ പ്രശ്‌നവത്ക്കരിച്ച ആദ്യനോവലായ ബര്‍സയുടെ ഒരു നീട്ടിയെഴുത്തായും ഇതിനെ വ്യാഖ്യാനിക്കാവുന്നതാണെന്ന് അവതാരികയില്‍ സാറാജോസഫ് അഭിപ്രായപ്പെടുന്നു.

നീട്ടിയെഴുത്തുകള്‍ എന്ന നോവല്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

shortlink

Post Your Comments

Related Articles


Back to top button