literatureworldnews

യു കെ കുമാരന്‌ വയലാര്‍ അവാര്‍ഡ്

 

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‌ ഈ വര്‍ഷത്തെവയലാര്‍ അവാര്‍ഡ്. തക്ഷന്‍ കുന്നു സ്വരൂപം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകൽപന ചെയ്ത ശിൽപവുമാണ് അവാർഡ്. എ.കെ.സാനു, സേതു, മുകുന്ദൻ, കടത്തനാട് നാരായണൻ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് എ.കെ.ജി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് കമ്മിറ്റി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2012-ലെ വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം, 2014-ലെ ചെറുകാട് അവാർഡ് എന്നിവയും തക്ഷന്‍ കുന്നു സ്വരൂപത്തിനു ലഭിച്ചിട്ടുണ്ട്. നന്മയുടെയും മാനവികതയുടെയും പക്ഷത്ത് നിന്ന് കഥകളെഴുതിയ യു.കെ. കുമാരന്‍റെ കഥാപാത്രങ്ങള്‍ വായനക്കാരോട് എളുപ്പത്തില്‍ സംവദിക്കുന്നവരാണ്.u_k_kuma_09_1389721e

കോഴിക്കോട്‌ ജില്ലയിലെ പയ്യോളിയില്‍ 1950 മെയ്‌ 11ന്‌ ജനിച്ച യു.കെ. കുമാരൻ സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദവും പത്രപ്രവർത്തനത്തിലും പബ്ലിക്ക്‌ റിലേഷൻസിലും ഡിപ്ലോമയും നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ കേരള കൗമുദി (കോഴിക്കോട്‌) പത്രാധിപസമിതി അംഗമാണ്.

അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍ എഴുതപ്പെട്ടത്‌, വലയം, ഒരിടത്തുമെത്താത്തവർ, മുലപ്പാൽ, ആസക്‌തി, തക്ഷൻകുന്ന് സ്വരൂപം, കാണുന്നതല്ല കാഴ്ചകൾ എന്നിവയാണ്. മലർന്നു പറക്കുന്ന കാക്ക, പ്രസവവാർഡ്‌, എല്ലാം കാണുന്ന ഞാൻ, ഓരോ വിളിയും കാത്ത്‌, അദ്ദേഹം എന്നീ നോവലെറ്റുകളും ഒരാളെ തേടി ഒരാൾ, പുതിയ ഇരിപ്പിടങ്ങൾ, പാവം കളളൻ, മടുത്തകളി, മധുരശൈത്യം, ഒറ്റക്കൊരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്‌, റെയിൽപാളത്തിലിരുന്ന്‌ ഒരു കുടുംബം ധ്യാനിക്കുന്നു, പോലീസുകാരന്‍റ പെൺമക്കൾ എന്നിങ്ങനെ നിരവധി കഥകളും രചിച്ചിട്ടുണ്ട്.

പോലീസുകാരന്‍റെ പെൺമക്കൾ എന്ന ചെറുകഥാസമാഹാരത്തിന് 2011-ലെ മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ്.കെ. പൊറ്റക്കാട് അവാര്‍ഡ്, ധിഷണ അവാര്‍ഡ്, രാജീവ്ഗാന്ധി സദ്ഭാവന അവാര്‍ഡ്, ഇ.വി.ജി. പുരസ്‌ക്കാരം, കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌ക്കാരം, അപ്പന്‍ തമ്പുരാന്‍ പുരസ്‌ക്കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ അവാര്‍ഡ്, തോപ്പില്‍ രവി പുരസ്‌ക്കാരം എന്നീ പുരസ്ക്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

 

 

shortlink

Post Your Comments

Related Articles


Back to top button