വിട
by ഹരി മേനോന്‍
വർണ്ണലോകത്തിനപ്പുറം തെല്ലൊരു
വന്യമാമിരുട്ടിങ്കലേയ്ക്കല്ലയോ
മെല്ലെ നമ്മൾ നമ്മൾ നടന്നടുക്കുന്നതും
നല്ല വാക്കാൽ പിരിഞ്ഞുപോകുന്നതും..
സ്വപ്നമായിരുന്നൊക്കെയും രാവിലാ
സ്വച്ഛനിദ്രയിൽ നമ്മളൊന്നിച്ചൊരു
സ്വർഗ്ഗലോകം പണിഞ്ഞതും, പിന്നതിൽ
സ്വസ്ഥമായിട്ടൊരുമിച്ചിരുന്നതും..
ഒട്ടുമോർക്കാതിരിക്കുവാനാവുമോ
ചുട്ട വേർപ്പിൽ നാമൊന്നായ് നനഞ്ഞതും,
ചുറ്റുമാരുമുണ്ടെങ്കിലും തീർത്തൊരാ
ഒറ്റ ലോകത്തു കൈകോർത്തിരുന്നതും..
അപ്പൊഴും നീ പറഞ്ഞിരുന്നെത്രനാ-
ളിപ്പഴക്കത്തിനായുസെന്നൊക്കെയും
ഇപ്പൊഴീവഴിയ്ക്കറ്റത്തു നിൽപ്പു ഞാൻ
ഒപ്പമില്ലിനി നീയെന്ന സ്വപ്നവും..!
വിട…..
Post Your Comments