നാടകം എന്ന കലാരൂപത്തിന് സാമൂഹികമായും സാംസ്കാരികമായും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്കും നാടക പ്രവർത്തകർക്ക് പൊതു സമൂഹത്തിൽ നിലനിൽക്കുന്ന അവഗണനയ്ക്ക് മാറ്റം വരുത്തുന്നത്തിനുമായി സംസ്ഥാനത്ത് നാടക് ( Network of Artistic Theatre Activists Kerala -NATAK ) എന്ന പേരിൽ ഒരു പുതിയ സംഘടന രൂപംകൊണ്ടു. അതിജീവന ഭീഷണി നേരിടുന്ന നാടകം എന്ന കലാരൂപത്തിന് ആധുനിക യുഗത്തിൽ ഒരു മാന്യമായ സ്ഥാനം നേടിയെടുക്കുകയും നാടക പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ വിശകലനം ചെയ്യുകയും പരിഹാരമാർഗ്ഗങ്ങൾ തേടുകയും ചെയ്യുക, നാടകത്തെക്കുറിച്ചുള്ള അവബോധം സാധാരണക്കാർക്കിടയിലും പുതുതലമുറയിലും ഉണ്ടാക്കിയെടുക്കുക തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളാണ് പുതിയ സംഘടനയ്ക്കുള്ളത്.
സൗന്ദര്യശാസ്ത്രപരമായി നാടകം എന്ന കലാരൂപം നേരിടുന്ന പ്രശ്നങ്ങൾക്ക് മറുപടി തേടുന്നതിനൊപ്പം തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ നേർക്കുള്ള അവഗണനയ്ക്കും മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് നാടക് ഭാരവാഹികൾ പറഞ്ഞു. മാറി മാറി വന്ന സർക്കാരുകളൊന്നും നാടകവേദി നേരിടുന്ന പ്രശ്നങ്ങളിൽ ആവശ്യമായ ശ്രദ്ധ പതിപ്പിച്ചിട്ടില്ല. സംസ്ഥാനത്തിൻറെ സാംസ്ക്കാരിക നയരൂപീകരണമുൾപ്പെടെയുള്ള സുപ്രധാനവിഷയങ്ങളിൽ തിയേറ്ററിന്റെയും നാടകപ്രവർത്തകരുടെയും പങ്ക് ഇന്നുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. സ്കൂൾ വിദ്യാഭ്യാസമേഖലയിൽ തിയേറ്ററിനു അർഹമായ പ്രാധ്യാന്യം നൽകണമെന്നും നാടക് ആവശ്യപ്പെട്ടു.
സംഘടനയുടെ പ്രസിഡന്റ് രഘൂത്തമനും സെക്രട്ടറി ജെ.ശൈലജയും മറ്റു ഭാരവാഹികളും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. തൃശൂരിൽ നവംബർ 26, 27 തീയതികളിൽ ചേർന്ന നാടകപ്രവർത്തകരുടെ സംസ്ഥാനതല യോഗമാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്. ജൂലൈ മാസം മുതൽ സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽ വച്ച് , പല തലങ്ങളിൽ നടന്ന വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമൊടുവിൽ തൃശൂരിൽ ചേർന്ന സമ്മേളനം സംഘടന രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. വാർത്താ സമ്മേളനത്തിൽ സംഘടനാ രക്ഷാധികാരി നരിപ്പറ്റ രാജു, ട്രഷറർ അമൽരാജ് നിർവ്വാഹക സമിതി അംഗങ്ങളും പ്രമുഖ നാടക പ്രവർത്തകരുമായ പി.ജെ.ഉണ്ണിക്കൃഷ്ണൻ, സജി തുളസീദാസ്, പ്രശാന്ത് നാരായണൻ, ടൈറ്റസ് എസ്.കുമാർ എന്നിവർ പങ്കെടുത്തു.
Post Your Comments