സംസ്ഥാനത്തെ ജയിലില്‍ ഇനി വായനയുടെ നാളുകള്‍. ജയിലിലെ അന്തേവാസികളെ വായനയുടെ ലോകത്തേക്ക് നയിക്കുകയും അതുവഴി ജീവിതത്തോടും സമൂഹത്തോടുമുള്ള അവരുടെ കാഴ്ചപ്പാട് തന്നെ മാറ്റിയെടുക്കുന്നതിനുമായി തുടക്കമിട്ട ഡിജിറ്റല്‍ ലൈബ്രറികളിലൂടെയാണ് അന്തേവാസികള്‍ക്ക് വായനയുടെ പുതുലോകം തുറന്നുകൊടുക്കുന്നത്. സംസ്ഥാനത്തെ ജയിലുകളിലെല്ലാം ഡിജിറ്റല്‍ ലൈബ്രറികള്‍ തയ്യാറാക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. ഇതിനുമുന്നോടിയായി ഏറ്റവും പഴക്കമേറിയ പുസ്തക ശേഖരമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 1300അന്തേവാസികള്‍ക്കും ഇ-വായനയുടെ വാതായനങ്ങള്‍ തുറന്നു നല്‍കുന്നതിനുള്ള ദ്രുതഗതിയിലുള്ള ഒരുക്കത്തിലാണ് അധികൃതര്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ മാത്രമല്ല ആമസോണ്‍ കിന്റില്‍ റീഡര്‍ എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാകുന്ന പുസ്തകങ്ങളും വായനയ്ക്ക് ലഭ്യമാക്കും.
മുന്‍പും ജയിലില്‍ ലൈബ്രറികള്‍ ഉണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഒരേസമയം വളരെയധികം പേരെ ലൈബ്രറി ഉപയോഗിക്കാന്‍ അനുവദിക്കാനാവാത്ത സ്ഥിതിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഓരോ ബ്ലോക്കുകളിലുമുള്ള മുതിര്‍ന്ന തടവുകാര്‍ പുസ്തകം ശേഖരിക്കുകയും അത് സഹതടവുകാര്‍ക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇ-ലൈബ്രറി ആരംഭിക്കുന്നതോടെ എല്ലാവര്‍ക്കും വായന പ്രാപ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജയില്‍ സൂപ്രണ്ട് പറയുന്നു. അതിനായി അന്തേവാസികള്‍ക്ക് ഇ-വായനയില്‍ പരിശീലനവും ഉപകരണങ്ങളും നല്‍കും. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കാന്‍ അവസരമൊരുക്കുക മാത്രമല്ല, ഇ-സാക്ഷരത ലഭ്യമാക്കുക കൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നു അദ്ദേഹം പറഞ്ഞു.
ഇ-ലൈബ്രറി ഉപയോഗിക്കാന്‍ താല്‍പര്യമുള്ള അന്തേവാസികള്‍ക്ക് ബാര്‍ കോഡ് ഉള്‍പ്പെടെയുള്ള പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വിശാലമായ ജയില്‍ വളപ്പിലെ 11-ആം ബ്ലോക്കില്‍ സജ്ജീകരിച്ചിരിക്കുന്ന ഇ ലൈബ്രറിയിലേയ്ക്ക് ഈ തിരിച്ചറിയല്‍ കാര്‍ഡുമായി അവര്‍ക്ക് ചെല്ലാവുന്നതും ലൈബ്രേറിയനുമായി ബന്ധപ്പെട്ട് അവിടെയുള്ള കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കാവുന്നതുമാണ്.
ശാസ്ത്രവും സാഹിത്യവുമെല്ലാമായി 15,000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇപ്പോള്‍ തന്നെ ജയിലിലുണ്ട്. ഈ പുസ്തകങ്ങളുടെ സംക്ഷിപ്തം, രചയിതാക്കള്‍ എന്നിവയടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സോഫ്റ്റ്‌വെയര്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്. ഉല്ലാസത്തിനും വിനോദത്തിനും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ തടവുകാര്‍ക്കിടയിലെ വായനാശീലം വര്‍ധിച്ചിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
Post Your Comments