indepthliteratureworldnewsstudytopstories

മുഹമ്മദ്‌ റഫിയുടെ ദുഃഖം യേശുദാസിന്റെ സ്വപ്നം

 

സംഗീത ലോകത്ത് വൈകല്യങ്ങളെ തോല്‍പ്പിച്ചു വിജയം കൈവരിച്ച മഹാപ്രതിഭ രവീന്ദ്ര ജയിന്‍ സംഗീത ലോകത്ത് ഇന്നും ഒരു വിസ്മയമാണ്. ഉള്‍ക്കണ്ണ് കൊണ്ട് സംഗീതത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഇദ്ദേഹം മലയാളികള്‍ക്കും സുപരിചിതനാണ്. 1944 ഫെബ്രുവരി 28ന് പ്രസിദ്ധ പണ്ഡിതനും ആയൂര്‍വേദ ആചാര്യനുമായ പണ്ഡിറ്റ്‌ ഇന്ദ്രമണി ജെയിനിന്റെയും കിരണ്‍ ജെയിനിന്റെയും ഏഴ് മക്കളില്‍ മൂന്നാമനായി അലിഗഡില്‍ ജനനം. ജന്മനാ അന്ധനായ രവീന്ദ്രന്‍ വീട് നിറയെ ആളുണ്ടായിട്ടും ഏകാന്തതയുടെ കൂട്ടില്‍ കാതുകള്‍ പകര്ന്ന അറിവുകള്‍ കൊണ്ട് പാട്ടുകള്‍ രചിച്ച് സ്വന്തം ഹാര്മോണിയത്തില്‍ അവയ്ക്ക് ഈണം നല്കി.

ഒരു മനുഷ്യന്റെ അതിജീവനമെന്നോ ഒരു പ്രതിഭയുടെ ഉദയമെന്നോ വിശേഷിപ്പിക്കാവുന്നത്ര നാടകീയമായിരുന്നു രവീന്ദ്ര ജെയിനിന്റെ ജീവിതം. രബീന്ദ്ര സംഗീതത്തിന്റെ മാസ്മരികതയും ബംഗ്ലാ ഗാനങ്ങളുടെയും ഭാവഗീതികളുടെയും അലയൊലികളും രവീന്ദ്ര ജെയിനില്‍ നടത്തിയ പരിവര്ത്തനങ്ങള്‍ 1960 കളുടെ അവസാനത്തോടെ അദ്ദേഹത്തെ മുംബെയിലെത്തിച്ചു .അങ്ങനെ 1973 ല്‍ സൗദാഗര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് എത്തി. സ്വതന്ത്ര സംഗീത സംവിധായകനായി ആരാധനാപാത്രമായ മുഹമ്മദ്‌ റഫിക്കൊപ്പം രണ്ടാം ചലച്ചിത്രം ചെയ്തു . ബലിദാന്‍ , സിലസിലാ പ്യാര്‍ കാ എന്നീ ചിത്രങ്ങള്‍ വെളിച്ചം കണ്ടില്ല. തുടര്ന്ന് വന്ന കാഞ്ച് ഔര്‍ ഹീരാ ,സൌഭാഗ്യ എന്നീ ചിത്രങ്ങളുടെയും വിധി മറ്റൊന്നായില്ല. പിന്നീട് ബോളിവുഡ് രവീന്ദ്രസംഗീതം തിരിച്ചറിഞ്ഞു, ചോര്‍മചായെ ശോര്‍ എന്ന സിനിമയിലൂടെ.. ചിത്രത്തിലെ എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റ്‌!

അന്ധതയെ സംഗീതം കൊണ്ട് അതിജീവിച്ച സാക്ഷാൽ രവീന്ദ്ര ജെയ്ൻ താൻസെൻ എന്ന ചിത്രത്തിനു വേണ്ടി 1979ൽ കമ്പോസ് ചെയ്ത ഗാനമാണ് “ഷഡ്ജനേ പായ യേ വര്ദാൻ”. ഈ ഗാനത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്.
പുറത്തിറങ്ങാത്ത അദ്ദേഹത്തിന്‍റെ ഒരു ചിത്രമാണ് താന്‍സെന്‍. എന്നാല്‍ അതിലെ ഈ ഗാനം സംഗീതാസ്വാദകാര്‍ക്ക് ഇന്നും ഒരു വിസ്മയമാണ്. എങ്ങനെയാണ് ഇത്തരം ഒരു ഗാനം ഈ പ്രതിഭ ഒരുക്കിയതെന്ന് ചോദിച്ചാല്‍ ഓരോ വ്യക്തിയും അത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ യേശുദാസിന് വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു അപൂര്‍വ്വ ഗാനമാണെന്നു സമ്മതിക്കും. അതിനു പിന്നില്‍ ഒരു കഥയുണ്ട്.

1950 മുതല്‍ ഹിന്ദി -ഉറുദു ചലചിത്ര പിന്നണി ഗാന രംഗത്തെ അതുല്യ പ്രതിഭയായിരുന്ന മുഹമ്മദ്‌ റഫിയെ കൊണ്ട് പാടിക്കാന്‍ എത്തിയ രവീന്ദ്ര ജയിനോട് തന്നെ കൊണ്ട് ഏഴു വര്‍ഷം എടുത്താലും ഈ ഗാനം പാടാന്‍ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹം തിരിച്ചയച്ചു. അത് ഒരു നിയോഗമായി. ഈ ഗാനം ഗാനഗന്ധര്‍വ്വന്‍റെ ശബ്ദ മാധുര്യം തേടിയെത്തി. മൂന്നു ദിവസം എടുത്ത് 59 ടേക്കുകൾ കൊണ്ട് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഇത് പൂർത്തീകരിച്ചു. യേശുദാസിന്റെ മികച്ച പത്തു ഗാനമെടുത്താല്‍ അതില്‍ ഒന്നാമതായി ഈ ഗാനം ഉണ്ടായിരിക്കും എന്നതില്‍ സംശയമില്ല. യേശുദാസിനു ദേശീയ പുരസ്‌കാരം നേടികൊടുത്ത ഗോരി തേരാ ഗാവ് ബഡാ പ്യാരാ………. എന്ന ഗാനം രവീന്ദ്ര ജയിന്‍ സമ്മാനിച്ചതാണ്.

ഇന്ത്യന്‍ സംഗീതത്തിലെ വിസ്മയം, ഇന്ത്യയുടെ ശബ്ദം എന്നാണു രവീന്ദ്ര ജയിന്‍ യേശുദാസിനെ വിശേഷിപ്പിച്ചത്‌. ദൈവം അനുഗ്രഹിച്ചു തനിക്കു കാഴ്ച തിരിച്ചു കിട്ടിയാൽ ആദ്യം കാണേണ്ട മുഖം ദാസേട്ടന്റേതാണ് എന്നാണു അദ്ദേഹം പറഞ്ഞിരുന്നത്. അന്യ ഭാഷാ സംഗീതജ്ഞനായ ഒരാള്‍ ഇങ്ങനെ പറയുമ്പോള്‍ അതില്‍ തന്നെ യേശുദാസ് എന്ന പ്രതിഭയോടുള്ള ആദരവും അടുപ്പവും സ്നേഹവും കാണാന്‍ കഴിയും.

യേശുദാസ്-രവീന്ദ്ര ജെയിന്‍ കൂട്ടുകെട്ടില്‍ അനവധി ഗാനങ്ങള്‍ പുറത്തിറങ്ങി ഓ ഗോരിയാരെ…(നൈയാ), ഖുശിയാ ഹേ ഖുശിയാ (ദുല്ഹുന്‍ വഹി ജോ പിയാ മന്‍ ഭായേ), ഇരുവരും ചേര്ന്ന് അനശ്വരമാക്കിയ ഗാനങ്ങളുടെ നിര അങ്ങനെ അങ്ങനെ നീണ്ടുപോകുന്നു. തന്സനിലെ ഷഡ്ജനെ പായാ എന്ന ഗാനം 1979 ല്‍റെക്കോര്ഡിംഗ് പൂര്ത്തി്യായെങ്കിലും പുറത്തിറങ്ങിയില്ല. മരണം വരെ രവീന്ദ്ര ജെയിന്‍ ആഗ്രഹിച്ചത് ആ ഒരു ഗാനം പുറത്തിറങ്ങി കാണണം എന്ന് മാത്രമായിരുന്നു.. 13 മിനിട്ടോളം ദൈര്ഘ്യമുള്ള ഈ അര്ദ്ധ ശാസ്ത്രീയഗാനത്തില്‍ രവീന്ദ്ര ജെയ്ന്‍ എന്ന സംഗീത സംവിധായകന്റെയും യേശുദാസ് എന്ന ഗന്ധര്വ്വ ഗായകന്റെയും ആത്മാവ് അത്രമേല്‍ അലിഞ്ഞു ചേര്ന്നിരിക്കണം. ആയുസില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമായിരുന്നു ആ ഗാനമെന്നാണ് രവീന്ദ്ര ജെയിന്‍ തന്നെ പറയുന്നത്.

തീർച്ചയായും ഹിന്ദിയിലെ “ദേവസഭാതലം” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സൃഷ്ടിയാണ് “ഷഡ്ജനേ പായ യേ വര്ദാൻ”. ഒരു പക്ഷെ ആദ്യത്തേതിനെക്കാൾ ശ്രമകരം. ദേവസഭാതലം സ്വരങ്ങളെ വർണ്ണിക്കുന്നു എങ്കിൽ ഈ ഗാനം അസാവരി (നടഭൈരവി), ബഹാർ (കാനഡ), കാഫി (ഖരഹരപ്രിയ), ഭൈരവ് (മായാമാളവഗൗള), യമൻ കല്യാൺ (യമുനാ കല്യാണി), ബിലാവൽ (ശങ്കരാഭരണം) തുടങ്ങി പ്രമുഖ ഹിന്ദുസ്ഥാനി രാഗങ്ങളെ പറ്റി പ്രതിപാദിക്കുന്നു. .. 13 മിനിറ്റോളം ദൈർഘ്യമുള്ള ഈ ഗാനത്തിലുടനീളം മന്ദ്ര-മധ്യ-താര സ്ഥായികളിലൂടെയുള്ള ആ ശബ്ദത്തിന്റെ പ്രയാണം ഓരോ തവണ ആസ്വദിക്കുമ്പോഴും എങ്ങനെ ദൈവത്തിനോടുള്ള നന്ദി അറിയിക്കും എന്ന സംശയത്തിൽ എത്തി നിൽക്കും. മാധുര്യം :: ഘനഗാംഭീര്യം എന്നീ രണ്ടു വാക്കുകളും ഒട്ടും മതിയാകാതെ പോകുന്ന ഒരവസ്ഥ. റിലീസ് ആകാതെ പോയ താൻസെനിലെ ഈ ഗാനമാണ് ഒരു പക്ഷെ കരിയറിൽ ദാസേട്ടന് ഏറ്റവും വെല്ലുവിളി ഉയർത്തിയ ഗാനം എന്ന് പാട്ടെഴുത്തിന്റെ അമരക്കാരനായ ശ്രീ രവി മേനോൻ അഭിപ്രായപ്പെടുന്നു.

1977 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്ര ജെയിന്‍ മലയാള സിനിമയുടെ ഭാഗമാവുന്നത്. കാളിദാസന്റെ കാവ്യ ഭാവനയില്‍….,താലിപ്പൂ പീലിപ്പു, ആശ്രിത വത്സലനെ…എന്നീ ഗാനങ്ങള്ക്ക് പുറമേ സ്വയംവര ശുഭദിന മംഗളങ്ങള്‍ എന്ന പാട്ടിലൂടെ ആശാ ബോസ്ലെയെയും ജെയിന്‍ മലയാളത്തില്‍ അവതരിപ്പിച്ചു. പില്ക്കാലത്ത് സുഖം സുഖകരം,ആകാശത്തിന്റെ നിറം എന്നീ സിനിമകള്‍ക്കും തരംഗിണിയുടെ ആവണിപ്പൂചെണ്ട് എന്ന സംഗീത ആല്ബത്തിലും ‌ ജെയിന്‍ ഈണമിട്ടു.

shortlink

Post Your Comments

Related Articles


Back to top button