ഇതിഹാസ പുരുഷന്റെ ജീവിതകഥ ‘മൈ ലൈഫ്’ ഒരുകൂട്ടം ചോദ്യങ്ങളും ഉത്തരവുമായാണ് മുന്നോട്ടു പോകുന്നത്. സുദീര്‍ഘമായ ഈ അഭിമുഖത്തെ ആത്മകഥയെന്നോ ആത്മ ഭാഷണമെന്നോ വിളിക്കാം. തന്റെ ജീവിതത്തെപ്പറ്റി, പോരാട്ടങ്ങളെപ്പറ്റി, രാഷ്ട്രീയ ദര്‍ശനങ്ങളെപ്പറ്റി കാസ്ട്രോ മനസ്സു തുറക്കുകയാണിവിടെ.
കാസ്ട്രോയുമൊത്ത് ഇഗ്നേഷ്യോ റമോണെറ്റ് എന്ന പത്രപ്രവര്‍ത്തകൻ രചിച്ച മൈ ലൈഫ് 2006 ലാണ് പുറത്തിറങ്ങിയത്. കുട്ടിക്കാലത്തെപ്പറ്റി തുടങ്ങി കാസ്ട്രോക്ക് ശേഷം എന്ത് എന്നു വരെ നീളുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികളിലൂടെ ആ ജീവിത കഥ മുന്നോട്ടുപോകുന്നത്.
കാസ്ട്രോയുമായുള്ള 100 മണിക്കൂര്‍ നീണ്ട സംഭാഷണത്തിന്റെ സംഗ്രഹമാണ് ഇരുപത്തെട്ട് അധ്യായങ്ങളിലായി എഴുന്നൂറോളം പേജുകള്‍ നീളുന്ന ഈ പുസ്തകം.ഹവാന പുസ്തക മേളയ്ക്കിടയില്‍ 2002ലാണ് റമോണെറ്റ് ഇങ്ങനെയൊരു നിര്‍ദേശം കാസ്ട്രോക്കു മുന്നില്‍ വച്ചത്. ‘താങ്കള്‍ക്ക് വേറൊരു പണിയുമില്ലേ, വെറുതെ സമയം പാഴാക്കണോ’ എന്നായിരുന്നു. കാസ്ട്രോയുടെ ആദ്യ പ്രതികരണം. പക്ഷേ, റമോണെറ്റ് പിന്തിരിഞ്ഞില്ല. കാസ്ട്രോ വഴങ്ങി.
അതൊരു ചരിത്ര പുസ്തകവും ആത്മകഥയുമാകണം എന്നു നിര്‍ദേശിച്ചത് കാസ്ട്രോ തന്നെയാണ്. അതു സംഭാഷണരൂപത്തില്‍ വേണമെന്നും നിര്‍ബന്ധിച്ചതും അദ്ദേഹമാണ്.
2003 ജനവരിയില്‍ തുടങ്ങി പല തവണകളിലായി 2005 ഡിസംബര്‍ വരെ നീണ്ടു, ആ സംഭാഷണം. 2006ല്‍ പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പിറങ്ങി. അതിനു ശേഷം കാസ്ട്രോ തന്നെ പുസ്തകം വായിച്ചു തിരുത്തലുകള്‍ വരുത്തി. പിന്നീട് ഇംഗ്ലീഷ് വിവര്‍ത്തനവുമിറങ്ങി.
Post Your Comments