അഭിരാമി
പ്രിയപ്പെട്ട പുസ്തകം എന്നൊന്ന് തിരഞ്ഞെടുക്കുക വളരെ ശ്രമകരം. ഓരോ ഘട്ടത്തിലും ഓരോ പുസ്തകത്തോടും ഓരോ കഥാകാരനോടും ഇഷ്ടം തോന്നുക, ഒരു കഥയ്ക്കോ പുസ്തകത്തിനോ തന്നെ ഓരോ വായനയിലും വ്യത്യസ്ത തലങ്ങളില്‍ എത്തിച്ചേരുക, ഇവയെല്ലാം ഓരോരോ വായനാനുഭവങ്ങള്‍ ആണ് സമ്മാനിക്കുക!
മലയാള സാഹിത്യത്തില്‍ പ്രമുഖയായ നോവലിസ്റ്റും കഥാകൃത്തുമാണ് സാറാ ജോസഫ്. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവ്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ‘മാനുഷി’ എന്ന സംഘടന രൂപീകരിച്ചു. പട്ടാമ്പി സംസ്കൃത കോളജിൽ മലയാളം പ്രൊഫസറായിരുന്നു. സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഓ. ചന്തു മേനോന്‍ അവാര്‍ഡ് വാങ്ങിയ കൃതിയാണ് സാറാ ജോസഫിന്റെ മാറ്റാത്തി.തനി തൃശൂര്‍ ഭാഷയിലുള്ള സംഭാഷണ രീതികളാണ് ഈ നോവലില്‍ ആദ്യാവസാനം ഉപയോഗിച്ചിരിക്കുന്നത് എന്നത് ഒരു പ്രത്യേകതയായി എടുത്തുപറയാന്‍ കഴിയും. സാധാരണക്കാരനു മനസ്സിലാക്കാന്‍ കഴിയുന്ന രചനാശൈലി. അതായത്,നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഓരോ വസ്തുവും തട്ടിന്‍ പുറത്തായാലും കഥാകാരി സൂക്ഷിക്കുന്നു. വളരെ ആവേശകരമായി വായിച്ചു തീര്‍ക്കുന്ന രീതിയിലുള്ളതല്ല എങ്കിലും ലൂസിയാണോ ബ്രിജിത്തയാണോ മനസ്സില്‍ തങ്ങിനില്‍ക്കുന്നതെന്ന സംശയം വായനയില്‍ ഉടനീളം അനുഭവപ്പെടുന്നുണ്ട്. ഓരോ നിമിഷവും ലൂസി നമ്മുടെ മനസ്സിലും ഓരോ ചോദ്യങ്ങളെറിഞ്ഞു പോകുന്നുണ്ട്. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയതിനാല്‍ അകന്ന ഒരു ബന്ധുവിന്റെ കൂടെ കഴിയേണ്ടി വരുന്ന ലൂസി, കുഞ്ഞു ലൂസിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വായനക്കാരന്‍ കൂടെ എത്തുന്നുണ്ട്. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളെ അടിമയായി കാണുന്നത് എന്നൊരു ചിന്ത ഉളവാക്കുന്നു ലൂസിയും ബ്രിജിത്തയും തമ്മിലുള്ള ബന്ധം, കുഞ്ഞു ലൂസി ആത്മഗതം ചെയ്യുന്ന ഒരു ഭാഗം ഇങ്ങനെ ,”ബ്രിജിത്ത മഹാറാണിയുടെ കുഞ്ഞിക്കോപ്പ സൂക്ഷിപ്പുകാരിയാണ് ഞാന്‍. എനിക്കല്ലാതെ മറ്റൊരാള്‍ക്കും ഇത് തൊടാനോ കാണാനോ അവകാശമില്ല. ” ഈ കുഞ്ഞിക്കോപ്പയിലേ ബ്രിജിത്ത കഞ്ഞികുടിക്കാറുള്ളു.
അവിവാഹിതയായ ബ്രിജിത്തയുടെ കഥയായും മാറ്റാത്തിയെ വായിക്കാം . ഒരു പുരുഷന്‍റെ ഗര്‍വ്വോടെ ജീവിച്ചു മരിച്ച തനി നാട്ടിന്‍പുറത്തുകാരി ജന്മി. എന്തിന്റെ പേരിലായാലും തന്‍റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നും ‘ഒരില പോലും ആര്‍ക്കും കൊടുക്കില്യാ’ന്നു വെട്ടിത്തുറന്നു പറയുന്ന ബ്രിജിത്ത , വിപ്ലവപ്രസ്ഥാനക്കാരെ അല്‍പം ഭയക്കുന്നുണ്ട്.ലൂസിയാണ് ബ്രിജിത്തയുടെ ലോകം എന്ന് എനിക്ക് തോന്നി . കര്‍ശനമായ ചിട്ടകള്‍ അടിച്ചേല്‍പ്പിക്കുമെങ്കിലും ലൂസിയെ കോളേജില്‍ വിട്ടു പഠിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ അറിയാതെ ഒരു ബഹുമാനം അവരോടു തോന്നുന്നുണ്ട്.
നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അതിശയോക്തി ഇല്ലാതെ കഥാകാരി വിശദമാക്കുന്നു. ഇടവകയിലെ അച്ചന്‍ വളരെ ആകാംക്ഷയോടെ പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കാനായി അപേക്ഷ വാങ്ങുന്നതും അവസാനം ഒന്നും സംഭവിക്കാതെ പോകുന്നതും അച്ചന്‍റെ പ്രത്യാശയുടെ ആത്മഗതമായി ,” തമ്പുരാന്‍ സഹായിച്ച് ജെര്‍മനീന്നെങ്ങാനും കാശ് വന്നാ ഈ മറിയാപുരത്തിന്റെ മോച്ചായ ഞാന്‍ മാറ്റും “, എന്ന വാക്കുകള്‍ ധാരാളം. ആഘോഷങ്ങളും പുതിയ സിനിമാട്ടാക്കീസിന്റെയും സ്റ്റുഡിയോയുടെയും തുടക്കങ്ങളും ഒക്കെ ബ്രിജിത്തയുടെ ഭാവപ്പകര്‍ച്ചയിലൂടെ സംവേദ്യമാകുന്നു.ബ്രുട്ട് സ്പ്രേ , കാലന്‍ കുട ,ഇപ്പോഴും അരയില്‍ സൂക്ഷിക്കുന്ന താക്കോല്‍ക്കൂട്ടം , ഹീറോ പേന എന്നിവക്കൊക്കെ ഒരു പ്രത്യേക സ്ഥാനം ഉണ്ട് കഥയില്‍.ലൂസി , അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ഓരോ പെണ്ണിന്റെയും ചിന്തകളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ്.മുരിങ്ങയും കോവലുവള്ളികളും അവളുടെ സ്വപ്നങ്ങളില്‍ ഇഴകള്‍ നെയ്യുന്നു. ആട്ടിന്‍കുട്ടികളും കോഴികളും താറാക്കളും ഒക്കെ അവളുടെ ചിന്തകളില്‍ താളം കൊട്ടുന്നു.
സേതുവിനോടു മനസ്സില്‍ തോന്നുന്നൊരടുപ്പം ആരും കാണാതെ അവള്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും ‘ചെറോണ’ , അലക്കിയ തുണിക്കെട്ടുകള്‍ കൈമാറുന്നതിനിടയില്‍ അതൊക്കെ കണ്ടെത്തുന്നുണ്ട്. എന്നാലും ആരുമില്ലാത്ത ലൂസിയോട് ചെറോണയ്ക്ക് മകളോടുള്ള വാത്സല്യമാണ്.ചാണകം മണക്കുന്നതിന്‍റെ പേരില്‍ ലൂസിയെ പിന്നിലെ ബഞ്ചിലേയ്ക്ക് മാറ്റുമ്പോള്‍ കേള്‍ക്കുന്നത് അധ്വാനിക്കുന്നവന് നേരെ സമത്വവും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നവന്‍റെ തേങ്ങലുകള്‍ ആണ്.
ലൂസിയുടെ വളര്‍ച്ച യൗവ്വനത്തിലേയ്ക്കും ബ്രിജിത്ത , മരണത്തിലേയ്ക്കുമാണ് പോകുന്നത് . സ്ത്രൈണതയുടെ എല്ലാ ഘട്ടങ്ങളും ഈ രണ്ടുപേരിലൂടെ കഥാകാരി പറയുന്നു. ‘സെലീന’യും ‘സുന്ദരി’യും ജീവിതത്തിന്‍റെ രണ്ടു കരകള്‍ . മറ്റുള്ളവരെ ഉപദേശിക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കാം എന്ന് ശക്തമായി പരാമര്‍ശിക്കുന്നൊരു ഭാഗം എനിക്ക് നന്നേ ഇഷ്ട പ്പെട്ടു. ” ലൂസിയ്ക്ക് പ്രായം തികഞ്ഞ ദിവസം .ബ്രിജിത്ത വി. മരിയാ ഗോരേത്തി യുടെ ജീവിതകഥാപുസ്തകം എടുത്തു കൈയില്‍ കൊടുത്തു. ‘കാമുകന്‍റെ തുടര്‍ച്ചയായ അപേക്ഷകളെ നിരസിച്ചു ചാരിത്ര്യം സംരക്ഷിച്ചു, എന്നിട്ടും അവന്‍ മാതാപിതാക്കളില്ലാത്ത സമയം നോക്കി മരിയ ഗോരേത്തി യുടെ അടുക്കല്‍ വന്നു ചാരിത്ര്യം കവര്‍ന്നെടുക്കാന്‍ നോക്കി. അവസാനം വരെ ചെറുത്തു നിന്ന മരിയയെ അവന്‍ കത്തിയെടുത്തു പതിനാലു തവണ കുത്തി.സ്വന്തം ചാരിത്ര്യം സംരക്ഷിച്ചു കൊണ്ടു അവള്‍ പിടഞ്ഞുവീണ് മരിച്ചു.’ ആദ്യത്തെ നാലുവാചകം കഴിഞ്ഞപ്പോള്‍ തന്നെ ലൂസി കാമുകന്‍റെ പക്ഷം ചേര്‍ന്ന് വായിക്കാന്‍ തുടങ്ങി.തനിക്കൊരു കാമുകന്‍ ഉണ്ടാവുകയാണെങ്കില്‍ അവന്റെ അപേക്ഷകളെ നിരസിക്കില്ലെന്ന് ലൂസി മനസ്സില്‍ ദൃഢമായി ഉറപ്പിച്ചിരുന്നു.
ലൂസി , സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവള്‍, അതിനാല്‍ മുന്‍ധാരണകള്‍ ഇല്ലാതെ കാര്യങ്ങളെ കാണാനും സമീപിക്കാനും ശ്രമിക്കുന്നു. അവളുടെ ചില ഒളിഞ്ഞു നോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ ‘കോവല്‍വള്ളിക്കിരീട’വും മുരിങ്ങയുടെ മറവും
കോണിപ്പടികളും വള്ളികളും മറ്റും നിറഞ്ഞ വേലിപ്പടര്‍പ്പും.
അതേ, ഇപ്പോഴും ലൂസി അവിടെ എവിടെയൊക്കെയോ……….
Post Your Comments