ആധുനികോത്തര രചനാ ലോകത്ത് ഭ്രമാത്മകതയുടെയും ഫിക്ഷന്റെയും ലോകം തുറന്നു വിട്ട എഴുത്തുകാരില്‍ വ്യത്യസ്തനാണ് കൊച്ചുബാവ. ലളിതമായ രചനക്ക് ഹൃദയത്തിന്റെ ഭാഷയാണ് ഏറ്റവും മികച്ചതെന്ന് എഴുത്തിലൂടെ തെളിയിച്ച ഈ കഥാകാരന്‍ അകാലത്തില്‍ പൊലിഞ്ഞു പോയി. കൊച്ചുബാവ സ്മരണ ദിനം ആണ് നവംബര്‍ 25. ജീവിതത്തെ പച്ചയോടെ അവതരിപ്പിച്ച ഈ എഴുത്തുകാരന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിച്ചു.
ജീവിതത്തില്‍ വൃദ്ധനാവാന്‍ കാത്തു നില്‍ക്കാതെ വൃദ്ധസദനം എഴുതി കടന്നു പോയ ഈ കഥാകാരന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെയും സമൂഹത്തെയും ഒരു പരിഹാസ ചിരിയോടെ വീക്ഷിക്കുന്നത് അദ്ദേഹത്തിന്‍റെ കൃതികളില്‍ കാണാം. അതുകൊണ്ടാണ് 90കള്‍ക്ക് ശേഷം ശക്തമായ വൃദ്ധസദനം തന്റെ നോവലിന് അദ്ദേഹം പ്രമേയമാക്കിയത്. ആരും നോക്കാന്‍ ഇല്ലാതെ സദനങ്ങളില്‍ തീര്‍ക്കേണ്ടി വരുന്ന ജീവിതങ്ങളെ അദ്ദേഹം അതില്‍ അവതരിപ്പിക്കുന്നു.
”കാല്‍നൂറ്റാണ്ടുകാലത്തെ കേരളീയ ജീവിതം നമ്മളിലേല്‍പ്പിച്ച മുറിപ്പാടുകളും വര്‍ത്തമാനത്തോടുള്ള നമ്മുടെ ഹതാശമായ ഏറ്റുമുട്ടലുകളും കീഴടങ്ങലും നമ്മുടെ നോവും ദുരിതവും ആര്‍ത്തിയും ആസക്തിയും കാപട്യങ്ങളും പകയും പോരും കുതികാല്‍വെട്ടും വിജയാഘോഷങ്ങളുമെല്ലാം മറ്റൊരു വിനീതമായ ചരിത്രകാരനായി അകന്നുനിന്നുകൊണ്ട് കൊച്ചുബാവ വരച്ചുവെക്കുന്നു”വെന്ന് നിരൂപകനായ എന്‍ ശ്രീധരന്‍ കൊച്ചുബാവയുടെ എഴുത്തിനെ നിരീക്ഷിക്കുന്നുണ്ട്.
1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് ടി വി കൊച്ചുബാവ ജനിച്ചത്. എഴുത്തില്‍ തന്റെ രീതികളെ ശക്തമായി അവതരിപ്പിച്ച അദ്ദേഹം 44 വര്‍ഷം നീണ്ട ജീവിതത്തില്‍ പ്രസിദ്ധപ്പെടുത്തിയ 23 കൃതികളില്‍ നോവലുകളും കഥാസമാഹാരങ്ങളും വിവര്‍ത്തനങ്ങളും എല്ലാമുണ്ട്. വൃദ്ധസസദനത്തിന് ചെറുകാട് അവാര്‍ഡും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അങ്കണം അവാര്‍ഡ്, പ്രഥമ എസ്ബിടി അവാര്‍ഡ്, തോപ്പില്‍ രവി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു. ഒന്നങ്ങനെ ഒന്നിങ്ങനെ, വീടിപ്പോള്‍ നിശ്ശബ്ദമാണ്, ഭൂമിശാസ്ത്രം, പ്രച്ഛന്നം, അവതാരിക ഭൂപടങ്ങള്‍ക്ക്, വില്ലന്മാര്‍ സംസാരിക്കുമ്പോള്‍, പ്രാര്‍ഥനകളോടെ നില്‍ക്കുന്നു. കഥയും ജീവിതവും ഒന്നായിരുന്നതിനെപ്പറ്റി, വൃദ്ധസദനം, പെരുങ്കളിയാട്ടം, വിരുന്നുമേശയിലേക്ക് നിലവിളികളോടെ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1999 നവംബര്‍ 25നാണ് കൊച്ചുബാവ അന്തരിച്ചു
Post Your Comments