ആളോഹരി ആകുന്ന ആനന്ദം ആര്‍ക്കെല്ലാം കിട്ടുന്നു?
ഭയപ്പെടുന്നവരുടെയും കീഴടങ്ങുന്നവരുടെയും അല്ലാത്ത മധുരമായ മറ്റൊരു കൂട്ടായ്മ സാധ്യമാണ്.……………………ആളോഹരി ആനന്ദം
സാറാജോസഫിന്‍റെ ആളോഹരി ആനന്ദം സാമൂഹ്യ വ്യവസ്ഥയെ പഠിക്കുകയും പൊളിക്കുകയും കൂടുതല്‍ മികച്ച വ്യവസ്ഥ മനുഷ്യന് സാധ്യമാണ് എന്ന് കാണിക്കുകയും ചെയ്യുന്ന കൃതിയാണ്. വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനിന്നുരുന്നു പോകുന്ന കുടുംബ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്ന ഈ നോവല്‍ സ്ത്രീ പുരുഷ ബന്ധത്തിനുമപ്പുറത്തു ബന്ധങ്ങള്‍ സാധ്യമാണെന്നും അത് മനസിലാകാതെ പോകുന്നത് സമൂഹത്തിന്‍റെ കപട സദാചാര കാഴ്ചകളുടെ ഫലമാണെന്നും തുറന്നു പറയുന്നു.
ആനന്ദം ഓരോ വ്യക്തിക്കും ഉണ്ട്. അതിനാല്‍ തന്നെ അത് വ്യക്തി അധിഷ്ടിതമെന്നു പറയാം എന്നാല്‍ ഇന്ന് മനുഷ്യന് ആനന്ദം സാധ്യമല്ലേ എന്ന ചോദ്യം പുതിയ തലമുറ ഉന്നയിക്കുന്നുണ്ട്. ആനന്ദം ഉണ്ടെന്നും അത് മനുഷ്യര്‍ക്ക് വെളിച്ചവും സുഗന്ധവും നിറവും നല്‍കും എന്നും ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായെങ്കിലും അത് സാധ്യമാണെന്ന് ആരും വിശ്വസിക്കുന്നില്ല. ആനന്ദത്തില്‍നിന്ന് തന്നെയാണ് തത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും ഉണ്ടായത്.
എന്തിനേറെ പറയുന്നു ആനന്ദത്തിന് വേണ്ടിയാണ് മനുഷ്യര്‍ സന്യസിച്ചതും യുദ്ധം ചെയ്തതും. ആനന്ദം തേടിയാണ് ജനപദങ്ങളും രാജ്യങ്ങളും വലുതായതും ചുരുങ്ങിയതും. മഹാന്മാരും മനുഷ്യരും എല്ലാം ഒന്ന് പോലെ ആനന്ദത്തെ തേടി. ആനന്ദത്തെ ആസ്പദമാക്കിയാണ് ഇതുവരെയുള്ള മനുഷ്യചരിത്രം വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്നും പറയാം
സാറാ ജോസഫ് തന്‍റെ നോവലില്‍ പോള്‍- തെര്സ ദമ്പതിമാരുടെ ജീവിതത്തിലൂടെ ഒരാളുടെ ഇഷ്ടങ്ങള്‍ ഹനിക്കപെടുന്നതെങ്ങനെ എന്നു
കാണിച്ചു തരുന്നു. തെരേസ ഒരു ലെസ്ബിയന്‍ ആണ്. എന്നാല്‍ ക്രിസ്തുമത വിശ്വാസികളായ അവളുടെ കുടുംബം അവളെ പോളുമായി നിര്‍ബന്ധിത വിവാഹം നടത്തുന്നു. കോളേജ് അധ്യാപികയും റിസര്‍ച്ച് ഗൈഡുമായ തെരേസ രേഷ്മ എന്ന തന്‍റെ റിസര്‍ച്ച് സ്റ്റുഡന്‍റ്റുമായി പ്രണയത്തില്‍ ആകുകയും പോളിന് പകരം അവളുടെ കൂടെ താമസിക്കുകയും ചെയ്യുന്നു. ഭാര്യയുടെ സ്വവര്‍ഗ്ഗ താത്പര്യം മനസിലാക്കിയ പോള്‍ തെരേസയെ സ്വതം ഇഷ്ട്ടത്തിനു ജീവിക്കാന്‍ അനുവദിക്കുന്നു. അതിന്റെ പേരില്‍ പള്ളിയിലും സഭയിലും വിലക്കേര്‍പ്പെടുന്ന പോളിലൂടെ സമൂഹം സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ മാത്രമല്ല ആ ഭാന്ധങ്ങളെ പിന്തുണയ്ക്കുന്നവരയൂം അങ്ങീകരിക്കില്ല എന്ന് കാണിക്കുന്നു.
മണ്ണില്‍ വംശാവലിയുടെ ചരിത്രം എഴുതുന്ന എമ്മയും കുടുംബവും സഭയും ലെസ്ബിയന്‍ പ്രണയത്തെ തള്ളികളയുന്നു.
മണ്ണില്‍കുടുംബം ഒരു മാമരംപോലെ തഴച്ചുവളര്‍ന്ന പള്ളിയും പട്ടക്കാരനും അന്തസ്സും ആഭിജാത്യവും ഉള്ള ക്രിസ്തീയ തറവാടാണ്. ‘മണ്ണില്‍’ എന്ന പേര് ഉണ്ടെങ്കിലും മണ്ണിന്‍െറ രീതിയില്‍നിന്ന് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്ന ആ വലിയ കുടുംബത്തിലെ ചിലരുടെ ജീവിത ചിത്രങ്ങളിലൂടെയാണ് കുടുംബം, ദാമ്പത്യം എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങള്‍ നടക്കുന്നത്.
സ്ത്രീക്ക് സ്ത്രീയോടുള്ള പ്രണയം സ്ത്രീകളുടെ വിവാഹം എന്നിവ പല രാജ്യങ്ങളിലും നിയമവിധേയമാണ്. ഇന്ത്യയില്‍ അത് നിയമവിധേയം ആക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളുടെയെല്ലാം അടിയിലെ സ്വതന്ത്രമായി മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കാതെ ആനന്ദത്തോടെ ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? ആനന്ദമുള്ള കുടുംബങ്ങള്‍ ഒരില്ലായ്മയാണ് എന്ന് വരരുത് എന്ന കേന്ദ്ര ബിന്ദുവാണ് ഈ നോവലില്‍ പ്രകാശിക്കുന്നത്.
ലെസ്ബിയന്‍ പ്രണയത്തിന്‍െറയോ ബന്ധത്തിന്‍െറയോ ശരിയെയും നീതിയെയും പറ്റി മാത്രമുള്ള പുസ്തകമല്ല ആളോഹരി ആനന്ദം. നീതിപൂര്‍വകമായ ഹിസംയില്ലാത്ത ആനന്ദം മനുഷ്യര്‍ക്ക് അസാധ്യമല്ല എന്നാണ് ഈ പുസ്തകം പറയുന്നത്.
വിവാഹത്തെ ഭയക്കുന്നുന്ന, കുടുംബജീവിതത്തെ അകറ്റുന്ന, സ്നേഹം ശൂന്യതയാണ് – മിഥ്യയും എന്ന് സ്വന്തം കുടുംബത്തിലും ചുറ്റിലും കാണുമ്പോള്‍ പിന്നാക്കമോടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിക്കൂടി വരുന്ന ഇക്കാലത്ത് സാറാ ജോസഫിന്‍െറ ആളോഹരി ആനന്ദം ജീവിക്കാനും സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന ഒരു ക്ളാസിക് ഗ്രന്ഥമായി മാറുന്നു. പറുദീസ, ഗെദ്സെമന്‍ തോട്ടം, മനുഷ്യപ്പറ്റുള്ള പ്രാര്‍ഥനകള്‍, ആഡംബരാഗാരങ്ങളായ പള്ളികളും മനസ്സിനെ പ്രാര്‍ഥനാലയങ്ങളാക്കുന്ന പള്ളികളും… പ്രത്യക്ഷവും പരോക്ഷവുമായ ബൈബിള്‍ ഇതിലുണ്ട്. ശരിയായ ക്രൈസ്തവ, പൗരോഹിത്യം, ആരാധനാലയം എന്നിവയെക്കുറിച്ചും ഇവ അധികാരത്തിന്‍െറ കേന്ദ്രവും ബൃഹദ് രൂപങ്ങളുമായ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഈ നോവലില്‍ പറയുന്നു. എത്രത്തോളം സത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ് പള്ളിയും കുടുംബ മഹിമകളും എന്ന് നമുക്ക് കാണിച്ചു തരുകയാണ് സാറാ ജോസഫ്.
Post Your Comments