ജീവിതത്തോട് പട വെട്ടി ജയിക്കുന്ന പോരാളികള്‍ എത്ര പേരുണ്ട്? എല്ലാവിധ അനുകൂല സാഹചര്യങ്ങളിലും സ്വയം പഴിച്ച് ജീവിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തില്‍ ഏറെയും. എക്കാലത്തും സമൂഹത്തിനു ഏറ്റവും നല്ല മാതൃകയാണ് ഹെല്ലെന്‍കെല്ലെര്‍ എന്ന എഴുത്തുകാരി. 1880 ജൂണ്‍ 27ന് അമേരിക്കയിലെ അലബാമയിലാണ് ഹെലെന്‍ ജനിച്ചത്. ഒരു വയസ്സും ഏഴ് മാസവും പ്രായമായപ്പോള്‍ ബ്രയിന്‍ ഫീവര്‍ ബാധിച്ച് ഹെലെനു കാഴ്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടമായി. കാഴ്ചയും കേള്‍വിയുമില്ലാതിരുന്നിട്ടും ലോകം കണ്ട ഏറ്റവും മികച്ച സാഹിത്യകാരിയായി ഹെലെന്‍ മാറി.
ടീച്ചര്‍ ആന്‍ സുല്ലിവന്‍ ആണ് ഹെലെന് അറിവിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തത്. ഹെലെനു ഏഴ് വയസ്സുണ്ടായിരുന്നപ്പോഴാണ് ഇരുപത്തൊന്നുകാരിയായ ആന്‍ ഹെലെന്റെ ടീച്ചറായെത്തുന്നത്. ആ അധ്യാപക-വിദ്യാര്‍ത്ഥിനി ബന്ധം അവിടുന്നങ്ങോട്ട് 49 വര്ഷം നീണ്ടുനിന്നു. ഇതിനിടയില്‍ ടീച്ചറുടെ ചുണ്ടിലെയും തൊണ്ടയിലെയും ചലനങ്ങൾ തൊട്ടറിഞ്ഞ് ഹെലെന്‍ സംസാരിക്കാൻ പഠിച്ചു. ആനിന്റെ സഹായത്തോടെ എഴുത്തും വായനയും പഠിച്ചു. 24–ാം വയസ്സിൽ സർവകലാശാലാബിരുദം നേടിയ ഹെലെന്‍
പിന്നീട് അസാമാന്യ പ്രയത്നം കൊണ്ട് മികച്ച സാഹിത്യകാരിയായി, പ്രഭാഷകയായി, സാമൂഹ്യ പ്രവര്ത്തകയായി. ദരിദ്രരുടെയും വൈകല്യമുള്ളവരുടെയും വനിതകളുടെയും അവകാശങ്ങൾ നേടിയെടുക്കാനായി ഹെലെന്‍ നിരന്തരം പൊരുതി. തന്റെ ജീവിതം നല്‍കിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്ന് സാഹിത്യലോകത്തിനു നിരവധി സംഭാവനകള്‍ നല്‍കി. ദി സോങ്ങ് ഓഫ് ദി സ്ടോണ്‍വാള്‍, ഔട്ട് ഓഫ് ഡാര്‍ക്ക്, ലൈറ്റ് ഇന്‍ മൈ ഡാര്‍ക്നെസ്സ് എന്നിവ ഉദാഹരണങ്ങള്‍. തനിക്ക് അറിവിന്റെ വെളിച്ചം തുറന്നു തന്ന ടീച്ചറിനെക്കുറിച്ച് എഴുതാനും ഹെലെന്‍ മറന്നിരുന്നില്ല. ടീച്ചര്‍ ആന്‍ സുല്ലിവന്‍ എന്ന പുസ്തകവും ഹെലെന്‍ എഴുതി.‘ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന പേരില്‍ ആത്മകഥ രചിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്നാണ് ‘ദി സ്റ്റോറി ഓഫ് മൈ ലൈഫ്’. ജീവിതത്തിനു ലക്ഷ്യവും ധൈര്യവും പകരുന്ന പുസ്തകമാണ് ഹെലെന്റെ ആത്മകഥ. ദി സ്റ്റോറി ഓഫ് മൈ ലൈഫ് പകര്‍ന്നു തരുന്ന വിജയം നേടാനുള്ള പ്രചോദനം അത്രത്തോളം ആഴത്തിലുള്ളതാണ്.
സ്വന്തം പോരായ്മകളെക്കുറിച്ചോര്ത്ത് വിലപിക്കാതെ ആത്മവിശ്വാസത്തിൽ മുറുകെപ്പിടിച്ച് അഗാധ പരിശ്രമംവഴി മഹാവിജയം നേടിയെടുക്കാന്‍ ഹെലെനു കഴിഞ്ഞു. എല്ലാ അനുകൂല സാഹചര്യങ്ങളിലും
പ്രതികൂലമായ ഒന്ന്നിനെ കണ്ടെത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ് ഹെലെന്റെ ജീവിതം. സാഹചര്യങ്ങളെ കഠിനാധ്വാനം കൊണ്ട് മാത്രം വരുതിയിലാക്കി വിജയം നേടാന്‍ ഹെലെനു കഴിഞ്ഞു. 1968 ജൂണ്‍ ഒന്നിന് ഹെലെന്‍ ഏ ലോകത്തോട് വിട ചൊല്ലി. ‘നേട്ടങ്ങളിലേക്കു നയിക്കുന്ന വിശ്വാസമാണ് ശുഭപ്രതീക്ഷ’ എന്ന സ്വന്തം വാക്കുകൾ ഹെലൻ കെല്ലർ ജീവിച്ചുതെളിയിച്ചു.
Post Your Comments