കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് അനശ്വരത്വം സൃഷ്ടിച്ച അമൂല്യ പ്രതിഭയാണ് അപ്പന്‍ തമ്പുരാന്‍. സാഹിത്യ സൂര്യന്റെ സ്മരണയ്ക്ക് ഇന്ന് 75 വര്‍ഷങ്ങള്‍. 1941 നവംബര്‍ 19നായിരുന്നു ഈ അമൂല്യ പ്രതിഭയുടെ അസ്തമയം. നാല് വര്ഷം കൂടി ജീവിച്ചിരുന്നെങ്കില്‍ കൊച്ചി സാമ്രാജ്യത്തിന്റെ തമ്പുരാന്‍ ആകാമായിരുന്നു അപ്പന്‍ തമ്പുരാന്.
മലയാളത്തിലെ ആദ്യത്തെ ഡിക്ടറ്റീവ് നോവലിന്റെ കര്‍ത്താവ്, മലയാളക്കരയിലെ ആദ്യ സിനിമാശ്രമത്തിന്റെ അമരക്കാരന്‍, ശില്പി, ചിത്രകാരന്‍, പത്രാധിപര്‍, നിരവധി പുസ്തകങ്ങളുടെ രചയിതാവ്, ഭൂപട നിര്‍മ്മാതാവ്, ഗവേഷകന്‍, ചരിത്രകാരന്‍,കൂടാതെ നാടക-നൃത്ത- സംഗീത മേഖലകളിലും വൈദഗ്ധ്യം പുലര്‍ത്തിയിരുന്നു അപ്പന്‍ തമ്പുരാന്‍. അടുത്ത കിരീടാവകാശിയായി ജീവിക്കുമ്പോഴും നന്മയുടെയും സ്നേഹത്തിന്റെയും പ്രതിബിംബമായിരുന്നു അപ്പന്‍ തമ്പുരാന്‍. രാജാക്കന്മാര്‍ക്കിടയിലെ എഴുത്തുകാരനും എഴുത്തുകാര്‍ക്കിടയിലെ രാജാവുമാണ് അദ്ദേഹമെന്നു പറയാം.
അദ്ദേഹം ബാക്കി വെച്ചതെല്ലാം ഇന്നും അയ്യന്തോളിലെ അപ്പന്‍ തമ്പുരാന്‍ സ്മാരകത്തിലുണ്ട്. അദ്ദേഹത്തിന്റെ രാജകീയ വസ്ത്രം, കസേര, ഡയറികള്‍, എഴുത്തുപകരണങ്ങള്‍, ഭൂതരായര്‍ നോവല്‍ സിനിമയാക്കുന്നതിനായി തയ്യാറാക്കിയ സ്‌കെച്ചുകള്‍ തുടങ്ങിയവ സ്മാരകത്തിലെ പ്രാധാന്യം നിറഞ്ഞവയാണ്. കൊട്ടാരത്തിന്റെ ഇരുവശങ്ങളിലും ഉള്ള ശില്‍പങ്ങളുടെ കലാകാരനും അപ്പന്‍ തമ്പുരാന്‍ തന്നെ. ഇന്ത്യയില്‍ സിനിമാ സംരഭങ്ങള്‍ തുടങ്ങുന്ന സമയത്ത് കേരള സിനിടോണ്‍ എന്ന പേരില്‍ ഒരു സിനിമാ കമ്പനി രൂപീകരിച്ചിരുന്നു. ഈ സംരംഭം പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങളാല്‍ മുടങ്ങുകയായിരുന്നു. സിനിമയ്ക്കായി വരച്ച സ്‌കെച്ചുകള്‍ സ്മാരകത്തില്‍ ഇന്നും മിഴിവോടെ നില്‍ക്കുന്നു.
അപ്പന്‍തമ്പുരാന്‍സ്മാരകത്തിന്റെ നോക്കെത്തുന്ന ദൂരത്തു തന്നെയാണ് അപ്പന്‍തമ്പുരാന്‍ അന്ത്യവിശ്രമം കൊള്ളുന്നസ്ഥലവും.
Post Your Comments